Begin typing your search above and press return to search.
proflie-avatar
Login

ഇരുളും വെളിച്ചവും ഒളിച്ചു വെച്ചൊരാൽബം

malayalam poem
cancel

കള്ളിൻ കുടമുള്ളിൽ

തികച്ചുള്ളം

തെറിച്ചുവരുമെന്നുമച്ഛൻ.

വെള്ളത്തിലൊന്നാത്തനുമുക്കി

വെള്ളത്തോർത്തി-

ലൊപ്പിയെടുത്തുമ്മറ,

ക്കട്ടിലിലുറക്കെ

കൂർക്കമിട്ടുറങ്ങിപ്പുലരും

മുമ്പേ പോകും.

അനുദിനം മുടങ്ങാതെ

തുടരുന്നതാണച്ഛനു,

യാത്രകൾ, വർഷങ്ങൾ.

ഒപ്പമൊന്നിരുന്നാ,മടിത്തട്ടി-

ലൊന്നുകിടന്നാച്ചെവി,

യിലൊന്നു പറയാൻ

കൊതിച്ചിരുന്നു.

കണ്ണുവറ്റിയതല്ലാതൊട്ടും

പറയാൻ കിട്ടിയതേയില്ല.

ഒട്ടു മുതിർന്നപ്പോളാ,

ത്തോളിലൊട്ടിനിന്നൊരു

മോഹചിത്രമെടുക്കാൻ

കൊതിച്ചു കാത്തു

കാത്തു നടന്നു.

വന്നതോ,

പായിൽ ചുരുട്ടിക്കെട്ടിയ

തണുത്തുറഞ്ഞ,

നെടുനീളനുറക്കം മാത്രം.

ട്രങ്കുപെട്ടി തപ്പിയപ്പോ,

കിട്ടിയൊരുമങ്ങിയ,

ബ്ലായ്ക്കാൻഡ് വൈറ്റുചിത്രം.

കിട്ടിയമാത്രയിൽത്തന്നെ

യെടുത്തുമ്മവച്ചു,

നെഞ്ചോടു ചേർത്തുപിടിച്ചു.

മയിൽപ്പീലിപോൽ

പെറ്റുപെരുകുമച്ഛന്റെ,

ബഹുഭാവവർണച്ചിത്രങ്ങൾ

തിരശ്ശീലച്ചിത്രങ്ങളായി,

സ്വപ്നങ്ങളിൽ

പെരുങ്കളിയാട്ടമാടി,

ക്കൊഴിഞ്ഞുവീണു.


Show More expand_more
News Summary - malayalam poem