ഇവിടെ വിജയിച്ചത്, ‘മൂല്യബോധം’ എന്ന അദൃശ്യകഥാപാത്രമാണ്. “ചന്ദ്രന്റെ ചിരി” ആഘോഷിക്കുന്നത്, അദൃശ്യമായ ഈ ആറാം കഥാപാത്രത്തിന്റെ അജയ്യതയാണ്. ഏത് പ്രതികൂല സന്ദർഭങ്ങളോടും പൊരുതിനിൽക്കുന്ന മൂല്യബോധത്തിന്റെ പൊരുളാണിവിടെ പ്രകാശം പരത്തുന്നത്. ഏത് മൂല്യബോധവും പ്രകടനപരമല്ലാതാവുമ്പോൾ, മറഞ്ഞുനിന്ന് പ്രവർത്തിക്കുമ്പോൾ അത് അജയ്യമാംവിധം മുന്നേറും. വൈലോപ്പിള്ളിയുടെ ‘ചന്ദ്രന്റെ ചിരി’ ജീവിത സമ്മർദങ്ങൾ കുഴിച്ചുമൂടുന്ന മൂല്യബോധത്തിന്റെ ഉയിർത്തെഴുന്നേൽപാണ്.