രക്തം കണ്ടാൽ തലകറങ്ങാറുണ്ടോ? കാരണമിതാണ്
text_fieldsപ്രതീകാത്മക ചിത്രം
രക്തം കാണുമ്പോഴോ മുറിവ് സംഭവിക്കുമ്പോഴോ ചിലർ തലകറങ്ങി വീഴാറില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വസോവാഗൽ സിൻകോപ്പ് എന്ന അവസ്ഥയാണിത്. നമ്മുടെ ശരീരത്തിലെ രക്തസമ്മർദവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വാഗസ് നാഡി. രക്തം കാണുമ്പോൾ ചിലരുടെ തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ ഈ നാഡിയെ അമിതമായി ഉത്തേജിപ്പിക്കുന്നു. വാഗസ് നാഡി ഉത്തേജിക്കപ്പെടുമ്പോൾ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കുറയുന്നു. ഹൃദയമിടിപ്പ് കുറയുന്നു. കാലുകളിലെ രക്തധമനികൾ വികസിക്കുന്നത് വഴി രക്തം താഴേക്ക് ഇറങ്ങുകയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് കുറയുകയും ചെയ്യുന്നു.
രക്തം കാണുമ്പോഴോ മണക്കുമ്പോഴോ ഉണ്ടാകുന്ന ബോധക്ഷയത്തിന്റെ യഥാർത്ഥ കാരണം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ഓക്സിജനും താൽക്കാലികമായി കുറയുന്നതാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ഓക്സിജനും കുറയുന്നതോടെ ശരീരം സ്വയം പ്രതിരോധമെന്ന നിലയിൽ ബോധക്ഷയത്തിലേക്ക് മാറുന്നു. നിലത്ത് വീഴുമ്പോൾ ശരീരം തിരശ്ചീനമായ അവസ്ഥയിലാകുന്നത് വഴി തലച്ചോറിലേക്ക് വീണ്ടും രക്തം എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ അവയവങ്ങളിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ആവശ്യമുള്ളത് തലച്ചോറിനാണ്. ഹൃദയമിടിപ്പ് കുറയുന്നതോ രക്തസമ്മർദം താഴുന്നതോ ആയ സാഹചര്യത്തിൽ തലച്ചോറിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോൾ അത് സ്വയം പ്രവർത്തനക്ഷമത കുറക്കുന്നു. ഇതാണ് ബോധക്ഷയത്തിന് കാരണമാകുന്നത്.
സാധാരണ പേടിയുണ്ടാകുമ്പോൾ ഹൃദയമിടിപ്പും ബി.പിയും കൂടുകയാണ് ചെയ്യുക. എന്നാൽ രക്തം കാണുമ്പോൾ സംഭവിക്കുന്നത് നേരെ വിപരീതമാണ്. ആദ്യ സെക്കൻഡുകളിൽ ബി.പി കൂടുന്നു. തൊട്ടുപിന്നാലെ വാഗസ് നാഡി അമിതമായി പ്രവർത്തിക്കുകയും രക്തസമ്മർദം പെട്ടെന്ന് താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാവുകയും ചെയ്യുന്നു. ബോധക്ഷയം സംഭവിക്കുമ്പോൾ നമ്മൾ നിലത്തേക്ക് വീഴുന്നു. ഇതൊരു അപകടമായി തോന്നാമെങ്കിലും ശരീരത്തിന്റെ ഒരു പ്രതിരോധ തന്ത്രമാണിത്. നേരെ നിൽക്കുമ്പോൾ ഹൃദയത്തിന് ഗുരുത്വാകർഷണത്തിനെതിരെ പ്രവർത്തിച്ച് രക്തം തലയിലേക്ക് എത്തിക്കേണ്ടതുണ്ട്. എന്നാൽ ബോധംകെട്ടു വീഴുമ്പോൾ ശരീരം നിലത്തിന് സമാന്തരമാകുന്നു. ഇതോടെ ഹൃദയത്തിന് രക്തം തലച്ചോറിലേക്ക് എത്തിക്കാൻ എളുപ്പമാകുന്നു.
രക്തത്തോടുള്ള അമിതമായ പേടിയാണ് ഹീമോഫോബിയ. ഇതൊരു രോഗമല്ല, മറിച്ച് ശരീരത്തിന്റെ ഒരു പ്രത്യേക രീതിയിലുള്ള പ്രതികരണമാണ്. ഇത്തരത്തിലുള്ളവർക്ക് രക്തം കാണുമ്പോഴോ സൂചി കുത്തുമ്പോഴോ തലകറക്കം അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഇരിക്കുകയോ കാലുകൾ ഉയർത്തി വെച്ച് കിടക്കുകയോ ചെയ്യുന്നത് ബോധക്ഷയം ഒഴിവാക്കാൻ സഹായിക്കും. ഹീമോഫോബിയ ഉള്ളവർക്ക് രക്തം കാണേണ്ടി വരുമ്പോൾ (ഉദാഹരണത്തിന് ബ്ലഡ് ടെസ്റ്റ് നടത്തുമ്പോൾ) ബോധക്ഷയം തടയാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഒരു രീതിയുണ്ട്. കൈകളിലെയും കാലുകളിലെയും വയറിലെയും പേശികൾ ഏകദേശം 10-15 സെക്കൻഡ് നേരത്തേക്ക് മുറുക്കി പിടിക്കുക. പിന്നീട് 20 സെക്കൻഡ് വിശ്രമിക്കുക. ഇത് ആവർത്തിക്കുന്നത് വഴി രക്തസമ്മർദം പെട്ടെന്ന് താഴുന്നത് തടയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

