Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightഎല്ലാം മറന്നൊന്ന്...

എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിച്ചുനോക്കൂ... അപ്പോഴറിയാം ഹൃദയംനിറഞ്ഞൊരു ചിരിയേക്കാൾ നല്ലൊരു വികാരം വേറെയില്ലെന്ന്...

text_fields
bookmark_border
എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിച്ചുനോക്കൂ... അപ്പോഴറിയാം ഹൃദയംനിറഞ്ഞൊരു ചിരിയേക്കാൾ നല്ലൊരു വികാരം വേറെയില്ലെന്ന്...
cancel

aughter is a bodily exercise, precious to health’ എന്ന് പറഞ്ഞത് പ്രമുഖ ഗ്രീക് ചിന്തകനായ അരിസ്റ്റോട്ടിലാണ്. 2000 വർഷം മുമ്പുതന്നെ മനുഷ്യൻ ചിരിയുടെ ആരോഗ്യഗുണങ്ങൾ കണ്ടെത്തിയതായി ഇതിൽനിന്ന് അനുമാനിക്കാം. ആധുനിക വൈദ്യശാസ്ത്രവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് എല്ലാ വർഷവും മേയിലെ ആദ്യ ഞായറാഴ്ച ‘ലോക ചിരിദിന’മായി ആചരിക്കുന്നത്.

സമകാലീന ജീവിതപരിസരത്ത് ഒരു വ്യക്തി നേരിടുന്ന നിഷേധാത്മകമായ അനുഭവങ്ങളെ അതിജീവിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് മനസ്സിൽ പ്രസാദാത്മകമായ ചിന്തകളെ കൊണ്ടുവര​ുക എന്നതാണ്. അതിനായി ചുറ്റുമുള്ള അലോസരപ്പെടുത്തുന്ന കാര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം.

നിത്യജീവിതത്തിൽ നാം നേരിടുന്ന ഇല്ലായ്മകൾ, മത്സരങ്ങൾ, പരാജയങ്ങൾ, ഒറ്റപ്പെടൽ, അവഗണന തുടങ്ങി എല്ലാ പ്രതിസന്ധികളെയും നിരാശയോടെ സമീപിക്കുന്നതിനു പകരം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ടാൽ അത് കൂടുതൽ അനായാസമാകും എന്നതാണ് യാഥാർഥ്യം.

എല്ലാം മറന്നൊന്ന് പൊട്ടിച്ചിരിച്ചുനോക്കൂ... അപ്പോഴറിയാം ഹൃദയംനിറഞ്ഞൊരു ചിരിയേക്കാൾ നല്ലൊരു വികാരം വേറെയില്ലെന്ന്. പരസ്പരമുള്ള ചിരിയിലൂടെ ആരുമായും ബന്ധപ്പെടാനാവും എന്നുമാത്രമല്ല, ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങളും കൈവരിക്കാനുമാവും.


ചിരി ഒരു വർക്കൗട്ട്​

ചിരി സമ്മാനിക്കുന്ന ശാരീരിക ആരോഗ്യാവസ്ഥകളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ വൈദ്യശാസ്ത്രമേഖലയിൽ നടന്നിട്ടുണ്ട്. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലേക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുകയും അതുവഴി ശ്വാസകോശം, ഹൃദയം, പേശികൾ എന്നിവ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും.

ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും ഉറക്കെയുള്ള ചിരി സഹായിക്കും. ചിരിയുടെ സ്വഭാവത്തിനനുസരിച്ച് ശ്വാസകോശത്തോടൊപ്പം മസിലുകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. ഫലത്തിൽ ഒരു ചെറുവ്യായാമം ചെയ്യുന്നതിനു തുല്യമാണിത്.


വേദനസംഹാരി ചിരി

ശരീരവേദനക്ക് ചിരിയൊരു ഫലപ്രദമായ ഔഷധമാണെന്ന് മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്​. ഒരാൾ ചിരിക്കുമ്പോൾ ശരീരത്തിലെ സ്വാഭാവിക ‘വേദനസംഹാരി’യായ എൻഡോർഫിൻ (Endorphin) എന്ന ഹോർമോൺ മസ്തിഷ്കത്തിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നത്​ കൊണ്ടാണിത്.

കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്ന ‘ടി-സെല്ലുകളെ’ (T cells) വർധിപ്പിക്കാനും ചിരിക്ക് കഴിയും. മജ്ജയിലെ സ്റ്റെം സെല്ലുകളിൽനിന്ന് വികസിച്ചുണ്ടാവുന്ന ഒരുതരം വെളുത്ത രക്താണുക്കളാണ് ഈ ടി-സെല്ലുകൾ. അവ ശരീരത്തെ അണുബാധയിൽനിന്ന് സംരക്ഷിക്കുകയും അർബുദത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ടി-ലിംഫോസൈറ്റ്, തൈമോസൈറ്റ് എന്നും ഇവയെ വിളിക്കാറുണ്ട്.

രോഗപ്രതിരോധ സംവിധാനത്തിലെ പ്രത്യേക കോശങ്ങളായ ടി-സെല്ലുകൾ എപ്പോഴും പ്രവർത്തനക്ഷമമാവാൻ തയാറെടുത്തു നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തി ചിരിക്കുമ്പോൾ, ഈ കോശങ്ങൾ പൊടുന്നനെ സജീവമായി ശക്തമായ രോഗപ്രതിരോധം ശരീരത്തിൽ സൃഷ്ടിക്കുന്നു. ഈ വഴി പിന്തുടർന്ന് മഴക്കാലം തുടങ്ങുമ്പോൾതന്നെ ഇത്തിരി കൂടുതൽ ചിരിച്ച് ജലദോഷത്തെ അകറ്റിനിർത്താനാവും...!

ചിരിക്കും ഹൃദയവും

ഒരു പൊട്ടിച്ചിരി നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ഹൃദയത്തിന്​ ചിരി ഒരു ഫലപ്രദമായ ‘കാർഡിയോ വ്യായാമമാണെ’ന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അസുഖങ്ങളോ അപകടത്തെത്തുടർന്നുള്ള പരിക്കോ കാരണം പതിവ് വ്യായാമം ചെയ്യാൻ കഴിയാത്ത ഹൃദ്രോഗികൾക്ക് ഇത് നല്ല ഗുണം ചെയ്യും.

ചിരിക്കുമ്പോൾ ശരീരത്തിൽ രക്തപ്രവാഹം കൂടി ഹൃദയത്തിലേക്ക് വേഗത്തിൽ ഒഴുകിയെത്തുകയും അതിന്റെ ഫലമായി മിതമായ വേഗതയിൽ നടക്കുമ്പോൾ സംഭവിക്കുന്ന അതേ അളവിൽ കലോറി എരിച്ചുകളയാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.


വയറു നിറയെ ചിരി

വ്യായാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എ.ബി.എസ് വ്യായാമം (Abdominal exercise). ഇത്​ വയറിനോട്​ അനുബന്ധിച്ചുള്ള പേശികളെയും നട്ടെല്ലിനെയും ശക്തിപ്പെടുത്തും. ചിരിക്കുമ്പോൾ നിങ്ങളുടെ വയറിലെ പേശികൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിനാൽ ഇത്തിരി സമയം വയറ്​ കുലുങ്ങിച്ചിരിച്ചാൽ ഈ വ്യായാമം ചെയ്യുന്നതിന് തുല്യമാകും. അതേസമയം, വെറുതെ പുഞ്ചിരിച്ചുകൊണ്ടിരുന്നാൽ ശാരീരിക വ്യായാമത്തിന് പകരമാവുകയുമില്ല എന്നും ഓർക്കുന്നത് നല്ലതാണ്.

പ്രഷറിനും ചിരി

രക്തസമ്മർദം കുറയാനുള്ള മാർഗമായും ‘ചിരി’യെ ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്യുന്നുണ്ട്. നല്ല നർമബോധവും ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവുമുള്ളവർക്ക് ശരീരത്തിലെ രക്തസമ്മർദം ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി രക്തസമ്മർദത്തെതുടർന്നുണ്ടാവുന്ന ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറക്കാനാവും.

ഉള്ളറിഞ്ഞ ചിരി

ഒരു സുഹൃത്ത് നിങ്ങളോട് ഒരുഗ്രൻ തമാശ പറഞ്ഞു എന്നു കരുതുക; നിങ്ങൾ അതോർത്തോർത്ത് ചിരിച്ചുവെന്നും. തീർച്ചയായും ആ തമാശക്കാരനോട് ഒരു നന്ദി പറയണം. കാരണം, തമാശയോടൊപ്പം സുഹൃത്ത് നിങ്ങൾക്ക് സൗജന്യമായി ഇത്തിരി മാനസികാരോഗ്യം കൂടെ തന്നിട്ടുണ്ട്​.

ചിരി മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്​. മനസ്സിന്റെ സമ്മർദം കുറക്കും എന്നതാണ് ചിരിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകവഴിയും ചിരി നിങ്ങളുടെ മനസ്സിന് ആരോഗ്യം പകരും.

ചിരിയുടെ നിരവധി ഗുണങ്ങളിൽ മറ്റൊന്നാണ്​ ‘കോർട്ടിസോൾ’ (Cortisol) പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറക്കുന്നത്​. ഇതുവഴി മനസ്സിലെ ഉത്കണ്ഠയെയും വിഷാദത്തെയും ഒരുപരിധിവരെ നേരിടാനാവും.


ദേഷ്യം ഇല്ലാതാക്കും ചിരി

ചിരിക്കുമ്പോൾ മസ്തിഷ്കത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ എന്ന ഹോർമോൺ വ്യക്തിയിൽ മൊത്തത്തിൽ സന്തോഷാവസ്ഥ സൃഷ്ടിക്കുകയും അതുവഴി മാനസികസമ്മർദം ഗണ്യമായി കുറക്കുകയും ചെയ്യും.

ഒരു വ്യക്തിയിലെ കോപത്തെ കുറക്കാനും ചിരിക്കാവും. ദേഷ്യം, സംഘർഷം, ആത്മനിന്ദ തുടങ്ങിയ വികാരങ്ങളിൽനിന്ന് പെട്ടെന്നുതന്നെ രക്ഷനേടാൻ ഒരു നർമം നിറഞ്ഞ സന്ദർഭത്തിനും തുടർന്നുവരുന്ന ചിരിക്കുമാകും.

ഒരു പൊട്ടിച്ചിരിയുടെ അലകൾ മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന ജൈവ-രാസ മാറ്റങ്ങൾ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതോടൊപ്പം മാനസികോർജവും നൽകുന്നു. ഇത് ചെയ്യുന്ന ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും ആയാസരഹിതമാക്കാനും സഹായിക്കും.

ചിരിച്ച് ജീവിക്കാം

ജീവിതത്തിലെ ഗതിവിഗതികളെ നിർണയിക്കുന്നതിൽ ചിരിക്ക് വലിയൊരു പങ്കുണ്ട്. ഒരു വ്യക്തിയുടെ ഏത് പ്രവർത്തനത്തെയും മികവുറ്റതാക്കാൻ ഒരു ചിരിക്ക് കഴിയും. ഉദാഹരണത്തിന്, ജോലിക്കുള്ള ഇന്റർവ്യൂ നേരിടുന്ന ഒരു ഉദ്യോഗാർഥി ഇന്റർവ്യൂ ചെയ്യുന്നവരുടെ മുന്നിലേക്ക് എത്തുന്നത് ഒരു നിറഞ്ഞ പുഞ്ചിരിയോടെയാണെങ്കിൽ അതിന്റെ ഫലം ഒന്നുവേറെയാണ്​. ഒരാളോട് ‘നോ’ എന്ന് പറയുമ്പോൾപോലും പുഞ്ചിരിക്ക് അതിന്റേതായ പങ്കുവഹിക്കാനാവും. ചുരുക്കത്തിൽ നമുക്കും നാം ഇടപെടുന്നവർക്കുമെല്ലാം ഒരു ‘പോസിറ്റിവ് എനർജി’ പകർന്നുനൽകാൻ ചിരിക്കാവും.

കൂട്ടുതരും ചിരി

ആശയവിനിമയത്തിന് ഭാഷ, അറിവ്, സംസാരിക്കാനുള്ള കഴിവ് എന്നിവയോടൊപ്പം അത്യാവശ്യം വേണ്ട ഒരു ഘടകംതന്നെയാണ് ‘ചിരി’. ചിരിച്ചുകൊണ്ട് നടത്തുന്ന ആശയവിനിമയത്തിന് ഇരട്ടി ഫലം നൽകാനാവും. നന്നായി ചിരിക്കാനറിയുന്ന ഒരാൾക്ക് ബന്ധങ്ങൾ തേടി പോകേണ്ടിവരില്ല.

മറിച്ച് ചിരികണ്ട് മറ്റുള്ളവർ ചിരിച്ചുകൊണ്ട് അടുത്തെത്തും. വീട്ടിലായാലും ഓഫിസിലായാലും സമൂഹത്തിലായാലും എപ്പോഴും മുഖം കറുപ്പിച്ചിരിക്കുന്നവരുമായി ഇടപഴകാൻ ആർക്കും താൽപര്യമുണ്ടാവില്ല.

നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ സന്തോഷവും വിനോദവും കൊണ്ടുവരുന്നു എന്നതുതന്നെയാണ് ചിരിയുടെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടാവാം ലോകപ്രശസ്ത ഹാസ്യനടൻ ചാർളി ചാപ്ലിൻ ചിരിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: ‘A day without laughter is a day wasted’.

എങ്ങനെ ചിരിക്കണം

ചിരിക്കുമ്പോൾ ഉള്ളിൽ പ്രസാദാത്മകമായ ചിന്തകളും സന്തോഷവും പതഞ്ഞു പൊങ്ങണം. എന്നാലേ ചിരി മരുന്നാകൂ. നിർവികാര-യാന്ത്രിക ചിരികൊണ്ട് ഒരു കാര്യവുമില്ല. കൊലച്ചിരിയും അഹങ്കാരച്ചിരിയും പരിഹാസച്ചിരിയുമൊക്കെ ഉള്ളിലെ വിഷത്തിന്റെ പ്രതിഫലനമാണ്.

അമ്മാതിരി ചിരികൾകൊണ്ട് ഒരു കാര്യവുമില്ല. കുട്ടികളെ വളർത്തുമ്പോൾ നന്മയും സന്തോഷവും ഉണർത്തുന്ന ചിരി ശീലിപ്പിക്കണം. നോവിന്റെ മുൾവേലികൾക്കുള്ളിലും പൂവിന്റെ മന്ദഹാസം ചൊരിയാനുള്ള വൈഭവത്തിന്‌ വേദനയെ മയപ്പെടുത്താൻ കഴിയും.

ചിരി ജീവിതശൈലിയാക്കാം

● വ്യക്തിത്വത്തിന്റെ കൂടെ ഗൗരവ ഭാവമുണ്ടെങ്കിൽ അത് ഉപേക്ഷിച്ച് പ്രസന്നവദനനാവാൻ ശ്രമിക്കുക

● ചിരിക്കാനുള്ള സന്നദ്ധത ബോധപൂർവം സൃഷ്ടിക്കുക

● മറ്റുള്ളവരോട് മാത്രമല്ല; കണ്ണാടിയിൽ നോക്കി അവനവനോടുതന്നെ ചിരിക്കുക.

● ഓർത്തുചിരിക്കാനുള്ള കാര്യങ്ങൾ ഓർക്കാനും ചിരിക്കാനും സമയം കണ്ടെത്തുക.

● തമാശകൾ വായിക്കുകയും തമാശ സിനിമകളും ടെലിവിഷൻ പരിപാടികളും പതിവായി കാണുകയും ചെയ്യുക.

● നന്നായി തമാശ പറയുന്ന ഒരു വ്യക്തിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുക

● നിത്യജീവിതത്തിലെ സന്ദർഭങ്ങളിൽ തമാശയുടെ വശം കാണാൻ ശ്രമിക്കുക.

● മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുകയും കൂടെ ചിരിക്കുകയും ചെയ്യുക

Show Full Article
TAGS:Laughter is the Best MedicineLaughterMedicine
News Summary - Laughter is the Best Medicine
Next Story