‘ഒരുകാലത്ത് പരിമിതികളായി കണ്ടിരുന്ന കാര്യങ്ങളാണ് ഇന്ന് അദ്ദേഹത്തിന്റെ കരുത്ത്’; 'ആശാൻ' ഇന്ദ്രൻസിന്റെ കരിയർ ബെസ്റ്റെന്ന് മമ്മൂട്ടി
text_fieldsജോൺപോൾ ജോർജ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന 'ആശാൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടി ചിത്രത്തെയും ഇന്ദ്രൻസിനെയും വാനോളം പുകഴ്ത്തി. ആശാൻ വ്യത്യസ്തമായ സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഫെബ്രുവരി 5നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ആശാൻ എന്ന സിനിമയുടെ കഥ എനിക്ക് നേരത്തെ അറിയാമായിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ഒരു അനുഭവം നൽകാൻ ഈ ചിത്രത്തിന് കഴിയും. ട്രെയിലറിലെ സാങ്കേതിക മികവും പ്രകടനങ്ങളുമാണ് എന്നെ ഈ ചടങ്ങിലേക്ക് എത്തിച്ചത് മമ്മൂട്ടി പറഞ്ഞു. ഇന്ദ്രൻസിന്റെ സമീപകാലത്തെ കരിയർ ഗ്രാഫിനെ അമ്പരപ്പിക്കുന്നത് എന്നാണ് മമ്മൂട്ടി വിശേഷിപ്പിച്ചത്. ഒരുകാലത്ത് അദ്ദേഹത്തിന്റെ പരിമിതികളായി കണ്ടിരുന്ന കാര്യങ്ങളാണ് ഇന്ന് അദ്ദേഹത്തിന്റെ കരുത്തായി മാറിയിരിക്കുന്നത്. മറ്റു നടന്മാരെപ്പോലും നാണിപ്പിക്കുന്ന രീതിയിലുള്ള അഭിനയമികവാണ് അദ്ദേഹം കാഴ്ചവെക്കുന്നത്’ മമ്മൂട്ടി പറഞ്ഞു.
ഇന്ദ്രൻസിനെ അമ്പരപ്പിച്ച വേഷങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു. ജലധാര പമ്പ് സെറ്റ് സിൻസ് 1962, കുട്ടന്റെ ഷിനിഗാമി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് കുട്ടന്റെ ഷിനിഗാമിയിലെ കാലന്റെ വേഷം അവിശ്വസനീയമായിരുന്നുവെന്നും, ജാഫർ ഇടുക്കിയുടെ പ്രകടനവും മികച്ചതാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആശാൻ'. ഒരു സിനിമക്കുള്ളിലെ സിനിമ എന്ന രീതിയിലുള്ള ഒരു മെറ്റാ-കോമഡി ഡ്രാമയാണ് ഇത്. ചിത്രത്തിൽ വ്യത്യസ്തങ്ങളായ ഗെറ്റപ്പുകളിലാണ് ഇന്ദ്രൻസ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ്. ദുൽഖറിന്‍റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ കൂടാതെ, നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. ഇത്രയും വ്യത്യസ്തമായ പ്രമേയമുള്ള സിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താനാണ് താൻ എത്തിയതെന്നും, ഈ ചിത്രം ആരും കാണാതെ പോകരുതെന്നും മമ്മൂട്ടി പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

