Begin typing your search above and press return to search.
proflie-avatar
Login

പല അടരുകളിലെ ആശാൻ

പല അടരുകളിലെ ആശാൻ
cancel

ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ‘ആശാൻ’ എന്ന സിനിമ കാണുന്നു. ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ‘ആശാൻ’ എന്ന സിനിമ പല അടരുകൾ സമ്മാനിക്കുന്ന സിനിമയാണ്. ‘ആശാൻ’ സിനിമയുടെ റിലീസിനുമുമ്പ് ഏറെ പരിചിതമായ ‘‘കുഞ്ഞിക്കവിൾ മേഘമേ’’ എന്ന ഗാനം സിനിമയിൽ എവിടെയാണ് ഉറപ്പിച്ചിരിക്കുന്നത് എന്ന പരതൽ സിനിമ കാണുന്നതിനിടയിൽ പലയിടത്തുമുണ്ടായി. ‘ഗപ്പി’യിലെ ഒറ്റപ്പെട്ടുപോകുന്ന പയ്യനിലും അമ്പിളിയെപ്പോലെ ഒരു യുവാവും അതുപോലെ ആശാൻ ഏതുരൂപത്തിലാണ് സാന്നിധ്യമാകുന്നതെന്ന് കണ്ടെടുക്കുവാനായിരുന്നു പ്രേക്ഷകൻ എന്നനിലയിൽ ആദ്യ ശ്രമം. സിനിമ എന്ന ഒന്നാം രൂപവും സിനിമ നിർമിക്കുന്ന സിനിമ എന്ന രണ്ടാം...

Your Subscription Supports Independent Journalism

View Plans
ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ‘ആശാൻ’ എന്ന സിനിമ കാണുന്നു.

ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ‘ആശാൻ’ എന്ന സിനിമ പല അടരുകൾ സമ്മാനിക്കുന്ന സിനിമയാണ്. ‘ആശാൻ’ സിനിമയുടെ റിലീസിനുമുമ്പ് ഏറെ പരിചിതമായ ‘‘കുഞ്ഞിക്കവിൾ മേഘമേ’’ എന്ന ഗാനം സിനിമയിൽ എവിടെയാണ് ഉറപ്പിച്ചിരിക്കുന്നത് എന്ന പരതൽ സിനിമ കാണുന്നതിനിടയിൽ പലയിടത്തുമുണ്ടായി. ‘ഗപ്പി’യിലെ ഒറ്റപ്പെട്ടുപോകുന്ന പയ്യനിലും അമ്പിളിയെപ്പോലെ ഒരു യുവാവും അതുപോലെ ആശാൻ ഏതുരൂപത്തിലാണ് സാന്നിധ്യമാകുന്നതെന്ന് കണ്ടെടുക്കുവാനായിരുന്നു പ്രേക്ഷകൻ എന്നനിലയിൽ ആദ്യ ശ്രമം.

സിനിമ എന്ന ഒന്നാം രൂപവും സിനിമ നിർമിക്കുന്ന സിനിമ എന്ന രണ്ടാം രൂപവും അതിനുള്ളിൽ നിർമിക്കുന്ന മറ്റൊരു സിനിമ മൂന്നാം രൂപവും എന്നിങ്ങനെയുള്ള മൂന്നാമത്തെ അടരിലാണ് സിനിമ അതിന്റെ ഉള്ളടക്കം ഒളിപ്പിച്ചു​െവച്ചിരിക്കുന്നത്. രൂപവും ഉള്ളടക്കവും തമ്മിലുള്ള ബഹുവിധ അടുക്കുകളാണ് ഇത്. ഒരു കിണറിന് സമാനമായി ആവിഷ്കരിക്കുന്ന രണ്ടാം സിനിമയുടെ തലം. ഈ രണ്ടാം സിനിമയുടെ ഏതൊക്കെയോ അടുക്കുകളിലോ, അതിനു പുറത്തോ ആണ് മൂന്നാം സിനിമ നിലയുറപ്പിക്കുന്നത്. ഇതിനു പുറത്തും ഇതിനുള്ളിലുമായി ആർദ്രത എന്ന ഉള്ളടക്കം സൂക്ഷിച്ചു​െവച്ചിരിക്കുന്നു.

ബഹുവിധ വീക്ഷണങ്ങളിൽ നിലയുറപ്പിക്കുകയും പാരായണം നിർവഹിക്കുകയുംചെയ്യുന്നുണ്ട് ‘ആശാൻ’ എന്ന സിനിമ. ഒരുവശത്ത് ആശാൻ എന്ന ഒരു മനുഷ്യനെ നമ്മൾ കാണുന്നു. അതേസമയം, തന്റെ കൈയിലെ അവസാനത്തെ ചില്ലിക്കാശുമെടുത്ത് സിനിമയെടുക്കുവാനായി രംഗത്തുവരുന്ന കർക്കശക്കാരനായ ഒരു സംവിധായകനെയും അയാളുടെ പ്രൊഡക്ഷൻ യൂനിറ്റിനെയും നമ്മൾ കാണുന്നു. ഈ രണ്ടാം പാളിയാകട്ടെ സാങ്കേതികബദ്ധംകൂടിയാണ്. സിനിമയും അതിന്റെ സാങ്കേതിക ഇടങ്ങളും കാഴ്ചയെയും ശബ്ദത്തെയും സന്നിവേശിപ്പിക്കുന്നതിന്റെ ഒരു പരീക്ഷണഘട്ടത്തെ ഇവിടെ തുറന്നിടുന്നു.

സിനിമയിലെ ക്രൂവും ഷൂട്ടിങ് കാണാനെത്തുന്നവരും സിനിമയുടെ ലൊക്കേഷനും ലൊക്കേഷന്റെ പരിസരത്തെ താമസക്കാരും ഇവിടെ കാഴ്ചയുടെ ചിഹ്നങ്ങളെ ആവിഷ്കരിക്കുന്നത് ശബ്ദത്തിന്റെ രൂപത്തിലാണ്. ശബ്ദം ഉപയോഗിക്കാൻ പാടില്ലാത്തവർ. അതുമല്ലെങ്കിൽ ശബ്ദം ഉപേക്ഷിക്കേണ്ടവർ. ​ൈസലൻസ് എന്ന വാക്കിനാണ് ഇവിടെ ആവർത്തനവും മുഴക്കവുമുള്ളത്. ശ്രദ്ധിച്ചാൽ അത് വ്യക്തമാവും, സിനിമയിലെ ഏറ്റവും ശക്തമായ വാക്കുകളായ കട്ട്, മൂവിങ്, പാക്കപ്പ് തുടങ്ങിയ വാക്കുകൾ ഇവിടെ ശക്തി കുറഞ്ഞവയാണ്. ഓരോ ഘട്ടത്തിലും അത് ശക്തി കുറഞ്ഞാണ് നിലകൊള്ളുന്നത്. നിശ്ശബ്ദതയുടെ ഒരു കാഴ്ചാനുസരണം സിനിമയുടെ ലക്ഷ്യവും സ്വഭാവവും ആകുന്നു. ഇതിലേക്ക് അവർ ഫ്ലാറ്റിലെ താമസക്കാരെ പരുവപ്പെടുത്തുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ വിധേയരായും ഒരുഘട്ടത്തിൽ വിമോചിതരായും നിവാസികൾ അവരുടെ വികാരം പ്രകടിപ്പിക്കുന്നു.

ഇതാകട്ടെ സിനിമയുടെയുള്ളിലെ സിനിമയുടെ മൂന്നാമതൊരു അടരിനെ നിർമിക്കുന്നു. സർവവിധ സാമഗ്രികളുമുള്ള വലിയ ലൊക്കേഷനിൽനിന്നുള്ള അകറ്റിനിർത്തലായും ഒഴിവാക്കലായും അപ്രസക്തമായ മറ്റൊരു ഇടത്തെ ലൊക്കേഷനായി പരിവർത്തനപ്പെടുത്തുന്നതിലേക്കും കൊണ്ടെത്തിക്കുന്നു. ഇവിടെ സാങ്കേതികതയുടെ സർഗവിനിമയം എങ്ങനെ സിനിമയുടെ ഭാഗമാക്കണം എന്ന ഒരു പരിശീലനംകൂടി പങ്കുവെക്കുന്നു.

ഇവിടെ സിനിമ അതിന്റെ തട്ടകത്തോട് ചിലതു പറയുവാൻ ശ്രമിക്കുന്നു. ഇതാവട്ടെ സിനിമയെത്തന്നെ അടിമുടി അഴിച്ചുപണിയുവാൻ ശ്രമിക്കുകയും ടെക്നിക്കാലിറ്റിയും ക്രിയേറ്റിവിറ്റിയും മുതൽമുടക്കും ഏതുവിധം ഒരു നല്ല സിനിമക്ക് അനുയോജ്യമാക്കാം എന്ന് പറയുകയുംചെയ്യുന്നു. ഇതിലൂടെ സിനിമയിലെ മൂന്നാം സിനിമ സിനിമയിലെ രണ്ടാം സിനിമയെ പരിഷ്കരിക്കുന്നു. ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ സിനിമകളും അതിന്റെ വഴിയും ക്രിയേറ്റിവാകേണ്ടതിന്റെയും രണ്ടുതരം സിനിമകളും സമാന്തരമല്ല മറിച്ച് രണ്ടും സിനിമയിലേക്കുള്ള യാത്രയാണെന്നും പറയാൻ ശ്രമിക്കുന്നു. ഈയർഥത്തിൽ സിനിമയുടെ ആവിഷ്കരണത്തിന്റെ വിവിധ സവിശേഷതകളെ ചർച്ചക്കെടുക്കുന്ന സിനിമ, അടുത്ത ഘട്ടത്തിൽ അതിന്റെ ഉള്ളടക്കത്തിലേക്ക് മടങ്ങിവരുന്നു.

ഇന്ദ്രൻസ്

ഫ്ലാറ്റിന്റെ നടത്തിപ്പുകാരനായ ആശാനിൽനിന്നും കളിയാശാനിലേക്കുള്ള രൂപമാറ്റമാണ് സിനിമയുടെ മറ്റൊരു സവിശേഷ പരിണാമം. ഇവിടെ മുമ്പു സൂചിപ്പിച്ച കുഞ്ഞിക്കവിൾ മേഘം എന്ന ഗാനം ഒന്നുകൂടി കാഴ്ചയുടെ ഭാഗമാകുന്നതെങ്ങനെ എന്ന് പറഞ്ഞുവെക്കാൻ സിനിമ ശ്രമിക്കുന്നു. ഇതാകട്ടെ ഒരു ശകലിതവും ഭ്രംശവുമായ രൂപത്തിൽ നിലനിൽക്കുന്നു. ഒരു ഗാനം സിനിമയുടെ പുറത്ത് പ്രേക്ഷകശ്രദ്ധ നേടുമ്പോൾ, സിനിമയിൽ അത് കേന്ദ്രപ്രമേയമായി സ്ഥാപിതമാകുന്നത് പലപ്പോഴും കാണാറുണ്ട്. ‘ആശാൻ’ എന്ന സിനിമയിൽ പ്രസ്തുതഗാനം മുഴുവനായും അവതരിപ്പിക്കാത്തതും ഏതാണ്ട് പലതായി ഭ്രംശം വന്നതുമായ ഒരു ഗാനമാണ്. ഇത് സിനിമക്ക് രണ്ടു സ്ഥലരൂപകങ്ങൾ നൽകുന്നുണ്ട്.

ഒന്ന് വനവും അതിന്റെ മാർക്കിങ്ങുമാണെങ്കിൽ മറ്റൊന്ന് നഗരഹൃദയത്തിലെ ഫ്ലാറ്റും അതിന്റെ ദീർഘസാന്നിധ്യവുമാണ്. വനവും അതിന്റെ സ്ഥലരൂപകവും സിനിമയുടെ ഒന്നാമത്തെ അടരാണെങ്കിലും അത് കാഴ്ചയിൽ സ്ഥാനപ്പെടുമെങ്കിലും അത് മാർക്കു ചെയ്യപ്പെടുന്നത് പിന്നീടാണ്. സിനിമയുടെ പാതിക്കു ശേഷമാണത് ബോധ്യമാവുന്നത്. വനം എന്ന ഒന്നാം അടരിൽ ചിലത് ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് സിനിമ പറയുന്നുണ്ട്. എന്നാൽ എന്തിനാണ് ഈ വനനിബിഡത, അതിൽനിന്നും എന്തുകൊണ്ട് കാമറ നഗരഹൃദയത്തിലെ ഫ്ലാറ്റിലേക്ക് ചലിക്കുന്നു എന്ന ചോദ്യം സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മാത്രമാണ് തെളിഞ്ഞുവരിക. ഇവിടെയാണ് ഭ്രംശമായിക്കിടക്കുന്ന ഗാനശകലങ്ങളെ ഒട്ടിച്ചു ചേർത്തുവെക്കാൻ പ്രേക്ഷകന് സാധിക്കുക.

ഒരർഥത്തിൽ തിയറ്ററിന്റെ സമയപരിധിയിൽ പൂർത്തിയാകുന്നതല്ല ‘ആശാൻ’ എന്ന സിനിമ. മറിച്ച് തിയറ്ററിനു പുറത്ത് ചില പൂരിപ്പിക്കലുകൾ സിനിമ അവശേഷിപ്പിക്കുന്നു. തുടക്കത്തിൽ ഒരു മറവിരോഗിയായി മിന്നിമറയുന്ന കളിയാശാനിൽ നിന്ന് ഫ്ലാറ്റ് നടത്തിപ്പുകാരനും പ്രശംസാർഹനും സഹൃദയനുമായ ആശാനിലേക്കും അവിടെനിന്നും വീണ്ടും കളിയാശാനിലേക്കും അത് പതുക്കെ സഞ്ചരിക്കുന്നു. ഈ യാത്രയിൽ സിനിമ അതിന്റെ ആദ്യഭാഗത്തെ വേഗതയിൽനിന്നും പതിയെ പിന്മടങ്ങുന്നു. ഒരു കലാരൂപം എന്നനിലയിൽ ഇത് സിനിമയുടെ രണ്ടാം ഭാഗത്തിൽ ആസ്വാദന തടസ്സമുണ്ടാക്കുന്നുണ്ട്. ഇതാകട്ടെ ആശാനിൽനിന്നും കളിയാശാനിലേക്കുള്ള പരിവർത്തനത്തെ ലേശം സാവധാനപ്പെടുത്തിയോ എന്ന തോന്നലുണ്ടാക്കുന്നു.

ഇന്ദ്രൻസ് എന്ന അനുഗൃഹീത കലാകാരൻ തന്റെ പ്രതിഭകൊണ്ട് ഈ ലാഗിങ്ങിനെ മറികടക്കുന്നു എന്നതാണ് ഏറ്റവും സവിശേഷമായി തോന്നിയത്. ആദ്യപാതിക്കുശേഷം സംഭവിക്കുന്ന ഈയൊരു ആസ്വാദനവിരക്തി പ്രേക്ഷകശ്രദ്ധ കുറക്കുന്നുണ്ട്. ഇതാവട്ടെ കളിയാശാനിലേക്കുള്ള പരിവർത്തനത്തെ ഉറപ്പിച്ചെടുക്കുന്നതിനുള്ള മുന്നൊരുക്കമാണെങ്കിലും ഒരു കലാരൂപം എന്ന നിലയിൽ ഈ പതിഞ്ഞമട്ട് സിനിമയുടെ ആസ്വാദന സമയനഷ്ടം ഭവിപ്പിക്കുന്നു. പ്രമോഷന്റെ ഭാഗമായി ഇന്ദ്രൻസ് ഒരു വിഡിയോയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘ഗപ്പി’ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ഗപ്പി സിനിമക്കു സംഭവിച്ച സാമ്പത്തിക പരാജയം ഓർമവരുന്നു, ആശാന് അതുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നതായി പറയുന്നുണ്ട്.

 

ജോൺപോൾ ജോർജ് 

ഇവിടെ ചൂണ്ടിക്കാട്ടിയ ലാഗിങ് ആസ്വാദനത്തിന് തടസ്സമായിട്ടുണ്ട് എന്ന് പറയേണ്ടിവരുന്നു. അതേസമയം, സിനിമ ഈ വിരക്തിയെ മറികടക്കുന്നു. ആശാന്റെ വലതുകണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർ പൊഴിയുന്ന പരിവർത്തനസന്ധി സിനിമയുടെ രണ്ടാം ഉണർവായി വിലയിരുത്താം. ഇവിടം മുതൽ ആശാനിൽനിന്നുള്ള പരിവർത്തനം കളിയാശാന്റെ പൂർത്തീകരണത്തിൽ ചെന്നെത്തുന്നു. ഇതാകട്ടെ സിനിമയെ വീണ്ടും വേഗതയിലേക്കും ആകാംക്ഷയിലേക്കും നയിക്കുന്നു. ഛായാഗ്രഹണത്തിന്റെ സവിശേഷതയും കളർടോണിങ്ങിന്റെ മാറ്റവും കാമറയുടെ ത്രീഡിമേക്കിങ് രീതിയും മറ്റൊരു കാഴ്ചാനുഭവം പങ്കുവെക്കുന്നു. ഇതിലൂടെ ആർദ്രത എന്ന ആലോചനയെ സിനിമക്ക് സ്ഥായിയാക്കുവാൻ സാധിക്കുന്നു.

ആർദ്രത എന്ന കേന്ദ്രപ്രമേയത്തിലേക്ക് സിനിമ പതിയെ ചെന്നെത്തുന്നു. തന്റെ മകളുടെ ജീവനെടുത്ത വന്യമൃഗത്തെ വനത്തിനുള്ളിൽ കളിയാശാൻ കണ്ടെത്തുന്നു. തന്റെ കൈയിലെ ആയുധം അതിനു നേരെ പിടിക്കുന്നു. എന്നാൽ തന്റെ രണ്ടു മക്കളെപ്പോലെ രണ്ടു കുഞ്ഞുങ്ങൾ ആ വന്യമൃഗത്തിനും ഉണ്ടെന്ന് ബോധ്യമാകുമ്പോൾ തന്നിലെ പിതാവ് ആ ജീവിയെ നിറയൊഴിക്കാൻ മടിക്കുന്നു. തന്റെ മകളുടെ നഷ്ടത്തെ ആ വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളിലൂടെ പൂരിപ്പിക്കാൻ അയാൾ ശ്രമിക്കുന്നു. ആ രണ്ടു കുഞ്ഞുങ്ങളും അനാഥമാവരുത് എന്ന് കരുതുന്നിടത്ത് കളിയാശാൻ മറവിരോഗിയായി സ്വയം മാറിത്തീരുന്നു. ഒന്നാം അടരിലെ വനം എന്ന കാഴ്ചാരൂപത്തിന്റെ അർഥം ഇവിടെ സ്ഥാപിതമാകുന്നു. ആർദ്രത എന്ന സ്ഥായീഭാവം ഇവിടെ നിലയുറപ്പിക്കുന്നു. കുഞ്ഞിക്കവിളുള്ള തന്റെ മകളും ഈ കുഞ്ഞു ജീവികളും ശകലിതമായ ഗാനത്തെ ചേർത്തുവെക്കുന്നു.

വിവിധ അടരുകളായി വായിക്കാവുന്ന സിനിമയാകുന്നു ജോൺ പോൾ ജോർജിന്റെ ‘ആശാൻ’ എന്ന വിലയിരുത്തൽ ഇവിടെയാണ് പൂർണമാവുന്നത്. ഒന്നിൽ മാത്രമല്ല അത് കേന്ദ്രിതമാകുന്നത്. പകരം ബഹുകേന്ദ്രിത സ്ഥാനത്താണത് നിലകൊള്ളുന്നത്. സിനിമയുടെ ഒന്നാം അടരിനെ പ്രമേയപരമായി സ്ഥാപിക്കാൻ സിനിമക്ക് ഒടുവിൽ സാധിക്കുന്നു. അതേസമയം സിനിമ എന്ന സാങ്കേതികത രൂപവും അതിന്റെ വിൽപന മൂല്യങ്ങളും, സ്റ്റാറുകളും സ്റ്റാറ്റസും മറ്റിതര പ്രതിസന്ധികളും മറ്റടരുകളായും അടുക്കായും സിനിമയിൽ നിലനിൽക്കുന്നു. കിണർ എന്നതും കിണർ രൂപത്തിലുള്ള ഫ്ലാറ്റ് എന്നതും ഇതിന്റെ ഒരു സവിശേഷ രൂപകമായി ആവിഷ്കരിക്കുന്നു.

ഒരു സ്ഥാപന നടത്തിപ്പുകാരന്റെ സിനിമാമോഹവും ആഗ്രഹങ്ങളും അയാൾക്ക് ഒരു റോൾ നൽകാമെന്നു പറയുന്ന സിനിമാമോഹിയായ ഒരു യുവാവിന്റെ ജീവിതവും മറ്റൊരു അടര് രൂപപ്പെടുത്തുന്നു. കളിയാശാന്റെ ജീവിതവും നഷ്ടലോകവും ആർദ്രത എന്ന വൈകാരികതയുടെ സ്ഥാപിക്കലും സിനിമ പലരൂപത്തിൽ പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവരുന്നു. ഇന്ദ്രൻസിന്റെ അഭിനയ മികവിനൊപ്പം ജോമോൻ ജ്യോതിർ, ഷോബി തിലകൻ ഉൾപ്പെടെയുള്ള കലാകാരന്മാരും നൂറ്റമ്പതോളം പുതുമുഖ കലാപ്രവർത്തകരും മികച്ച അഭിനയം കാഴ്ച​െവക്കുന്നു. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും വിനായക് ശശികുമാർ ഗാനരചനയും നിർവഹിച്ചു. സിനിമ നിർമിച്ചത് ജോൺപോൾ ജോർജ്, അന്നം ജോൺ പോൾ, സുരാജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.

News Summary - Watching the movie Aashaan