അമേരിക്കയുടെ വെടിനിർത്തൽ കരാർ തള്ളി ഇറാൻ; തെൽ അവീവിനെ ആക്രമിക്കാൻ മടിക്കില്ല, ബാബുൽ മന്ദബിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
text_fieldsഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിയും
തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ, ഇറാഖി മധ്യസ്ഥതയിലൂടെ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ഇറാഖി പ്രധാനമന്ത്രി അലി അൽ-സൈദി നേരിട്ടാണ് സമാധാന ദൂതുമായി തെഹ്‌റാനിലെത്തിയത്. എന്നാൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന്റെ ഭാവി സുരക്ഷിതമാക്കാത്തതും സ്ഥിരപരിഹാരം കാണാത്തതുമായ യാതൊരു താത്കാലിക കരാറിനും തങ്ങൾ തയാറല്ലെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കി.
മറുഭാഗത്ത്, ഇറാഖ് വഴിയുള്ള സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അമേരിക്കൻ സൈനികാക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. ഇറാനിൽ തുടർച്ചയായ പതിമൂന്നാം ദിവസവും യു.എസ് സൈന്യം വ്യോമാക്രമണം നടത്തി. സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ പുതിയ മിസൈൽ ആക്രമണങ്ങൾ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമുദ്ര മേഖലയിലെ ഭീഷണികൾ പൂർണമായി തടയുന്നതിനുമാണ് ഈ ആക്രമണങ്ങളെന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. ഇറാനിലെ സൈനിക കമാൻഡ് സെന്ററുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. കൂടാതെ ഇറാനിലെ അഹ്‌വാസ് നഗരത്തിന് സമീപമുണ്ടായ യു.എസ് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ ഇപ്പോഴും ഒരു കരാറിന് പൂർണമായി തയാറായിട്ടില്ലെന്നും എന്നാൽ അമേരിക്കയുടെ ശക്തമായ തിരിച്ചടികൾക്ക് മുന്നിൽ അവർ വൈകാതെ അതിന് നിർബന്ധിതരാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളെയും അമേരിക്ക വിന്യമിച്ചിട്ടുണ്ടെന്നും, സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായേക്കാമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അമേരിക്ക വലിയ തോതിലുള്ള സൈനിക നീക്കങ്ങൾക്കും വൻ ആക്രമണങ്ങൾക്കും തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ സാഹചര്യങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെഹ്‌റാനെയോ അവിടുത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യമിട്ട് വലിയ ആക്രമണം നടത്തുകയാണെങ്കിൽ, തിരിച്ചടിയായി ഇസ്രായേലിലെ തെൽ അവീവ് ആക്രമിക്കുമെന്നും യമനിലെ ഹൂതി വിമതരോട് ബാബുൽ-മന്ദബ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫെബ്രുവരിയിൽ ആരംഭിച്ച ഈ സംഘർഷത്തിന്റെ പുതിയ ഘട്ടം മിഡിൽ ഈസ്റ്റിനെ വീണ്ടും വലിയൊരു യുദ്ധഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

