ലോസ് ആഞ്ചലസിന് ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതാ മേയർ; കരൺ ബാസിനെ തോൽപ്പിച്ച് നിത്യ രാമൻ
text_fieldsനിത്യ രാമൻ
ലോസാഞ്ചലസ്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ-അമേരിക്കൻ വനിത മേയറാകുന്നു. തിരുവനന്തപുരത്ത് ജനിച്ച നിത്യ രാമനാണ് നിലവിലെ മേയർ കരൺ ബാസിനെ പരാജയപ്പെടുത്തി ഈ നേട്ടം കൈവരിച്ചത്. നഗരത്തിന്റെ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിത്യ.
ഡിസിഷൻ ഡെസ്ക് എച്ച് ക്യു പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിത്യ രാമൻ 51.1 ശതമാനം വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. നിലവിലെ മേയർ കരൺ ബാസിന് 48.33 ശതമാനം വോട്ടുകളിൽ മാത്രമാണ് ഒതുങ്ങേണ്ടി വന്നത്.
കഴിഞ്ഞ ആറ് വർഷത്തോളമായി ലോസ് ആഞ്ചലസിലെ ഡിസ്ട്രിക്ട് 4 നെ പ്രതിനിധീകരിച്ച് ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിൽ അംഗമായിരുന്ന വ്യക്തിയാണ് നിത്യ. കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിത എന്ന ചരിത്രനേട്ടവും, ആദ്യത്തെ ദക്ഷിണേഷ്യൻ വംശജ എന്ന അപൂർവ്വ നേട്ടവും നിത്യ രാമന് തന്നെയാണ്.
കാലിഫോർണിയയിൽ അർബൻ പ്ലാനർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന നിത്യ രാമൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് തന്നെ നഗരത്തെ വലക്കുന്ന ഭവനരഹിതരുടെ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നഗരത്തിലെ കുതിച്ചുയരുന്ന ജീവിതച്ചെലവും, സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും മുൻനിർത്തിയായിരുന്നു അവരുടെ പ്രചാരണം മുഴുവൻ.
ഈ ജനകീയ സമീപനമാണ് യുവ വോട്ടർമാർക്കിടയിൽ നിത്യക്ക് വലിയ പിന്തുണ നേടിക്കൊടുത്തത്. 2028ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ലോസ് ആഞ്ചലസ് നഗരം ഒരുങ്ങുന്ന നിർണ്ണായക സമയത്താണ് നിത്യ രാമൻ നഗരത്തിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
1981 ജൂലൈ 28നാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരത്താണ് അവർ ജനിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവനന്തപുരം കോട്ടക്കകത്ത്, രാമസ്വാമി കോവിൽ തെരുവിലായിരുന്നു നിത്യയുടെ കുടുംബം താമസിച്ചിരുന്നത്. കെൽട്രോണിക്സിലെ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന സുധയുമാണ് അവരുടെ മാതാപിതാക്കൾ.
തിരുവനന്തപുരത്തുണ്ടായിരുന്ന കുടുംബവീട് നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇപ്പോൾ കുടുംബാംഗങ്ങളാരും കോട്ടക്കകത്ത് താമസിക്കുന്നില്ല. നിത്യക്ക് വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ തമിഴ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറിയത്.
ഹാർവാർഡ് സർവകലാശാലയിലും എംഐടിയിലും ആയിരുന്നു നിത്യയുടെ ഉപരിപഠനം. പഠനം പൂർത്തിയാക്കിയ ശേഷം രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ അവർ 2020ൽ നടന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2024ൽ വീണ്ടും മത്സരിച്ചപ്പോഴും ആ വിജയം ആവർത്തിക്കാൻ നിത്യക്ക് സാധിച്ചു. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർലേക്കിലാണ് നിത്യയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.

