ചിദംബരം

വെളുത്ത തണുപ്പ്
പടർന്ന തെരുവിൽ
ഒരു ചന്ദനമരത്തിന് കീഴെ
ഇറങ്ങിനിൽക്കുന്നു
അതീവ പുലരിയിൽ.
ഒന്നും ചലിക്കുന്നില്ല
മരങ്ങൾ
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ
തെരുവിലുറങ്ങുന്ന മനുഷ്യർ
ഭക്ഷണശാലകളിലെ പുകക്കുഴലുകൾ
അമ്പലങ്ങളിലെ കോളാമ്പികൾ
ആകാശത്തിലെ മേഘങ്ങൾ
എല്ലാം നിശ്ചലം
രണ്ടറ്റവും മഞ്ഞിൽ മറയുന്ന
പാതയുടെ ദുരൂഹത
ശ്വസിക്കുന്ന മുഴക്കം മാത്രം.
പതിയെ ഒരു കാറ്റ് വീശുന്നു
തലയ്ക്ക് മീതെ ഒരില വീഴുന്നു
മേലേയ്ക്ക് നോക്കുമ്പോൾ
മേഘത്തിന്റെ ഒരു തുണ്ട് ഒഴുകുന്നു
വൈദ്യുതകമ്പിയിലൂടെ ഒരണ്ണാൻ
പാതക്കപ്പുറത്തേക്ക് നടക്കുന്നു
മറുപുറത്തുള്ള ഒരാവി മരത്തിന്റെ
ചില്ലയിൽ വാലാട്ടി ചലിക്കുന്നു
ബദാം മരത്തിന്റെ തുഞ്ചത്തിരുന്ന
ഒരു കിളി ചിറക് കുടയുന്നു
അതിന്റെ ചിറകിൽനിന്നെന്നപോലെ
അനേകം കിളികൾ
ഉയർന്നു പൊങ്ങുന്നു
പച്ചനിറം പൂശിയ കെട്ടിടത്തിന്റെ
ടെറസ്സിൽ ഒരു തക്കാളി തലയാട്ടുന്നു
അതിനുമപ്പുറം
ഒരരളിമരം നിറയെ പൂക്കൾ വിടരുന്നു
ഇടത് വശത്തൊരു മതിൽക്കെട്ടിനുള്ളിൽ
ഒരു നാരകം പൂത്ത് മണക്കുന്നു
പാതയുടെ കിഴക്കേയറ്റത്ത് നിന്നും
നായ്ക്കളുടെ സംഘം
തിരമാല പോലെ വരുന്നു
ഉണർന്നെണീറ്റ നെടുമ്പാതയിലൂടെ
മോപ്പഡുകൾ ഓടിച്ചുകൊണ്ട്
മനുഷ്യർ പ്രവേശിക്കുന്നു
അരണമരത്തിൽനിന്നും കാറ്റ്
അടുത്തടുത്ത മരങ്ങളുടെ ചില്ലയിലേക്ക്
അണ്ണാനെപ്പോലെ എടുത്തുചാടുന്നു
ഒരൊറ്റ നോട്ടത്തിൽ ലോകം
ഒരൂഞ്ഞാലിലെന്നപോലെ ആടിത്തുടങ്ങുന്നു
ഉറഞ്ഞുപോയ ആത്മാവ്
വിഷാദത്തിന്റെ മഞ്ഞു കുടഞ്ഞ്
കാണാദേശത്തിലേക്ക് നാമ്പു നീട്ടുന്നു.
ഒരു പക്ഷിച്ചിറകിന്റെ നൃത്തം
തടാകത്തിലോളം വിടർത്തുന്നപോലെ
ജീവനേ നിന്നിലേക്കിതായെന്ന്
ചിദാകാശത്തിൽ
ഒരു പ്രകാശനാളം പൊടിക്കുന്നു.
ഓരോ നിമിഷവും പ്രപഞ്ചമിങ്ങനെ
ആന്തരികതയിലൊഴുകവെ
നാം മാത്രമെന്തിങ്ങനെ നിശ്ചലം
എന്ന് പതിയെ
കാലുകൾ ഭൂമിയിൽനിന്നുയരുന്നു.
-----------
*ചിദംബരത്ത് ഒരു പുലർച്ചെ തെരുവിൽനിന്നപ്പോഴുള്ള തോന്നൽ
