ചിക്കൻ, തൈര്, പാൽ... ഭക്ഷണം ദഹിക്കാൻ എത്ര സമയമെടുക്കും?
text_fieldsചില ഭക്ഷണങ്ങൾ വളരെ വേഗത്തിൽ ദഹിക്കുന്നതായും മറ്റ് ചിലത് ദഹിക്കാൻ ദീർഘനേരം എടുക്കുന്നതായും തോന്നാറുണ്ടോ? വ്യത്യസ്ത ഭക്ഷണങ്ങൾ ദഹിക്കാൻ എത്ര സമയമെടുക്കുമെന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ദഹന പ്രശ്നങ്ങൾ തടയുന്നതിനും അത്യന്താപേക്ഷിതമാണ്. ഡയറ്റീഷ്യൻമാരുടെ അഭിപ്രായത്തിൽ ഓരോ ഭക്ഷണത്തിന്റെയും ദഹന സമയം അതിന്റെ ഭാരം, സാന്ദ്രത, നാരുകൾ, പ്രോട്ടീൻ, കൊഴുപ്പ്, വെള്ളം എന്നിവയുടെ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. പതിവായി കഴിക്കുന്ന ഭക്ഷണങ്ങൾ പൂർണ്ണമായി ദഹിക്കാൻ സാധാരണയായി 24 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കും. ഇതിനെ 'ഗട്ട് ട്രാൻസിറ്റ് ടൈം' എന്ന് പറയുന്നു. ഇത് 12 മണിക്കൂറില്‍ കുറയുകയോ, 48 മണിക്കൂറില്‍ കൂടുകയോ ചെയ്യാൻ പാടില്ല. ഇതിന് രണ്ടിനും ഇടയിലുള്ള സമയത്തിനുള്ളില്‍ ഭക്ഷണം പുറത്തേക്ക് പോകുന്നതാണ് ആരോഗ്യകരം.
പഴങ്ങൾ, അരി, പാസ്ത പോലുള്ള കാർബോഹൈഡ്രേറ്റുകൾ താരതമ്യേന വേഗത്തിൽ ഏകദേശം 2-3 മണിക്കൂറിനുള്ളിൽ ദഹിക്കുന്നു. പഞ്ചസാര, തേൻ തുടങ്ങിയ ലളിതമായ കാർബോഹൈഡ്രേറ്റുകൾ വേഗത്തിൽ ദഹിക്കുന്നു. സാധാരണയായി ഒരു മണിക്കൂറിനുള്ളിൽ ഈ ഭക്ഷണ പദാർത്ഥങ്ങൾ ദഹിക്കും. മത്സ്യം, ചിക്കൻ പോലുള്ള പ്രോട്ടീനുകൾക്ക് ഏകദേശം 3-4 മണിക്കൂർ എടുക്കാം. പ്രോട്ടീനുകൾക്ക് സങ്കീർണ്ണവുമായ ഘടനയുണ്ട്. ഇവയെ വിഘടിപ്പിച്ച് ശരീരം ആഗിരണം ചെയ്യാൻ കഴിയുന്ന അമിനോ ആസിഡുകൾ ആക്കി മാറ്റാൻ കൂടുതൽ ദഹന എൻസൈമുകളും സമയവും ആവശ്യമാണ്. ചുവന്ന മാംസം പോലുള്ള പ്രോട്ടീനുകൾക്ക് 6-8 മണിക്കൂർ വരെ വേണ്ടിവരും. കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് ഏറ്റവും കൂടുതൽ സമയമെടുക്കുന്നത്. ഇവ ദഹനത്തെ മന്ദഗതിയിലാക്കുകയും 6-8 മണിക്കൂർ വരെ എടുക്കുകയും ചെയ്യാം.വറുത്ത ചിക്കൻ ഗ്രിൽ ചെയ്ത ചിക്കനേക്കാൾ കൂടുതൽ സമയം ദഹിക്കാൻ എടുക്കുന്നത് ഇതുകൊണ്ടാണ്.
പാലിലെ പ്രോട്ടീനായ കേസിൻ വയറ്റിൽ എത്തുമ്പോൾ കട്ടിയുള്ള ഒരു രൂപത്തിലേക്ക് മാറുന്നു. ഇത് മറ്റ് പ്രോട്ടീനുകളെ അപേക്ഷിച്ച് ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയിലെ നാരുകൾ ദഹനത്തെ സഹായിക്കുമെങ്കിലും അവയുടെ ഉയർന്ന നാരുകൾ കാരണം ദഹിക്കാൻ കൂടുതൽ സമയമെടുക്കും. പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ചിക്കന് ദഹിക്കാൻ ഏറ്റവും കൂടുതൽ സമയമെടുക്കും. തൈര്, അതിലെ ബാക്ടീരിയൽ പ്രവർത്തനം കാരണം വേഗത്തിൽ ദഹിക്കുന്നു. 20 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ ഏത് രൂപത്തിലുള്ള ഖരങ്ങളെയും അപേക്ഷിച്ച് ദ്രാവകങ്ങളാണ് ഏറ്റവും വേഗത്തിൽ ദഹിക്കുന്നത്. വെള്ളം അല്ലെങ്കിൽ പഴച്ചാറുകൾ പോലുള്ള ദ്രാവകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും. അതേസമയം സ്മൂത്തികൾ അല്ലെങ്കിൽ ജ്യൂസുകൾ പോലുള്ള പാനീയങ്ങൾ അവയുടെ ഘടനയെ ആശ്രയിച്ച് ഏകദേശം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ എടുക്കും. ഒരു ദ്രാവകത്തിൽ നാരുകൾ, പ്രോട്ടീൻ അല്ലെങ്കിൽ കൊഴുപ്പ് എന്നിവയുടെ ഭക്ഷണത്തെ മന്ദഗതിയിലാക്കും.
ദഹനവ്യവസ്ഥ വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. നാം കഴിക്കുന്ന വലിയ ഭക്ഷണങ്ങളെ ശരീരം ആഗിരണം ചെയ്യാൻ കഴിയുന്ന വളരെ ലളിതമായ പോഷക ഘടകങ്ങളാക്കി മാറ്റുന്നതിലാണ് ദഹനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദഹന വ്യവസ്ഥയുടെ സിംഹഭാഗവും നടക്കുന്നതും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും ചെറുകുടലിലാണ്. ഓരോ വ്യക്തിയുടെയും മെറ്റബോളിസം വ്യത്യസ്തമാണ്. പ്രായം, ലിംഗഭേദം, ദഹനപ്രശ്നങ്ങൾ, ശരീരത്തിലെ ജലാംശം, ഭക്ഷണത്തിന്‍റെ സ്വഭാവം, ആരോഗ്യനില എന്നിവ അനുസരിച്ച് ഈ സമയത്തിൽ വ്യത്യാസം വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

