പാട്ടുകൾ മൂളുന്നത് ഹൃദയമിടിപ്പിന്റെ വേഗത കുറക്കും, രക്തസമ്മർദം നിയന്ത്രിക്കും
text_fieldsപാട്ടുകൾ കേൾക്കുന്നതും പാടുന്നതും വെറുമൊരു വിനോദം എന്നതിലുപരി വലിയൊരു മാനസിക ശാരീരിക ഔഷധം കൂടിയാണ്. സംഗീതത്തിന് ശരീരത്തിലെ വേദനകളെ ഒരു പരിധിവരെ കുറക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് തലച്ചോറിന്റെ ശ്രദ്ധ വേദനയിൽ നിന്ന് മാറ്റുകയും എൻഡോർഫിൻ എന്ന പ്രകൃതിദത്ത വേദനസംഹാരികൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ക്രിസ്മസ് പാട്ടുകളോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട മറ്റേതെങ്കിലും ഈണങ്ങളോ മൂളുന്നത് വാഗസ് നാഡിയെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ നാഡികളിലൊന്നാണ് വാഗസ് നാഡി. തലച്ചോറിനെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. വാഗസ് നാഡി ഉത്തേജിപ്പിക്കപ്പെടുമ്പോൾ ശരീരം പാരാസിംപതറ്റിക് അവസ്ഥയിലേക്ക് മാറുന്നു. ഇത് സമ്മർദം കുറക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കുന്നു.
പാട്ടുകൾ മൂളുന്നത് ഹൃദയമിടിപ്പിന്റെ വേഗത കുറക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ പാട്ടുകൾ മൂളുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പാട്ടുകൾ മൂളുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ, ഓക്സിറ്റോസിൻ തുടങ്ങിയ ഫീൽ ഗുഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. വാഗസ് നാഡി കടന്നുപോകുന്നത് നമ്മുടെ വോക്കൽ കോഡിന് അടുത്തുകൂടിയാണ്. പാട്ടുകൾ മൂളുമ്പോൾ തൊണ്ടയിൽ ഒരു തരം പ്രകമ്പനം ഉണ്ടാകുന്നു. ഈ ശബ്ദതരംഗങ്ങൾ വാഗസ് നാഡിയെ നേരിട്ട് സ്പർശിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് നാഡിയിലൂടെ തലച്ചോറിലേക്ക് ശാന്തമാകാനുള്ള സന്ദേശങ്ങൾ അയക്കാൻ കാരണമാകുന്നു.
ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുമ്പോൾ തലച്ചോറിലെ 'അമിഗ്ദല' (പേടിയെ നിയന്ത്രിക്കുന്ന ഭാഗം) ശാന്തമാകുന്നു. ഇത് വാഗസ് നാഡിയെ കൂടുതൽ സജീവമാക്കുന്നു. പാട്ടിലെ വരികൾ ഉച്ചരിക്കുമ്പോഴും ഈണങ്ങൾ മൂളുമ്പോഴും ഈ പേശികൾ ചലിക്കുന്നു. ഈ ചലനം വാഗസ് നാഡിക്ക് ഒരു തരം മസാജ് നൽകുന്നതിന് തുല്യമാണ്. ഇത് ഉടനടി ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളെ കുറക്കുകയും പകരം സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
മൂക്കിലൂടെ മൂളുമ്പോൾ സാധാരണ ശ്വസിക്കുന്നതിനേക്കാൾ 15 മടങ്ങ് കൂടുതൽ നൈട്രിക് ഓക്സൈഡ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദ്ദം സ്വാഭാവികമായി കുറയുന്നു. സ്വാഭാവികമായ രീതിയിൽ ചെയ്യുക. വലിയ ശബ്ദത്തിൽ ചെയ്യണമെന്നില്ല. പ്രകമ്പനം അനുഭവപ്പെട്ടാൽ മാത്രം മതി. ദേഷ്യമോ ഉത്കണ്ഠയോ തോന്നുമ്പോൾ ഇത് ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ ആശ്വാസം ലഭിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

