ഹൃദ്രോഗങ്ങളും നൂതന ചികിത്സാരീതികളും
text_fieldsമനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അതിനാൽതന്നെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് ഹൃദ്രോഗമാണ്. നേരത്തേ തിരിച്ചറിഞ്ഞാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള് ഇന്ന് ലഭ്യമാണ്. തെറ്റായ ജീവിതശൈലി, മദ്യപാനം, പുകവലി, പൊണ്ണത്തടി മുതലായവ ഹൃദ്രോഗത്തിന് കാരണമാവാറുണ്ട്.
സാങ്കേതികവിദ്യകളിലെ വളർച്ച ഹൃദ്രോഗ ചികിത്സാരംഗത്ത് സുപ്രധാനമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പരമ്പരാഗതമായി ശസ്ത്രക്രിയകളിലൂടെ മാത്രം ചികിത്സിച്ചിരുന്ന പല ഹൃദ്രോഗങ്ങൾക്കും ഇന്ന് നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികൾ സാധ്യമാണ്. ഹൃദയധമനികളിൽ ബ്ലോക്കുകൾ, ഹൃദയ വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ, മഹാധമനിയിൽ ഉണ്ടാകുന്ന വീക്കം (aortic aneurysm), ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന അപകടകരമായ താളപ്പിഴകൾ മുതലായ അതിസങ്കീർണമായ ഹൃദ്രോഗങ്ങൾക്ക് ഇന്ന് ശസ്ത്രക്രിയ കൂടാതെ പുതിയ ചികിത്സ സംവിധാനങ്ങൾ നിലവിലുണ്ട്.
1. സി.ടി.ഒ ആൻജിയോപ്ലാസ്റ്റി
കാലപ്പഴക്കം ഏറിയ നൂറു ശതമാനം ബ്ലോക്കുകളെയാണ് ക്രോണിക് ടോട്ടൽ ഒക്ലൂഷൻ അഥവാ സി.ടി.ഒ എന്ന് പറയുന്നത്. മുമ്പ് ഇത്തരം ബ്ലോക്കുകൾക്ക് ബൈപാസ് സർജറി മാത്രമായിരുന്നു പ്രതിവിധി എങ്കിൽ ഇന്ന് സി.ടി.ഒ ആൻജിയോപ്ലാസ്റ്റി വഴി ഈ ബ്ലോക്കുകൾ നീക്കംചെയ്യാൻ സാധിക്കും.
2. റോട്ടബ്ലേഷൻ
ഹൃദയധമനികളിൽ കാത്സ്യം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന കടുപ്പമേറിയ ബ്ലോക്കുകളെ സാധാരണ ആൻജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യുക അസാധ്യമാണ്. ഇങ്ങനെയുള്ള അവസ്ഥകളിൽ rotablator എന്ന ഉപകരണം ഉപയോഗിച്ച് കാത്സ്യത്തെ ഡ്രിൽ ചെയ്ത് പൊടിച്ചുകളഞ്ഞ ശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ബ്ലോക്കുകൾ നീക്കംചെയ്യാൻ സാധിക്കും.
3. ഐ.വി.എൽ
വളരെ സങ്കീർണത നിറഞ്ഞതും കാത്സ്യം അടങ്ങിയതുമായ ഉറച്ച ബ്ലോക്കുകൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് IVL അഥവാ ഇൻട്രാ വാസ്കുലർ ലിതോട്രിപ്സി. IVL, ധമനികളുടെ ഭിത്തിക്കുള്ളിലെ കാത്സ്യത്തെ ഒരു തരംഗം സൃഷ്ടിച്ച് (ഷോക് വേവ്സ്) പൊട്ടിച്ചു കളയുകയും അതിനുശേഷം ആൻജിയോപ്ലാസ്റ്റിയിലൂടെ ബ്ലോക്ക് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
4. ത്രീഡി മാപ്പിങ് Electrophysiology study & Radio Frequency Ablation
ഹൃദയമിടിപ്പിലെ താളപ്പിഴകൾ കണ്ടെത്താനും രോഗനിർണയം നടത്താനുമുള്ള വിഭാഗമാണ് ഇലക്ട്രോഫിസിയോളജി. 3D mapping എന്ന സംവിധാനം ഉപയോഗിച്ച് ഹൃദയത്തെ ത്രീഡിയിൽ ചിത്രീകരിക്കുകയും അതിലൂടെ ഹൃദയത്തിന്റെ ഏതുഭാഗത്തുനിന്നാണ് താളപ്പിഴകൾ ഉത്ഭവിക്കുന്നതെന്ന് കണ്ടെത്തി അതിനെ റേഡിയോ ഫ്രീക്വൻസി (RFA) ഉപയോഗിച്ച് കരിയിച്ചുകളയുകയും ചെയ്യുന്നു.
5. ക്രയോ അബ്ലേലഷൻ
ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കുള്ള ചികിത്സയിൽ വന്നിട്ടുള്ള ഏറ്റവും നൂതനമായ ചികിത്സാരീതി ആണ് Cryo ablation. പക്ഷാഘാതത്തിനു വരെ (embolic stroke) കാരണമായേക്കാവുന്ന Atrial fibrillation എന്ന മിടിപ്പിലെ താളപ്പിഴക്ക് മുൻകാലങ്ങളിൽ മരുന്ന് മാത്രമായിരുന്നു ചികിത്സ. എന്നാൽ, ഇന്ന് cryo ablation എന്ന നൂതന ചികിത്സാരീതിയിലൂടെ നമുക്ക് ഈ രോഗത്തിനെ പൂർണമായും ഭേദമാക്കാൻ സാധിക്കും. ക്രയോ അബ്ലേഷൻ ചികിത്സയിൽ Atrial fibrillation (AF) എന്ന മിടിപ്പിലെ താളപ്പിഴയുടെ ഉത്ഭവമായ pulmonary veinന് ചുറ്റുമുള്ള കോശങ്ങളെ മരവിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. മരുന്നിനെക്കാൾ ഫലപ്രദമാണ് ഈ ചികിത്സാരീതി എന്നത് സമീപകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
6. ലീഡ്ലെസ് പേസ്മേക്കർ
ഹൃദയമിടിപ്പ് കുറഞ്ഞവർക്കായുള്ള പേസ്മേക്കർ ചികിത്സ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, അതിൽ തന്നെ ഒരുവിധ മുറിവും കൂടാതെ ഹൃദയത്തിൽ ഘടിപ്പിക്കാവുന്ന ലീഡ് ലെസ് പേസ്മേക്കർ (LEADLESS PACEMAKER) എന്ന പുതിയ സംവിധാനവും ഇന്ന് നിലവിലുണ്ട്. പരമ്പരാഗതമായി ഇടതു നെഞ്ചിൽ തൊലിയുടെ താഴെ ഒരു ചെറിയ സർജറി വഴി പോക്കറ്റ് ഉണ്ടാക്കി പേസ്മേക്കർ അതിനുള്ളിൽ വെച്ചതിനുശേഷം ലീഡുകൾ വെയിൻ വഴി ഹൃദയത്തിൽ ഘടിപ്പിക്കുകയാണ് ചെയ്യുക. എന്നാൽ, ലീഡ്െലസ് പേസ്മേക്കറിൽ കാലിലെ വെയിൻവഴി ഒരു കാപ്സ്യൂൾ വലിപ്പത്തിലുള്ള പേസ്മേക്കർ ഹൃദയത്തിൽ സ്ഥാപിക്കുന്നു. ഈ രീതിയിലൂടെ ശരീരത്തിൽ മുറിവുകൾ ഒന്നുംതന്നെ ഇല്ലാതെ പേസ്മേക്കർ ഘടിപ്പിക്കാവുന്നതാണ്.
7. ഇ.വി.എ.ആർ
മഹാധമനിയിൽ (Aorta) ഉണ്ടാവുന്ന വീക്കം (aortic aneurysm) അല്ലെങ്കിൽ വിള്ളലുകൾക്കുള്ള ചികിത്സാരീതിയാണ് എൻഡോവാസ്കുലർ അനൂറിസം റിപ്പയർ-EVAR. കാലുകളിലെ രക്തക്കുഴലുകൾ വഴി ഒരു covered stent മഹാധമനിയിലെ വീക്കമോ വിള്ളലോ ഉള്ള ഭാഗത്ത് സ്ഥാപിക്കുകയും covered stent ആയതിനാൽ ആ ഭാഗം സീൽ ചെയ്യപ്പെടുകയും രക്തപ്രവാഹം stentലൂടെ സുഗമമായി നടക്കുകയും ചെയ്യുന്നു.
8. ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (TAVI)
ഹൃദയത്തിലെ പ്രധാനപ്പെട്ട വാൽവുകളിൽ ഒന്നായ aortic വാൽവിന് തകരാർ സംഭവിച്ചാൽ മുമ്പ് ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് aortic valve നമുക്ക് TAVI എന്ന രീതിയിലൂടെ സർജറി കൂടാതെ മാറ്റിവെക്കാവുന്നതാണ്. ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (catheter) aortic valve മാറ്റുന്ന നൂതന സാങ്കേതിക വിദ്യ ആണ് TAVI.
9. മൈട്രൽ ക്ലിപ്
മൈട്രൽ വാൽവിനെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് വാൽവിൽ ഉണ്ടാകുന്ന ലീക് അഥവാ മൈട്രൽ റീഗർജിറ്റേഷൻ. മുൻകാലങ്ങളിൽ ഓപൺ ഹാർട്ട് സർജറി ആയിരുന്നു ഈ രോഗത്തിന് ചികിത്സ. എന്നാൽ, മൈട്രൽ ക്ലിപ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ സർജറി കൂടാതെ മൈട്രൽ വാൽവ് റിപ്പർ ചെയ്യാൻ സാധിക്കും. ഹൃദ്രോഗങ്ങൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ ശസ്ത്രക്രിയകളെ പേടിസ്വപ്നമായി കാണുന്നവർക്ക് ആശ്വാസപ്രദമാണ് ഇത്തരം ചികിത്സാ രീതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

