Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോസ് ആഞ്ചലസിൽ ഇന്ത്യൻ വനിതക്ക് ചരിത്രനേട്ടം; സിറ്റി അറ്റോർണിയായി മാരിസ റോയ്

text_fields
bookmark_border
marisa roy
cancel
camera_alt

മാരിസ റോയ്

വാഷിങ്ടൺ: ലോസ് ആഞ്ചലസിൽ ഇന്ത്യൻ വംശജയായ അഭിഭാഷക മാരിസ റോയ് സിറ്റി അറ്റോർണിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജയായ നിത്യ രാമൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് റോയിയുടെ വിജയം. ഇതോടെ നഗരത്തിലെ മൂന്ന് പ്രധാന നഗരവ്യാപക തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ രണ്ടെണ്ണത്തിലും ഇന്ത്യൻ വംശജരായ വനിതകൾ എത്തുന്ന ചരിത്രനേട്ടത്തിന് ലോസ് ആഞ്ചലസ് സാക്ഷിയായി.

കാലിഫോർണിയ ഡെപ്യൂട്ടി അറ്റോർണി ജനറലായ മാരിസ റോയ് രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണി ജോൺ മക്കിന്നിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. റോയിയുടെ മാതാവ് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും കുടുംബത്തിന്റെ കുടിയേറ്റ പശ്ചാത്തലം അവർ ഉയർത്തിക്കാട്ടിയിരുന്നു.

നഗരത്തിലെ മൂന്നാമത്തെ പ്രധാന പദവിയായ സിറ്റി കൺട്രോളറായി ഫിലിപ്പിനോ അമേരിക്കൻ കെന്നത്ത് മെജിയ നേരത്തേ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ലോസ് ആഞ്ചലസ് ചരിത്രത്തിൽ ആദ്യമായി നഗരവ്യാപകമായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പ്രധാന സ്ഥാനങ്ങളിലും ഏഷ്യൻ അമേരിക്കൻ വംശജർ എത്തും.

ഇന്ത്യയിൽനിന്ന് ആറാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിയ നിത്യ രാമൻ മേയർ പദവിയിലെത്തിയതും മാരിസ റോയിയുടെ വിജയവും ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ മുന്നേറ്റത്തിലെ ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. റോബർട്ട് ബോണ്ട ഉൾപ്പെടെയുള്ള പ്രമുഖരുടെയും വിവിധ ഏഷ്യൻ അമേരിക്കൻ സംഘടനകളുടെയും പിന്തുണ റോയിക്ക് ലഭിച്ചിരുന്നു.

നഗരത്തിന്റെ ഭരണനിർവഹണത്തിന് നേതൃത്വം നൽകുന്നത് മേയറാണ്. നഗരത്തെ നിയമപരമായി പ്രതിനിധീകരിക്കുക, ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകുക, നിയമങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുക എന്നിവയാണ് സിറ്റി അറ്റോർണിയുടെ പ്രധാന ചുമതലകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Historic Win for LA Women
Next Story