വിവാഹച്ചടങ്ങുകളിലെ വസ്ത്രധാരണത്തെ വിമർശിച്ച് മജ്‍ലിസ് നേതാവ്; അഫ്ഗാനിൽ പോയി ജീവിക്കട്ടെയെന്ന് ബി.ജെ.പി
text_fieldsഅക്തറുൽ ഇമാൻ
പട്ന: മുസ്‌ലിം വിവാഹച്ചടങ്ങുകളിൽ പർദ ധരിക്കാതെ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശവുമായി എ.ഐ.എം.ഐ.എം ബിഹാർ അധ്യക്ഷനും അമൗർ എം.എൽ.എയുമായ അക്തറുൽ ഇമാൻ.
പർദയില്ലാതെ പുരുഷന്മാർക്കു മുന്നിൽ ഇരിക്കുന്ന വധുക്കളെ വേശ്യകളോടും അവരെ നോക്കിയിരിക്കുന്ന പുരുഷന്മാരെ പന്നികളോടും ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി.
മുസ്‌ലിം വിവാഹങ്ങളിൽ ഇസ്‌ലാമിക ആചാരങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അക്തറുൽ ഇമാന്റെ വിമർശനം. വധുവിന്റെ മുഖം അതിഥികൾക്കു മുന്നിൽ അനാവരണം ചെയ്യുന്ന ചടങ്ങിനെയും അദ്ദേഹം ചോദ്യം ചെയ്തു.
‘നമ്മുടെ പുരുഷന്മാർക്ക് നാണം എന്നൊന്നില്ലാതായോ? ഇത്തരം നിയന്ത്രണങ്ങളില്ലാത്ത ഇടപെടലുകൾ പന്നികളുടെ സ്വഭാവമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ തല മറച്ച് ശിരോവസ്ത്രം ധരിക്കണമെന്നും പർദ നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, അക്തറുൽ ഇമാന്റെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഹനിക്കുന്ന പിന്തിരിപ്പൻ നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് ബി.ജെ.പി ബിഹാർ നേതാവ് ഡാനിഷ് ഇഖ്ബാൽ വിമർശിച്ചു.
സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും എല്ലാ മേഖലകളിലും മുന്നേറുകയും ചെയ്യുന്ന കാലത്ത് ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ശരീഅത്തിനെക്കുറിച്ച് ഇത്ര ആശങ്കയുണ്ടെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് പോയി ജീവിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
വിവാദം ശക്തമായതോടെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകൾക്ക് പർദ, വിവാഹിതരായ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന സിന്ദൂരത്തിനേക്കാൾ പ്രധാനമാണെന്നും അദ്ദേഹം വാദിച്ചു. ആളുകളെ ഉണർത്താനാണ് കടുത്ത വാക്കുകൾ ഉപയോഗിച്ചതെന്നും തന്റെ പരാമർശങ്ങൾ വിശ്വാസികളായ മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

