കാലിഫോർണിയയിൽ വോട്ടുകൾ തടയാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി; എല്ലാ ബാലറ്റുകളും എണ്ണാൻ അനുമതി നൽകി സുപ്രീംകോടതി
text_fieldsവാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാലിഫോർണിയയിലെ 20,000ത്തിലേറെ വോട്ടുകൾ എണ്ണുന്നത് തടയാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. തപാൽ വോട്ടുകളിലൂടെ രേഖപ്പെടുത്തിയ ഈ വോട്ടുകൾ എണ്ണുന്നത് താൽക്കാലികമായി തടയണമെന്ന നീതിന്യായ വകുപ്പിന്റെ അടിയന്തര ഹരജി സുപ്രീംകോടതി തള്ളി. ഇതോടെ കാലിഫോർണിയക്ക് എല്ലാ ബാലറ്റുകളും എണ്ണാനാകും.
വോട്ടർപട്ടികയിലുള്ള 20,000ത്തിലേറെ പേർ അമേരിക്കൻ പൗരന്മാരല്ലെന്നാണ് ഫെഡറൽ അധികൃതരുടെ ആരോപണം. ഇവരുടെ തപാൽ വോട്ടുകൾ പ്രത്യേകം മാറ്റിവെക്കണമെന്നും പൗരത്വം സ്ഥിരീകരിച്ചശേഷം മാത്രമേ എണ്ണാവൂ എന്നുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. എന്നാൽ, വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നതാണ് ഈ നീക്കമെന്ന് കാലിഫോർണിയ അധികൃതർ കോടതിയിൽ വാദിച്ചു.
തിങ്കളാഴ്ച ഹരജി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ സുപ്രീംകോടതി ഇത് തള്ളുകയായിരുന്നു. പതിവുപോലെ ഉത്തരവിൽ തീരുമാനത്തിന് പ്രത്യേക വിശദീകരണം നൽകിയിട്ടില്ല. ഒരു ജഡ്ജിയും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. നേരത്തേ ഫെഡറൽ അപ്പീൽ കോടതിയും ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം നിരസിച്ചിരുന്നു.
സുപ്രീംകോടതി തീരുമാനത്തെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം സ്വാഗതം ചെയ്തു. ജനാധിപത്യത്തിനെതിരായ ഫെഡറൽ സർക്കാറിന്റെ അപകടകരമായ നീക്കങ്ങൾക്കിടയിൽ എല്ലാ അമേരിക്കക്കാർക്കും ആശ്വാസം നൽകുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായിരിക്കുമെന്ന് കാലിഫോർണിയക്കാർക്ക് ഉറപ്പുണ്ടാകാമെന്നും ന്യൂസം പറഞ്ഞു.
അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രധാന ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ് ഭരണഘടന നൽകുന്നത്. ഫെഡറൽ സർക്കാറിന് മേൽനോട്ട അധികാരങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് നടപടികളിൽ നേരിട്ട് ഇടപെടുന്നത് അപൂർവമാണ്. 1996ലെ ഫെഡറൽ നിയമപ്രകാരം അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. ഈ നിയമം നടപ്പാക്കുന്നതിൽ കാലിഫോർണിയ തടസ്സം സൃഷ്ടിക്കുകയാണെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം.
എന്നാൽ, പൗരന്മാരല്ലാത്തവർക്ക് വോട്ട് ചെയ്യുന്നത് തടയാൻ സംസ്ഥാനത്ത് ശക്തമായ സംവിധാനങ്ങളുണ്ടെന്നും ഫെഡറൽ അധികൃതർ തയാറാക്കിയ പട്ടികയിൽ പിഴവുകളുണ്ടാകാമെന്നും കാലിഫോർണിയ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലും സമാനമായി പൗരന്മാരല്ലെന്ന് സംശയിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയ ചിലർ പിന്നീട് അമേരിക്കൻ പൗരത്വം നേടിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ലോസ് ആഞ്ചലസിലെ ഫെഡറൽ ജഡ്ജിയും നിരീക്ഷിച്ചിരുന്നു.
അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനവും ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രവുമാണ് കാലിഫോർണിയ. ജനപ്രതിനിധി സഭയിലേക്ക് സംസ്ഥാനത്തിന് 52 സീറ്റുകളുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ഇതിനിടെയാണ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുണ്ടായത്.

