കപ്പലുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുമെന്ന് ട്രംപ്; ആരുടെയും ആസ്തികൾ സുരക്ഷിതമായിരിക്കില്ലെന്ന് അബ്ബാസ് അരാഗ്ചി
text_fieldsഅബ്ബാസ് അരാഗ്ചി, ട്രംപ്
വാഷിങ്ടൺ: മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ കപ്പലുകൾക്കും ചരക്കുകൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്തുന്നതിനായി ഉപയോഗിക്കുമെന്ന് ട്രംപ്. ഇനി മുതൽ ഗൾഫ് മേഖലയിലും പരിസരത്തുമുള്ള കപ്പലുകൾക്കോ ചരക്കുകൾക്കോ ഉണ്ടാകുന്ന ഏത് നഷ്ടത്തിനും അമേരിക്കയുടെ കൈവശമുള്ള ഇറാനിയൻ പണം ഉപയോഗിച്ച് നഷ്ടപരിഹാരം ഈടാക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾട ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ ഇതിന് ശക്തമായ രീതിയിൽ മറുപടി നൽകി ഇറാൻ രംഗത്തുവന്നു.
മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുത്ത് യാതൊരു ബന്ധവുമില്ലാത്ത ഭാവിയിലെ ആവശ്യങ്ങൾക്കായി പിടിച്ചെടുക്കുന്നത് അപകടകരമായ ഒരു കീഴ്‌വഴക്കമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഇത്തരം ഫണ്ടുകൾ കണ്ട് സന്തോഷിക്കുന്നവരും ലാഭം കൊയ്യുന്നവരും ഒന്ന് ഓർക്കണം. സർക്കാരുകൾ ഇത്തരം കണ്ടുകെട്ടലുകൾ സാധാരണവൽക്കരിച്ചാൽ പിന്നെ ആരുടെയും ആസ്തികൾ സുരക്ഷിതമായിരിക്കില്ലെന്നും, അതുണ്ടാക്കുന്ന അരാജകത്വം സമാധാനപരമായിരിക്കില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നിലവിൽ ഏകദേശം 100 ബില്യൺ ഡോളറോളം വരുന്ന ഇറാനിയൻ ആസ്തികൾ വിദേശ ബാങ്കുകളിലായി മരവിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം യു.എസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ ഫണ്ടുകളിൽ ചിലത് മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, യു.എസ് വീണ്ടും ആക്രമണങ്ങൾ പുനരാരംഭിച്ചതോടെ ആ നീക്കം പരാജയപ്പെടുകയായിരുന്നു.
അതേസമയം, അമേരിക്ക ഇറാനിൽ തുടർച്ചയായ പതിമൂന്നാം ദിവസവും വ്യോമാക്രമണം തുടരുകയാണ്. സൈനിക, വാണിജ്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടക്കുന്നത്. സൈനിക വിതരണങ്ങളുടെയും വ്യാപാര ചരക്കുകളുടെയും പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലും, ഹുർമുസ് കടലിടുക്കിൽ ആക്രമണം നടത്താൻ ശേഷിയുള്ള ഡ്രോൺ ബോഡുകൾ ഉൾപ്പെടെയുള്ള നാവിക ആസ്തികൾക്ക് നേരെയും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാനിലെ അഹ്‌വാസ് നഗരത്തിന് സമീപമുണ്ടായ യു.എസ് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇറാഖി മധ്യസ്ഥതയിലൂടെ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ഇറാഖി പ്രധാനമന്ത്രി അലി അൽ-സൈദി നേരിട്ടാണ് സമാധാന ദൂതുമായി തെഹ്‌റാനിലെത്തിയത്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ ഭാവി സുരക്ഷിതമാക്കാത്തതും സ്ഥിരപരിഹാരം കാണാത്തതുമായ യാതൊരു താത്കാലിക കരാറിനും തങ്ങൾ തയാറല്ലെന്ന് വ്യക്തമാക്കിയാണ് ഇറാനിയൻ അധികൃതർ കരാർ തള്ളിക്കളഞ്ഞത്.
എന്നാൽ അമേരിക്കൻ പ്രസിഡന്റ് തെഹ്‌റാനെയോ അവിടുത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യമിട്ട് വലിയ ആക്രമണം നടത്തുകയാണെങ്കിൽ, തിരിച്ചടിയായി ഇസ്രായേലിലെ തെൽ അവീവ് ആക്രമിക്കുമെന്നും യമനിലെ ഹൂതി വിമതരോട് ബാബുൽ-മന്ദബ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച ഈ സംഘർഷത്തിന്റെ പുതിയ ഘട്ടം മിഡിൽ ഈസ്റ്റിനെ വീണ്ടും വലിയൊരു യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

