യു.എസ്-ഇസ്രായേൽ ആക്രമണങ്ങളെ അതിജീവിച്ച് ഇറാൻ; തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം പുനർനിർമിക്കുന്നതായി റിപ്പോർട്ട്
text_fieldsതെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞ തന്ത്രപ്രധാനമായ റോഡുകൾ, മിസൈൽ താവളങ്ങൾ, നാവിക കേന്ദ്രങ്ങൾ എന്നിവ ഇറാൻ അതിവേഗം പുനർനിർമിക്കുന്നതായി റിപ്പോർട്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ‘വാൾസ്ട്രീറ്റ് ജേണൽ’ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം ആദ്യം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം വീണ്ടും ശക്തമായപ്പോഴും ഇറാൻ തങ്ങളുടെ സൈനിക ശേഷി നിലനിർത്തിക്കൊണ്ടുപോകുന്നത് വേഗത്തിലുള്ള ഇത്തരം പുനർനിർമാണ പ്രവർത്തനങ്ങൾ മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ഇറാനിലെ കൻഖാവറിലുള്ള മിസൈൽ താവളത്തിലേക്കുള്ള പ്രവേശന റോഡ് വ്യോമാക്രമണത്തിൽ പൂർണമായും തകർന്നിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ അതേ പ്രവേശന കവാടത്തിലേക്ക് പുതിയ ടാറിട്ട റോഡ് നിർമിച്ചതായി കാണപ്പെട്ടു. അതുപോലെ, ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) നിയന്ത്രണത്തിലുള്ള ബന്ദർ അൻസാലി തുറമുഖത്തും ജൂലൈ മാസത്തിന്റെ തുടക്കത്തിൽ പുനർനിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാർച്ച് മാസത്തിൽ ഈ തുറമുഖത്തിനും കമാൻഡ് സെന്ററിനും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. തെഹ്‌റാന് സമീപമുള്ള ഒരു മിസൈൽ നിർമാണ ശാലയിലും സമാനമായ രീതിയിൽ പുനർനിർമാണ പ്രവൃത്തികൾ നടന്നിട്ടുണ്ട്.
ഇറാനിലെ ദസ്ഫൂലിലുള്ള മിസൈൽ താവളം 2025 ജൂണിലും 2026 മാർച്ചിലും ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിൽ ബേസിന്റെ പ്രവേശന കവാടങ്ങൾ പൂർണമായി മൂടപ്പെട്ടെങ്കിലും, ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാനിയൻ എൻജിനീയർമാർ തുരങ്കങ്ങൾ വീണ്ടും തുറന്ന് പ്രവേശനം സാധ്യമാക്കിയതായി എയർബസിന്റെ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. കഴിഞ്ഞ വർഷവും ഈ വർഷവുമായി ഇറാനിൽ നടത്തിയ വിപുലമായ വ്യോമാക്രമണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഈ സംഭവങ്ങൾ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ‘പൂർണമായും തകർത്തു’ എന്നായിരുന്നു കഴിഞ്ഞ വർഷത്തെ യു.എസ് ആക്രമണങ്ങൾക്ക് ശേഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
ആക്രമണങ്ങളുടെ ആദ്യ അഞ്ച് ആഴ്ചകളിൽ 1,500ലധികം വ്യോമ പ്രതിരോധ കേന്ദ്രങ്ങളും 450ലധികം ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും ആയുധ നിർമാണ ശാലകളുടെ 90 ശതമാനവും നശിപ്പിച്ചതായി യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടിരുന്നു. തങ്ങൾ 18,000ത്തിലധികം ബോംബുകൾ വർഷിച്ചുവെന്നും ഇറാന്റെ 60 ശതമാനത്തോളം മിസൈൽ ലോഞ്ചറുകൾ തകർത്തുവെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ കണക്കുകൾ. എന്നാൽ, ഈ കനത്ത തിരിച്ചടികൾക്കിടയിലും തകർന്നടിഞ്ഞ സൈനിക അടിസ്ഥാന സൗകര്യങ്ങൾ അതിവേഗത്തിൽ പുനർനിർമിക്കാൻ ഇറാനു സാധിച്ചുവെന്നാണ് നിലവിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

