ഹൃദയത്തെ പേടിക്കല്ലേ...മിതമായ ശാരീരിക വ്യായാമങ്ങൾ പതിവാക്കിയാൽ മതി!
text_fieldsഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചോ അല്ലെങ്കിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെക്കുറിച്ചോ ഉള്ള അമിതമായ ഭയമാണ് കാർഡിയോഫോബിയ (Cardiophobia). ഇതൊരുതരം ഉത്കണ്ഠ രോഗമാണ്. നെഞ്ചുവേദന, തലകറക്കം, അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പ് പോലുള്ള സാധാരണ ശാരീരിക ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അത് ഹൃദയാഘാതമാണ് എന്ന് തെറ്റിദ്ധരിക്കുക, തുടർച്ചയായി ഹൃദയം പരിശോധിക്കുക, അല്ലെങ്കിൽ ഹൃദയമിടിപ്പ് ശ്രദ്ധിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് അമിതമായി ഇന്റർനെറ്റിൽ തിരയുക, ശാരീരിക വ്യായാമം ഒഴിവാക്കുക, കാരണം അത് ഹൃദയത്തിന് ആയാസമുണ്ടാക്കുമോ എന്ന് ഭയപ്പെടുന്നതൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്.
ആവർത്തിച്ച് ഡോക്ടർമാരെ സന്ദർശിക്കുകയും ഹൃദയം പൂർണ്ണമായും ആരോഗ്യകരമാണെന്ന് ഉറപ്പ് വരുത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നതും ഇതിന്‍റെ ഭാഗമാണ്. കാർഡിയോഫോബിയ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സാധാരണയായി ഇതിലേക്ക് നയിക്കുന്ന ചില കാരണങ്ങളും ഘടകങ്ങളും ഉണ്ട്. പാനിക് അറ്റാക്കും കാർഡിയോഫോബിയയും തമ്മിൽ വളരെ അടുത്തതും എന്നാൽ സങ്കീർണവുമായ ഒരു ബന്ധമുണ്ട്. ആദ്യമായി പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ, പലർക്കും അത് ഹൃദയാഘാതമാണെന്ന് തോന്നാറുണ്ട്. ഈ മോശം അനുഭവം കാർഡിയോഫോബിയയിലേക്ക് നയിച്ചേക്കാം.
ഒരാൾക്ക് ആദ്യമായി ഒരു പാനിക് അറ്റാക്ക് ഉണ്ടാകുന്നു. ഇതിന്റെ ലക്ഷണങ്ങൾ (നെഞ്ചുവേദന, ശ്വാസം മുട്ടൽ, ഹൃദയമിടിപ്പ് കൂടുക, തലകറക്കം) ഹൃദയാഘാതത്തിന്റേതിന് സമാനമായിരിക്കും. ഈ ലക്ഷണങ്ങൾ യഥാർത്ഥത്തിൽ ഉത്കണ്ഠ മൂലമുള്ളതാണെന്ന് മനസിലാക്കാൻ കഴിയാതെ വരുമ്പോൾ ഇത് ഗുരുതരമായ ഹൃദയ പ്രശ്നമാണ് എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ജീവൻ നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, വീണ്ടും സമാനമായ ഒരവസ്ഥ ഉണ്ടാകുമോ എന്ന ഭയം മനസ്സിൽ രൂപപ്പെടുന്നു. ഇതാണ് കാർഡിയോഫോബിയയുടെ തുടക്കം. കാർഡിയോഫോബിയ ഉള്ള ഒരാൾക്ക് പിന്നീട് പാനിക് അറ്റാക്കുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുകയോ, പെട്ടെന്ന് മരണം സംഭവിക്കുകയോ ചെയ്യുന്നത് ശക്തമായ ഭയമുണ്ടാക്കാം. പൊതുവായ ഉത്കണ്ഠാരോഗങ്ങളോ മറ്റ് ആരോഗ്യപരമായ ഉത്കണ്ഠകളോ ഉള്ള ആളുകൾക്ക് പ്രത്യേക അവയവങ്ങളെക്കുറിച്ചുള്ള ഭയം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതമായ മാനസിക സമ്മർദം ശാരീരിക ലക്ഷണങ്ങൾ വർധിപ്പിക്കുകയും, ഇത് കാർഡിയോഫോബിയ വർധിപ്പിക്കുകയും ചെയ്യാം.
ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ വായിക്കുന്നത് ലക്ഷണങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെടാനും ഭയം കൂട്ടാനും കാരണമാകുന്നു. ഹൃദയാഘാത വാർത്തകൾ സ്ഥിരമായി കാണുന്നതും ഈ ഭയം വർധിപ്പിക്കാൻ കാരണമാവാം. തെറ്റായ ചിന്താഗതികളും ആവർത്തിച്ചുള്ള ഉത്കണ്ഠാ ചിന്തകളും ചേരുമ്പോഴാണ് കാർഡിയോഫോബിയ ഒരു രോഗാവസ്ഥയായി മാറുന്നത്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, എക്സ്പോഷർ തെറാപ്പിയൊക്കെ കാർഡിയോഫോബിയ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന ചികിത്സാരീതികളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

