വെള്ളക്കടലാസ്

നിങ്ങളുടെ ആകാശത്തുനിന്നും സൂര്യനെയോ
ചന്ദ്രനെയോ
ഞാനാവശ്യപ്പെടുന്നില്ല.
നിങ്ങളുടെ നീണ്ടുകിടക്കുന്ന പാടങ്ങളോ
പറമ്പോ ഞാൻ ചോദിക്കുന്നില്ല
നിങ്ങളുടെ മണിമാളികകളോ
കൊട്ടാരമോ എനിക്ക് വേണ്ട.
ഞാൻ നിങ്ങളുടെ ദൈവങ്ങളെയോ
ആചാരങ്ങളെയോ ജാതിയെയോ
എന്തിനേറെ നിങ്ങളുടെ അമ്മ, സഹോദരങ്ങൾ,
പുത്രിമാർ, ആരെയുമേ ആവശ്യപ്പെടുന്നില്ല.
ഞാൻ ആവശ്യപ്പെടുന്നതൊന്നു മാത്രം.
മനുഷ്യനെന്നുള്ള എന്റെ അവകാശം മാത്രം.
എന്റെ ഓരോ നിശ്വാസവും
നിങ്ങളുടെ വിശ്വാസ സങ്കൽപങ്ങളിൽ
വന്യമായൊരു വിറയലുണ്ടാക്കുന്നുണ്ടോ?
നിങ്ങളുടെ സ്വർഗ നഗരങ്ങൾ
ഭയത്താൽ മലീമസമാകുന്നുണ്ടോ?
നിങ്ങളൊന്നായ് കൈകോർത്ത്
ഞങ്ങളുടെ കുടിയിടങ്ങളെ നശിപ്പിച്ചാലും
കൊള്ളയടിച്ചും കത്തിച്ചും
ഞങ്ങളുടെ കുഞ്ഞു സാമ്രാജ്യങ്ങളെ
തകർത്താലും
എന്റെ കൂട്ടുകാരേ,
കിഴക്കു നട്ടുവച്ച സൂര്യനെപ്പോലുള്ള
എന്റെ വാക്കുകളെ നിങ്ങൾക്കെങ്ങനെ
കീറി മുറിക്കാനാകും?
ഭീകരമായ ജാതിവഴക്കുകൾ
ഗ്രാമഗ്രാമാന്തരങ്ങളിൽനിന്ന് നഗരികളിലേക്കും
മനുഷ്യനിൽനിന്ന് മനുഷ്യരിലേക്കും
പടർന്നുകൊണ്ടേയിരിക്കുന്നു.
എന്റെ അവകാശങ്ങൾക്ക്
നിങ്ങൾ പൂട്ടിട്ടു.
എന്നെ ജാതി ഭ്രഷ്ടനാക്കി,
എന്റെ നടവഴികൾ
എന്നേക്കുമായി കെട്ടിയടച്ചു.
ഞാൻ നിരാലംബനായി.
നിങ്ങൾ എന്റെ അവകാശങ്ങൾ തിരികെ തരൂ.
ഇനിയുമീ കലുഷിതാവസ്ഥ
കണ്ടില്ലെന്ന് നടിക്കാൻ നിങ്ങൾക്കാവുമോ?
നിങ്ങളുടെ നിയമമില്ലാ നിയമങ്ങൾ
നഗരവണ്ടി കത്തുംപോലെ ആളിപ്പടരുന്നു.
പുരാലിഖിതങ്ങളെ ഞങ്ങൾ പിഴുതെറിഞ്ഞിട്ടും
തീവണ്ടിപ്പാതപോലെ ഉറച്ചുപോകുന്നു.
എങ്കിലും കൂട്ടുകാരേ,
എന്റെ അവകാശങ്ങൾ
സൂര്യനെപ്പോലെ ഉയിർത്തെഴുന്നേൽക്കും.
ആ സൂര്യോദയത്തെ തടുക്കാൻ
നിങ്ങൾക്കാവുമോ?
മൊഴിമാറ്റം: മിനി അനാമിക
