Begin typing your search above and press return to search.
proflie-avatar
Login

നബാത്തിയൻസിന്‍റെ നിഗൂഢ ലോകം

വി.കെ ഷമീം എഴുതുന്ന ജോർദാൻ യാത്രാനുഭവം - ഭാഗം നാല്

നബാത്തിയൻസിന്‍റെ നിഗൂഢ ലോകം
cancel
camera_alt

പെട്രയിലെ അൽ ഖസ്നെ എന്നറിയപ്പെടുന്ന ട്രഷറിക്ക് മുന്നിലുള്ള സഞ്ചാരികൾ              ചിത്രങ്ങൾ: വി.കെ. ഷമീം

വാദി മൂസയിലെ തണുത്ത പുലർകാലം. മലനിരകൾക്കിടയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങാൻ തുടങ്ങിയതേയുള്ളൂ. രാവിലെ 6.30ഓടെ പെട്ര വിസിറ്റേഴ്സ് സെന്‍ററിലെത്തി. ഇവിടെനിന്ന് ടിക്കറ്റ് എടുത്തിട്ട് വേണം ജോർദാനിലെ ഏറ്റവും പ്രശസ്തവും ലോകാത്ഭുതവുമായ പെട്രയിലേക്ക് (Petra) പ്രവേശിക്കാൻ. അതിരാവിലെ ആളുകൾ കുറവാണ്. സെപ്റ്റംബറായതിനാൽ ഉച്ചക്ക് ചൂടുണ്ടാകും. ഒക്ടോബറോടെയാണ് ജോർദാനിൽ തണുപ്പുകാലം ആരംഭിക്കുക. നട്ടുച്ചയിലെ ചൂട് ഒഴിവാക്കാനാണ് പെട്ര കാണാൻ അതിരാവിലെ തെരഞ്ഞെടുത്തത്. ആറ് മണി മുതൽ ഇവിടേക്ക് പ്രവേശനം ആരംഭിക്കും. 50 ജോർദാൻ ദിനാറാണ് ഒരു ദിവസത്തെ നിരക്ക്. അതായത് ഏകദേശം 5500 രൂപ വരും. നാട്ടിൽനിന്ന് തന്നെ വിസയുടെ നിരക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റും ഉൾപ്പെടുന്ന ജോർദാൻ പാസ് എടുത്തതിനാൽ ഇവിടത്തെ ഭീമമായ തുക ലാഭിക്കാനായി. 60 ദിനാർ കൊടുത്താൽ തുടർച്ചയായി മൂന്ന് ദിവസം വരെ പെട്ര (പെത്ര എന്നാണ് ജോർദാനിലുള്ളവർ ഉച്ചരിക്കുന്നത്) സന്ദർശിക്കാം. രാത്രിയും വാദി മൂസയിലേക്ക് പ്രവേശനമുണ്ട്. ഇതിന് പ്രത്യേക ടിക്കറ്റെടുക്കണം.

ജോർദാൻ പാസ് കൗണ്ടറിൽ കാണിച്ചതോടെ ടിക്കറ്റ് കിട്ടി. കൂടെ ഇംഗ്ലീഷിലുള്ള ഒരു കൈപുസ്തകവും. എന്തെല്ലാമാണ് കാണാനുള്ളത്, അവയുടെ റൂട്ട് മാപ്പ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും കൈയിൽ കരുതി. പെട്രയുടെ അകത്ത് വെള്ളത്തിനും ഭക്ഷണത്തിനുമെല്ലാം കൊല്ലുന്ന വിലയാണെന്ന് മുന്നെ പോയവർ പറഞ്ഞിട്ടുണ്ട്.

ഇനിയങ്ങോട്ട് നടക്കണം. ചുറ്റും വലിയ മലകളാണ്. ചുവപ്പും റോസും ചേർന്ന നിറമാണ് അവക്ക്. നടത്തത്തിനിടയിൽ ആദ്യം കാണുക ജിന്ന് േബ്ലാക്ക്സ് ആണ്. ഇതിന് അടുത്താണ് ഒബേലിസ്ക് ടോമ്പ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പുരാതന അറബ് ജനതയായ നബാത്തിയൻസ് (Nabateans) മലതുരന്ന് സൃഷ്ടിച്ച ശവകുടീരങ്ങളാണിത്. അതിനുശേഷം നമ്മളെത്തുക പഴയ ഒരു ഡാമിന് സമീപമാണ്. അക്കാലത്ത് പ്രളയത്തിൽനിന്ന് രക്ഷപ്പെടാൻ നിർമിച്ചതാണിത്. ഹൈഡ്രോളജിക്കൽ എൻജിനീയറിങ്ങിൽ അഗ്രഗണ്യരായിരുന്ന നബാത്തിയൻസ് പാറകൾ വെട്ടി 88 മീറ്റർ നീളത്തിൽ ടണൽ ഒരുക്കിയാണ് ഡാമിലേക്ക് വെള്ളം എത്തിച്ചിരുന്നത്.

അത്ഭുത ലോകത്ത്

ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞതോടെ പാതയുടെ വീതി ചുരുങ്ങി. ഇനി സിഖ് (Siq) എന്നറിയപ്പെടുന്ന ഇടുങ്ങിയ വഴിയിലൂടെയാണ് നടത്തം. വല്ലാത്തൊരു അനുഭവം തന്നെയാണിത്. മൂന്ന് മീറ്ററിൽ താഴെയാണ് പലയിടത്തും വഴിയുടെ വീതി. തലക്ക് മുകളിൽ ഇരുവശത്തും കൂറ്റൻ പാറകൾ. അതിനിടയിലൂടെ ചെറിയ രീതിയിൽ വെളിച്ചം വരുന്നു. ഏതോ നിഗൂഢ ലോകത്തേക്ക് സഞ്ചരിക്കുന്ന പ്രതീതി. 1.2 കിലോമീറ്റർ ദൂരം ഈ സിഖിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ മറ്റൊരു ലോകത്തേക്കാണ് നമ്മൾ എത്തുക.

ആദ്യം തന്നെ കാണുക പെട്രയിലെ അൽ ഖസ്നെ എന്നറിയപ്പെടുന്ന ട്രഷറിയാണ്. പുരാതന കാലത്തെ അതിമനോഹര നിർമിതികളിലൊന്നായ ഇത് ഒരു പർവതത്തിന്‍റെ വശത്തായി പാറയിൽ കൊത്തിയെടുത്തതാണ്. ഭീമാകാരമായ തൂണുകളടക്കം 40 മീറ്ററിലധികം ഉയരമുണ്ട് ഇതിന്. ഇതൊരു രാജകീയ ശവകുടീരമായിരുന്നെങ്കിലും, കടൽക്കൊള്ളക്കാർ തങ്ങളുടെ നിധി ഇവിടെ ഒളിപ്പിച്ചുവെന്ന ഐതിഹ്യത്തിൽ നിന്നാണ് ട്രഷറി എന്ന പേര് ലഭിച്ചത്. ബി.സി ഒന്നാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ട്രഷറി കഴിഞ്ഞതോടെ പിന്നീടങ്ങോട്ട് കാഴ്ചയുടെ പൂരപ്പറമ്പാണ്. ഓരോ മലയിലും അത്ഭുതങ്ങളാണ് നബാത്തിയൻസും പിന്നീട് വന്ന റോമക്കാരുമെല്ലാം ഒരുക്കിവെച്ചിരിക്കുന്നത്.

പെട്രയിലെ സിഖ് എന്നറിയപ്പെടുന്ന വഴി

കിലോമീറ്ററുകൾ പരന്നുകിടക്കുന്ന അതിവിശാലമായ ലോകമാണ് പെട്ര. നബാത്തിയൻസിന്‍റെ കാലത്തെ രാജകീയ ശവകുടീരങ്ങൾ, റോമക്കാർ നിർമിച്ച തിയറ്റർ, ജലസംഭരണത്തിന് ഉപയോഗിച്ചിരുന്ന നെംഫേയം, എ.ഡി അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ചു എന്ന് കരുതപ്പെടുന്ന ചർച്ച്, പുരാതന പെട്രയിലെ വാണിജ്യ തെരുവായ കൊളന്നാഡെഡ് സ്ട്രീറ്റ്, ബി.സി ഒന്നാം നൂറ്റാണ്ടിൽ നബാത്തിയൻസ് നിർമിച്ച അതിവിശാലമായ ക്ഷേത്രം, പെട്രയുടെ ഏറ്റവും അറ്റത്തുള്ള 'അദ് ദെയർ' എന്ന മൊണാസ്ട്രി തുടങ്ങി എണ്ണിയാലൊതുങ്ങാത്ത കാഴ്ചകളും വിശേഷങ്ങളുമാണ് ഇവിടെയുള്ളത്.

മാപ്പിൽ നോക്കി ഞങ്ങൾ ഓരോന്നായി കാണാൻ തുടങ്ങി. പലതും തമ്മിൽ 200ഉം 300ഉം മീറ്ററുകൾ തമ്മിൽ വ്യത്യാസമുണ്ട്. വലിയ മലനിരകൾ കയറി വേണം പല കാഴ്ചകളും കാണാം. ഏകദേശം നാല് കിലോമീറ്റർ മലനിരകളിലൂടെ സഞ്ചരിച്ച് വേണം അദ് ദെയർ മൊണാസ്ട്രിയിലെത്താൻ. കൂടുതൽ ദൂരം നടക്കാൻ പ്രയാസമുള്ളവർക്ക് സവാരിക്കായി ഒട്ടകങ്ങളെയും കഴുതകളെയും ലഭിക്കും. പലയിടത്തും ഭക്ഷണശാലകളും സുവനീർ ഷോപ്പുകളുമെല്ലാമുണ്ട്. ചിലയിടങ്ങളിൽ ഊദും പലവ്യഞ്ജനങ്ങളുമെല്ലാം വിൽക്കുന്ന കടകൾ കാണാം.

പെട്രയിൽ മലതുരന്നുണ്ടാക്കിയ വിവിധ നിർമിതികൾ

പെട്രയിലെ ഓരോ കാഴ്ചകളിലേക്കും ഇറങ്ങിച്ചെല്ലുമ്പോൾ നമ്മുടെ ഉള്ളിൽ അത്ഭുതം നിറയും. അക്കാലത്തെ ജനങ്ങൾ എത്ര വൈദഗ്ധ്യത്തോടെയാണ് ഇവയെല്ലാം നിർമിച്ചതെന്ന് ആലോചിക്കുമ്പോൾ അതിശയം വരും. അന്ന് ഇവിടെ എങ്ങനെ ആളുകൾ ജീവിച്ചു എന്നത് നേരിട്ട് കാണാൻ മനസ്സിൽ കൊതിതോന്നും. ടൈം മെഷീൻ ഉപയോഗിച്ച് അക്കാലത്തേക്ക് സഞ്ചരിക്കാൻ തോന്നിയ നിമിഷം. ഇവിടത്തെ ഓരോ കല്ലുകൾക്കും ഒരായിരം കഥകൾ പറയാനുണ്ടാകില്ലേ?.

പെട്രയുടെ ചരിത്രം

ബി.സി 7000 മുതൽ പെട്രക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജനവാസമുള്ളതായാണ് കണക്കാക്കുന്നത്. നബാത്തിയൻസ് ബി.സി നാലാം നൂറ്റാണ്ടിൽ തങ്ങളുടെ രാജ്യത്തിന്‍റെ തലസ്ഥാന നഗരമായി പെട്രയെ മാറ്റിയെന്ന് വിശ്വസിക്കപ്പെടുന്നു. കന്നുകാലികൾക്ക് മേച്ചിൽപ്പുറവും വെള്ളവും തേടി അറേബ്യയിലെ മരുഭൂമികളിലൂടെ അലഞ്ഞുനടന്ന ബദൂവിയൻ (നാടോടികൾ) ഗോത്രങ്ങളിൽ ഒന്നായിരുന്നു നബാത്തിയൻസും. ഇവർ പെട്രയിൽ സ്ഥിരതാമസമാക്കി പുതിയ നാഗരികത കെട്ടിപ്പടുത്തു.

ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് പെട്ര. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. കല്ല് എന്നാണ് പെട്ര എന്ന ഗ്രീക്ക് വാക്കിന്‍റെ അർഥം. അവർ ക്ഷേത്രങ്ങളും ശവകുടീരങ്ങളും വിശാലമായ കെട്ടിടങ്ങളും ഖര പാറയിൽ കൊത്തിയെടുത്തു. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അക്കാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വാണിജ്യ ഇടനാഴിയിലെ പ്രധാന കേന്ദ്രമായിരുന്നു പെട്ര. എ.ഡി 106ൽ ഈ പ്രദേശം റോമക്കാരുടെ കീഴിലായി. ഇതോടെ പെട്ര വീണ്ടും അഭിവൃദ്ധി പ്രാപിച്ചു. അക്കാലത്ത് 30,000 പേരെങ്കിലും ഇവിടെ താമസിച്ചിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു. ഏഴാം നൂറ്റാണ്ടിൽ മുസ്ലിം ഭരണകൂടങ്ങൾക്ക് കീഴിലായി ഈ നാട്. ഇവർ സമ്പന്നരായ ജനതയായിരുന്നുവെന്ന് ഇവിടെനിന്ന് ലഭിച്ച വെള്ളി നാണയങ്ങളടക്കം സാക്ഷ്യപ്പെടുത്തുന്നു. പല കാലങ്ങളിലുണ്ടായ ഭൂകമ്പത്തിൽ പെട്രയിലെ നിർമിതികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

പാറ തുരന്നുണ്ടാക്കിയ ഗുഹയിൽനിന്നുള്ള കാഴ്ച

മലനിരകൾക്കിടയിൽ ഇങ്ങനെയൊരു ലോകമുണ്ടെന്ന കാര്യം ബദൂവിയൻസിനും അറബ് വ്യാപാരികൾക്കും മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. 1812ൽ സ്വിസ് പര്യവേഷകൻ ജോഹാൻ ലുഡ്വിഗ് ബർക്ക്‌ഹാർട്ട് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആധുനിക പാശ്ചാത്യ ലോകത്തെ അറിയിക്കുന്നത്. മുസ്ലിം വേഷധാരിയായി തന്ത്രപൂർവമാണ് ഇദ്ദേഹം ഇവിടെ എത്തിയത്. 1984 വരെ ഇവിടത്തെ ഗുഹകളിൽ ജനവാസമുണ്ടായിരുന്നു. എന്നാൽ, പെട്രയിലെ പുരാതന നിർമിതികൾ നശിക്കുമോ എന്ന ഭയത്താൽ ജനങ്ങളെ വാദി മൂസയിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നിപ്പോൾ പല ഹോളിവുഡ് ചിത്രങ്ങൾക്കും പെട്ര അരങ്ങൊരുക്കിയിട്ടുണ്ട്.

കാഴ്ചകൾ കണ്ട് വീണ്ടും ട്രഷറിയുടെ മുന്നിൽ മടങ്ങിയെത്തി. രാവിലെ കണ്ടതുപോലെയല്ല ഇപ്പോൾ. സഞ്ചാരികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട് ഇവിടം. ലോകാത്ഭുതത്തിന് മുന്നിൽ അതിശയം കൂറിയിരിക്കുന്നു അവർ. സെൽഫിയെടുത്തും വിഡിയോകൾ പകർത്തിയും അവർ ആ അത്ഭുതത്തെ നാളെയുടെ ഓർമകളിലേക്ക് സൂക്ഷിക്കുന്നു. സഞ്ചാരികളിൽ അധികവും പാശ്ചാത്യ നാടുകളിൽനിന്ന് വന്നവരാണ്. ഇന്ത്യക്കാരുടെ എണ്ണം താരതമ്യേനെ കുറവാണ്.

പെട്രയിലെ റോമൻ തിയറ്ററും മറ്റു നിർമിതികളും

ഏകദേശം ആറ് മണിക്കൂർ ഞങ്ങൾ പെട്രയിൽ ചെലവഴിച്ചു. ഇവിടം വിശദമായി കണാനും മനസ്സിലാക്കാനുമെല്ലാം യഥാർഥത്തിൽ ദിവസങ്ങൾ വേണം. ഉച്ചയോടെ മടക്കമാരംഭിച്ചു. അപ്പോഴും ആളുകളുടെ വരവ് കൂടിയിട്ടേയുള്ളൂ. പ്രായമായവർ ഇലക്ട്രിക് വാഹനത്തിലാണ് വരുന്നത്. ഒരു മണിയോടെ വിസിറ്റേഴ്സ് സെന്‍ററിന് അടുത്തെത്തി. ഇവിടെ ഒരു മ്യൂസിയമുണ്ട്. പെട്രയിൽ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഇതിൽ കാണാനാകും.

സുവർണ നഗരം

മ്യൂസിയത്തിൽനിന്ന് ഇറങ്ങി നഗരത്തിലൂടെ ഒന്ന് ചുറ്റിക്കറങ്ങി. മലമുകളിലെ ഭംഗിയാർന്ന ചെറിയ നഗരമാണ് വാദി മൂസ. തവിട്ടുനിറത്തിലെ മലകൾക്കിടയിൽ സുവർണ നിറത്തിൽ തീർത്ത കെട്ടിടങ്ങൾ നിറകാഴ്ചയേകുന്നു. തലസ്ഥാനമായ അമ്മാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് വാദി മൂസ. ടൂറിസത്തെ ആശ്രയിച്ചാണ് ഇന്നീ നഗരം നിലകൊള്ളുന്നത്. നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും ലയത്‌ന ഗോത്രത്തിൽ പെട്ടവർ. പലരും കുതിര വണ്ടികളെ ഇന്നും യാത്രക്കായി ആശ്രയിക്കുന്നത് കാണാം. തെരുവുകളിലൂടെ നടക്കുമ്പോൾ വാഹനങ്ങളുടെ ഇരമ്പലിനൊപ്പം കുതിരകളുടെ കുളമ്പടിയും കാതിൽ പതിയും.

വാദി മൂസ നഗരം

പ്രവാചകൻ മൂസയുടെ പേരിലറിയപ്പെടുന്ന നാട് കൂടിയാണിത്. മൂസ നബി തന്‍റെ ജനതയുമായി താഴ്‌വരയിലൂടെ കടന്നുപോവുകയും ഇവിടെയുള്ള പാറയിൽ വടികൊണ്ട് അടിച്ച് വെള്ളം എടുക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. നഗരത്തിൽ തന്നെയാണ് ഈ നീരുറവയുള്ളത്. ഇതൊരു പ്രധാന തീർഥാടന കേന്ദ്രമാണ് ഇന്ന്. ഇതിൽനിന്ന് പെട്ര നഗരത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലുകൾ നബാത്തിയൻസ് നിർമിച്ചിരുന്നു. ഇത്തരത്തിൽ ഇസ്ലാം, ജൂത, ക്രിസ്ത്യൻ മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി തീർഥാടന കേന്ദ്രങ്ങളാണ് ജോർദാനിൽ കാണാനാവുക. എന്നാൽ, നമ്മുടെ നാട്ടിൽ നടക്കുന്നതുപോലെ, ഇവയെ ചുറ്റിപ്പറ്റി യാതൊരുവിധ ആത്മീയ ചൂഷണങ്ങളും കാണാനാകില്ല.

വാദി മൂസയോടും പെട്രയോടും വിടപറയാൻ നേരമായി. താരീഖിന്‍റെ ടാക്സി കാറിൽ കയറി. നഗരം പിന്നിട്ടതോടെ മലമുകളിൽ ഒരിടത്ത് വണ്ടി നിർത്തി. എന്നിട്ട് അദ്ദേഹം ദൂരേക്ക് കൈചൂണ്ടി പറഞ്ഞു, 'ആ കാണുന്ന മലനിരകൾക്കിയിലാണ് പെട്ര ഒളിച്ചുനിൽക്കുന്നത്'. അതിനിടയിൽ ഇത്രയും വിശാലമായൊരു ലോകം നിലകൊള്ളുന്നുവെന്ന കാര്യം ഒരാൾക്കും മനസ്സിലാകില്ല. പുറംലോകത്തുനിന്ന് ഒരാൾക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്തിനാൽ തന്നെയാണ് നബാത്തിയൻസിനെ ദീർഘകാലം വൈദേശിക ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയത്.


മൂസ നബി വടികൊണ്ട് അടിച്ച് വെള്ളം ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം

ഇവിടത്തെ ഏറ്റവും വലിയ മലയും താരീഖ് കാണിച്ചുതന്നു. ജബൽ ഹാറൂൺ എന്നാണ് അതിന്‍റെ പേര്. പ്രവാചകൻ മൂസയുടെ സഹോദരൻ ഹാറൂൺ നബിയെ ഇവിടെയാണ് ഖബറടക്കിയതെന്ന് പറയപ്പെടുന്നു. ഈ മലക്ക് മുകളിൽ ചെറിയൊരു പള്ളിയുണ്ട്. ഇതും തീർഥാടന കേന്ദ്രമാണ്. കിലോമീറ്ററുകൾ നടന്നിട്ട് വേണം അതിന് മുകളിലെത്താൻ. സ്വിസ് പര്യവേഷകൻ ജോഹാൻ ലുഡ്വിഗ് ബർക്ക്‌ഹാർട്ട് ഹാറൂൺ മലയിലേക്ക് തീർഥാടകനായി എത്തിയാണ് പെട്രയെ കുറിച്ച് മനസ്സിലാക്കുന്നതും പുറംലോകത്തെ അറിയിക്കുന്നതും. വീണ്ടും കാറിൽ കയറി. ഇനി ലക്ഷ്യം ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന വാദി റമ്മാണ്. താരീഖിന്‍റെ വണ്ടി കുതിച്ചുപായുമ്പോൾ വാദി മൂസയും പെട്രക്ക് കാവൽനിക്കുന്ന മലനിരകളും കാഴ്ചയിൽനിന്ന് മാഞ്ഞുകൊണ്ടിരുന്നു.

വാദി മൂസ നഗരത്തിന്‍റെ വിദൂരദൃശ്യം. ഇടതുഭാഗത്തെ മലനിരകൾക്കിടയിലാണ് പെട്രയുള്ളത്

തുടരും

ഭാഗം 1 -അപരദേശത്തെ അതിജീവിതങ്ങൾ
ഭാഗം 2-റോമൻ തിയറ്ററിൽ ദഫിന്റെ താളത്തിലൊരു മലയാള ഗാനം
ഭാഗം 3 -ജോർദാൻ നദിയോരത്തെ ഇസ്രായേൽ പട്ടാളക്കാരും ലൂതിന്റെ പേരിലുള്ള രണ്ട് പാറകളും!

Show More expand_more
News Summary - Travelogue Jordan By vk shameem