Begin typing your search above and press return to search.
proflie-avatar
Login

അപരദേശത്തെ അതിജീവിതങ്ങൾ -വി.കെ ഷമീം എഴുതുന്ന ജോർദാൻ യാത്രാനുഭവം

ഭാഗം ഒന്ന്​

അപരദേശത്തെ അതിജീവിതങ്ങൾ -വി.കെ ഷമീം എഴുതുന്ന ജോർദാൻ യാത്രാനുഭവം
cancel
camera_alt

ജോർദനിലെ പെട്ര (Representational image)

2003ലെ റമദാൻ നോമ്പുകാലം. അന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്​. നോമ്പുകാലമായതിനാൽ സ്കൂൾ 2.30ന്​ അവസാനിക്കും. ബെല്ലടിച്ചാൽ നേരെ പോവുക സമീപത്തെ ബസ്​സ്റ്റാൻഡിന്​ മുന്നിലുള്ള ഓടിട്ട കെട്ടിടത്തിലേക്കാണ്​. അവിടെ ഡോ. മുസ്തഫ കമാൽ പാഷയും ഡോ. പി.കെ. അബ്​ദുറസാഖ്​ സുല്ലമിയും ചേർന്ന്​ ഒരുക്കിയ 'ഖുർആനിലെ ചരിത്ര ഭൂമികളിലൂടെ' എന്ന വിഡിയോ സമാഹാരത്തിന്‍റെ പ്രദർശനമുണ്ട്​. ഇരുട്ടുമൂടിയ ആ മുറിയിലെ 14 ഇഞ്ച്​ ടി.വിയിലൂടെയാണ്​ ആദ്യമായി ലോകത്തിന്‍റെ കാഴ്ചകളിലേക്ക്​ പ്രകാശം ലഭിക്കുന്നത്​. (അന്ന്​ വിഡിയോ കാസറ്റിലായിരുന്നു പ്രദർശനം. ഇപ്പോൾ ഈ വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്​). സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്​ തുടങ്ങി വിവിധ രാജ്യങ്ങളുടെ കാഴ്ചകൾ ഒപ്പിയെടുത്ത്​ ചരിത്ര സഹിതം അവർ വിവരിച്ചു. ചാവുകടലിൽ കിടന്ന്​ പുസ്തകം വായിക്കുന്നവരുടെ ദൃശ്യമെല്ലാം അന്നത്തെ 14കാരന്‍റെ മനസ്സിൽ അത്​ഭുതമുളവാക്കി​. '90കളുടെ അവസാനത്തിൽ ഒരുക്കിയ ഈ പരമ്പര മലയാളത്തിലെ ആദ്യകാല ദൃശ്യയാത്ര വിവരണങ്ങളിലൊന്നയിരുന്നു​.

അന്നുറപ്പിച്ചതാണ്, ഈ മനോഹര നാടുകളിലൂടെ സഞ്ചരിക്കണമെന്നത്​. ചരിത്രം സ്പന്ദിക്കുന്ന വഴികളിലൂടെ നടന്ന്​ സഹസ്രാബ്​ദങ്ങൾക്ക്​ മുമ്പ്​ നിർമിച്ച അത്​ഭുതങ്ങൾക്ക്​ മുന്നിൽ ചെന്നുനിൽക്കണം. ജീവികൾക്ക്​ അധിവസിക്കാൻ കഴിയാത്ത, മുങ്ങിപ്പോകാത്ത ചാവുകടലിൽ നീന്തിത്തുടിക്കണം. മരുഭൂമിയുടെ വരണ്ട മണ്ണിൽ ജീവിതത്തിന്‍റെ പച്ചപ്പ്​ തീർക്കുന്ന മനുഷ്യരെ കാണണം. പിന്നീട്​ പാഠപുസ്തകങ്ങളിലൂടെയും യാത്രാവിവരണങ്ങളിലൂടെയും ആ നാടുകളെക്കുറിച്ച്​ കൂടുതൽ മനസ്സിലാക്കി. ലോകാത്​ഭുതമായ പെട്ര, ഭൂമിയിലെ ചൊവ്വയെന്നറിയപ്പെടുന്ന വാദി റം എന്നിവയെല്ലാം ജോർദാന്‍റെ മണ്ണിലാണെന്നറിഞ്ഞു. കുഞ്ഞുനാളിൽ തുടങ്ങിയ ആ​ ആഗ്രഹത്തിന്​ ചിറകുമുളക്കാൻ പിന്നെയും 20 വർഷം പിടിച്ചു. അങ്ങനെയാണ്​ 2022 സെപ്​റ്റംബർ 19ന്​ കൊച്ചിയിൽനിന്ന്​ ജോർദാനിലെ അമ്മാനിലേക്ക്​ സുഹൃത്ത്​ വിഷ്ണുവിനൊപ്പം പറക്കുന്നത്​​.

ആശങ്കയുടെ മണിക്കൂറുകൾ

തലസ്ഥാനമായ അമ്മാനിലെ ക്വീൻ അലിയ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ സമയം രാത്രി എട്ട്​ മണി​. ഇന്ത്യക്കാർക്ക്​ ജോർദാനിൽ വിസ ഓൺ അറൈവലാണ്​. ഏകദേശം 6000 രൂപ വരും വിസയുടെ നിരക്ക്​. പക്ഷെ, ജോർദാനിൽ മൂന്ന്​ രാ​ത്രിയോ അതിലധികമോ തങ്ങുന്ന ടൂറിസ്റ്റുകൾക്ക്​ ജോർദാൻ പാസ്​ ലഭിക്കും. ഇത്​ നാട്ടിൽനിന്ന് ഓൺലൈനായി​ എടുക്കണം. ഇതിന്​ ഏകദേശം 70 ജോർദാൻ ദിനാർ (ഏകദേശം 8000 രൂപ) വരും. വിസയുടെ ചാർജ്​​, പെട്രയടക്കമുള്ള ജോർദാനിലെ ടൂറിസ്റ്റ്​ സ്​ഥലങ്ങളിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. അതിനാൽ ജോർദാൻ പാസ്​ നേരത്തെ തന്നെ എടുത്തുവെച്ചിരുന്നു. ഇതിന്‍റെ ധൈര്യത്തിലാണ്​ എയർപോർട്ടിലെ കൗണ്ടറിൽ ഓൺ അറൈവൽ വിസ ലഭിക്കാനായി പോകുന്നത്​.

പക്ഷെ, വിസ സ്റ്റാമ്പ്​ ചെയ്ത്​ തരുന്നതിന്​ പകരം തൊട്ടപ്പുറത്തുള്ള ഓഫിസറുടെ മുറിയിൽ പോകാനാണ്​ നിർദേശിച്ചത്​. ഞങ്ങൾ ചെല്ലുമ്പോൾ പഞ്ചാബിൽനിന്നുള്ള യുവാവും യുവതിയും അവരുടെ മകളും അവിടെയിരിപ്പുണ്ട്​. അവരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്​. എയർപോർട്ടിൽ ചിലപ്പോൾ ഇങ്ങനെ സംഭവിക്കാമെന്ന്​ മുമ്പ്​ പോയവർ പറഞ്ഞിരുന്നു. അതിനാൽ തന്നെ അതിനുള്ള മുൻകരുതലുമായിട്ടാണ്​ ഞങ്ങൾ വന്നിറങ്ങിയത്​. കഴിഞ്ഞകാലങ്ങളിലായി ഇന്ത്യയിൽനിന്ന്​ ടൂറിസ്റ്റ്​ വിസയിൽ വരുന്ന പലരും ജോർദാനിലും സമീപത്തെ അധിനിവേശ രാജ്യമായ ഇസ്രായേലിലും അനധികൃതമായി കുടിയേറുന്നുണ്ട്​. ഇതിന്‍റെ പശ്ചാത്തലത്തിലാണ്​ ഈ കർശന പരിശോധന. അതേസമയം, ട്രാവൽ ഗ്രൂപ്പുകൾക്ക്​ ഒപ്പം വരുന്നവർ, യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ റെസിഡന്‍റ്​ പെർമിറ്റ്​ ഉള്ളവർ എന്നിവർക്കൊന്നും ഈ ചോദ്യം ചെയ്യലിന്​ വിധേയരാകേണ്ട ആവശ്യമില്ല. ഇന്ത്യയിൽനിന്ന്​ വിദേശങ്ങളിലേക്ക്​ കുടിയേറിയവരെല്ലാം തിരികെയെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കാണ്​ അപ്പോൾ ഓർമ വന്നത്​. മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യമിട്ട് പുതുതലമുറ വലിയ രീതിയിൽ വിദേശരാജ്യങ്ങളിലേക്ക് അനധികൃതവും അല്ലാതെയുമായി കുടിയേറുകയാണ്. ഇതിന്‍റെ അനുരണനം തന്നെയാണ്​ ഇവിടെയും കാണാനാവുന്നത്. ഇതിനാൽ യൂറോപ്പ്​ പോലുള്ള രാജ്യങ്ങളിലേക്ക്​ സഞ്ചാരികളായി പോകുന്നവർ​ പോലും വിസ കിട്ടാൻ ബുദ്ധിമുട്ടുകയാണ്​​.

അമ്മാനിലെ ക്വീൻ അലിയ എയർപോർട്ട് (കടപ്പാട് - ഗൂഗ്ൾ)

ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ജോർദാൻ പാസ്​, ഹോട്ടൽ ബുക്കിങ്​ വിവരങ്ങൾ, നാട്ടിലേക്ക്​ മടങ്ങാനുള്ള ടിക്കറ്റ്​ എന്നിവയെല്ലാം എയർപോർട്ടിലെ ഓഫിസർമാർക്ക്​ കാണിച്ചുകൊടുത്തു. എന്നാൽ, അവർ ഇതിലൊന്നും തൃപ്തരായില്ല. നിങ്ങൾ ഇവിടെ ജോലിക്ക്​ വന്നതല്ലേ എന്ന്​ ഒരു ഓഫിസർ പച്ചക്ക് തന്നെ​ ചോദിച്ചു. നാട്ടിൽ ജോലി ചെയ്യുന്നതിന്‍റെ ഐഡൻറിറ്റി കാർഡ്​ കാണിച്ചുകൊടുത്ത്​ ഇതിന്​ മറുപടി നൽകി. ജോർദാനിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ കൈയിൽ പണമുണ്ടോ എന്ന​ ചോദ്യമായി അടുത്തത്​. ഇതിന്​ നാട്ടിൽനിന്ന്​ കൊണ്ടുവന്ന യു.എസ്​ ഡോളറടക്കം കാണിച്ചുകൊടുക്കേണ്ടി വന്നു. ഏകദേശം രണ്ട്​ മണിക്കൂർ വിവിധ ഓഫിസുകളിൽ ഞങ്ങളെ കൊണ്ടുപോയി അറബിയിലും മുറി ഇംഗ്ലീഷിലുമായി ചോദ്യങ്ങൾ ചോദിച്ചു. കുടെ പഞ്ചാബിൽനിന്നുള്ള കുടുംബവുമുണ്ടായിരുന്നു. അവസാനം ഞങ്ങളുടെ പേരും യാത്ര വിവരങ്ങളുമെല്ലാം അടങ്ങിയ അറബിയിലുള്ള ഒരു പേപ്പറിൽ ഉന്നത ഉദ്യോഗസ്ഥൻ ഒപ്പിട്ടതോടെ വിസയടിച്ച്​ പുറത്തിറങ്ങാൻ സമ്മതിച്ചു. അപ്പോഴാണ്​ ശ്വാസം നേരെവീണത്​. ആദ്യം തന്നെ കണ്ട ടാക്സിയിൽ കയറി അമ്മാൻ നഗരം​ ലക്ഷ്യമാക്കി കുതിച്ചു.

രാവുറങ്ങാത്ത ഡൗൺടൗൺ

നഗരത്തിന്‍റെ ഹൃദയഭാഗമായ ഡൗൺടൗണിലെ ഒരു ഹോസ്റ്റലിലാണ്​ റൂം ബുക്ക്​ ചെയ്തിരുന്നത്​. 11 മണിയായിട്ടുണ്ട്​ അവിടെ എത്തുമ്പോൾ. സാധാരണ ഹോട്ടലുകളിൽനിന്ന്​ വ്യത്യസ്തമായി ഇവിടെ റൂമുകൾക്ക്​ നമ്പറില്ല. പകരം പ്രശസ്ത വ്യക്​തികളുടെ പേരുകളാണ്​ നൽകിയിട്ടുള്ളത്​. ജമൈക്കൻ ഗായകൻ ബോബ്​ മാർലിയുടെ പേരിലുള്ള റൂമാണ് ഞങ്ങൾക്ക്​ ലഭിച്ചത്​. ചെഗുവേര, നെൽസൺ മണ്ടേല, ഡീഗോ മറഡോണ തുടങ്ങിയവരുടെ പേരിലും റൂമുകളുണ്ട്. കഴിഞ്ഞ മേയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ - അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറീൻ അബു അഖ്​ലഹിന്‍റെ പേരിലും ഒരു മുറിയുണ്ട്. ഹോസ്റ്റലിൽ ഇന്ത്യക്കാരായി ഞങ്ങൾ മാത്രമേയുള്ളൂ. മിക്കവരും യൂറോപ്പിൽനിന്നുള്ളവരും ആഫ്രിക്കക്കാരുമാണ്. പരസ്പരം കാണുമ്പോൾ ഒരു മടിയും കൂടാതെ അവർ നമ്മെ അഭിവാദ്യം ചെയ്യുന്നു. ഒന്ന്​ ഫ്രഷായപ്പോഴേക്കും ജോർദാനിലെ മലയാളി സുഹൃത്ത്​ രാജീവേട്ടൻ ഹോസ്റ്റലിലെത്തി. ജോർദാൻ ടൈംസ്​ എന്ന പത്രത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം വർഷങ്ങളായി അമ്മാനിലുണ്ട്​. അദ്ദേഹത്തിന്‍റെ പിതാവിനും ഇതേ പത്രത്തിൽ തന്നെയായിരുന്നു ജോലി.

രാജീവേട്ടൻ ഞങ്ങളെയും കൂട്ടി ഡൗൺടൗണിലേക്കിറങ്ങി. പാതിരാത്രിയായെങ്കിലും തെരുവുകൾ സജീവമാണ്​. നാട്ടുകാരും വിദേശികളുമെല്ലാം തെരുവീഥികളിലൂടെ ഒഴുകുന്നു. കടകളിൽനിന്നുള്ള അറേബ്യൻ​ സംഗീതം ആ രാവിനെ ധന്യമാക്കുന്നു. ഈജിപ്​ഷ്യൻ ഗായിക ഉമ്മ്​ ഖുൽതുമിന്‍റെ മെലഡികളാണ്​ അതിലധികവുമെന്ന്​ രാജീവേട്ടൻ പറഞ്ഞു. ഇന്ത്യക്കാർക്ക്​ ലതാ മ​ങ്കേഷ്കർ എങ്ങനെയാണോ, അതുപോലെയാണ്​ ഇവിടുത്തുകാർക്ക്​ ഉമ്മ്​ ഖുൽതും. ചില കടകളിൽനിന്ന്​ ഖുർആൻ സൂക്​തങ്ങൾ പാരായണം ചെയ്യുന്നതും കേൾക്കാം.​

ഡൗൺടൗണിലെ തിരക്ക്

തൊട്ടടുത്തുള്ള സീഫുഡ്​ റെസ്​റ്ററന്‍റിലേക്കാണ്​ അദ്ദേഹം കൊണ്ടുപോയത്​. പേരറിയാത്ത വലിയൊരു മീൻ ഞങ്ങൾക്കായി തെരഞ്ഞെടുത്തു. അൽപസമയം കൊണ്ട്​ അതിനെ പരത്തി ചുട്ടെടുത്ത്​ തീൻമേശയിലെത്തിച്ചു. ഒലീവ് കായ​ അരച്ച ചാറിൽ ഖുബ്ബൂസും കൂട്ടി മീൻ കഴിക്കുമ്പോൾ വല്ലാ​ത്ത രുചിയായിരുന്നു. കാര്യമായ മസാലയൊന്നും ചേർത്തിട്ടില്ല. തുർക്കി ശൈലിയിലാണ്​ അതിന്‍റെ പാചകം. മീൻ കൊണ്ടുവന്നിട്ടുള്ളതും തുർക്കിയിൽനിന്നാണ്​.

ജോർദാനിൽ​ കടലായി അഖബയിലെ ​ചെങ്കടലിന്‍റെ ചെറിയ ഭാഗം മാത്രമാണുള്ളത്​. അതുകൊണ്ട്​ തന്നെ മീനെല്ലാം പുറത്തുനിന്ന്​ കൊണ്ടുവരണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജീവേട്ടൻ ജോർദാന്‍റെ രാഷ്ട്രീയവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങൾ വിശദീകരിച്ചു. രാജഭരണമാണ്​ അമ്മാനിൽ. അതിന്​ കീഴിൽ പ്രധാനമന്ത്രിയടക്കം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ട്​. രാജ്യത്തെ പ്രധാന ഗോത്രങ്ങൾക്കായി മന്ത്രിസ്ഥാനങ്ങളടക്കമുള്ള ഉന്നത പദവികൾ വീതിച്ചുനൽകിയിരിക്കുന്നു. 1999 മുതൽ അബ്​ദുല്ല രണ്ടാമാനാണ് ഹാഷെമൈറ്റ്​ കിങ്​ഡം ഓഫ്​ ജോർദാന്‍റെ​ രാജാവ്​. 47 വർഷം രാജ്യം ഭരിച്ച ഹുസൈൻ രാജാവിന്‍റെ മകനാണ്​ ഇദ്ദേഹം. ഇരുവരുടെയും അബ്​ദുല്ല രാജാവിന്‍റെ മകനും കിരീടാവകാശിയുമായ ഹുസൈന്‍റെയും ചിത്രങ്ങൾ നഗരത്തിൽ എവിടെയും കാണാം. പ്രവാകൻ മുഹമ്മദ്​ നബിയുടെ കുടുംബ പരമ്പരയിൽ പെട്ടവരാണ്​ ഇവരെന്ന്​ പറയപ്പെടുന്നു. മുഹമ്മദ്​ നബിയുടെ പിതാമഹനായ അബ്​ദുല്ലയുടെ പിതാവ്​ ഹാഷിമിൽനിന്നാണ്​ ഈ പരമ്പര തുടങ്ങുന്നത്​. ഇതിലെ 41ാം വംശപരമ്പരയിൽ വരുന്നയാളാണ് ഇപ്പോഴത്തെ രാജാവ്​​ അബ്​ദുല്ല രണ്ടാമൻ.

ഭക്ഷണം കഴിച്ച്​ പുറത്തിറങ്ങി. ഡൗൺടൗണിലെ നിരത്തുകളിൽ പാതിരാത്രിയും പൊലീസ്​ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്​. ഇതിനുപുറമെ മഫ്തിയിലും പൊലീസുകാരുണ്ട്​. രണ്ട്​ ലക്ഷ്യങ്ങളാണ്​ ഇവർക്ക്​ പ്രധാനമായുമുള്ളത്​. ഒന്ന്​ ടൂറിസ്റ്റുകളടക്കമുള്ളവരുടെ സുരക്ഷ. മറ്റൊന്ന്​ മയക്കുമരുന്ന്​ ഇടപാടുകൾ പോലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുക. അയൽ രാജ്യമായ സിറിയയിൽ ഉൽപ്പാദിപ്പിക്കുന്ന ഹഷീഷടക്കമുള്ള മയക്കുമരുന്നുകൾ മറ്റു രാജ്യങ്ങളിലേക്ക്​ കടത്തുന്നതിന്‍റെ ഇടത്താവളമാണ്​ അമ്മാൻ. പലപ്പോഴും ഇവിടത്തെ തെരുവുകളിൽ പൊലീസും മയക്കുമരുന്ന്​ മാഫിയയും തമ്മിൽ വെടിവെപ്പ്​ നടക്കാറുണ്ടെന്ന്​ രാജീവേട്ടൻ പറഞ്ഞപ്പോൾ മനസ്സൊന്ന്​ നടുങ്ങി. പക്ഷെ, പേടിക്കേണ്ടെന്നും അതൊന്നും സഞ്ചാരികളെ ഒരു നിലക്കും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സീഫുഡ് റെസ്റ്റോറന്‍റിലെ വിഭവങ്ങൾ

സമയം ഒരു മണിയായി​. അപ്പോഴും സമീപത്തെ ഹോട്ടലുകളിൽ സ്ത്രീപുരുഷ ഭേദമന്യേ ആളുകൾ ഷീസ്​ വലിച്ചിരിക്കുന്നുണ്ട്​. നാട്ടുകാരുടെ പ്രധാന ശീലങ്ങളിൽ ഒന്നാണിത്​. അതുപോലെ മറ്റൊരു ശീലമാണ്​​ പുകവലി. തെരുവിലൂടെ നടക്കുന്ന ആരുടെയും ചുണ്ടിൽ എരിയുന്ന സിഗരറ്റ്​ കുറ്റികൾ ഉണ്ടാകും. ലോകത്തിൽ തന്നെ ഏറ്റവുമധികം പുകവലിക്കാരുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ്​​​ ജോർദാൻ. നേരത്തെ എയർപോർട്ടിൽ ചോദ്യം ചെയ്ത ചെറുതും വലുതുമായ ഓഫിസർമാർ വരെ പുകവലിച്ചാണ്​ ഞങ്ങളോട്​ സംസാരിച്ചത്​. അവരുടെ ചോദ്യശരങ്ങളേക്കാൾ അസഹനീയമായിരുന്നു സിഗരറ്റിന്‍റെ ഗന്ധവും പുകയും.

ഹാഷെമിലെ മദ്രാസി

അമ്മാനിലെ ആദ്യ പ്രഭാതം. തലേന്നത്തെ യാത്രാക്ഷീണം കാരണം ഒരൽപ്പം വൈകിയാണ്​ ഉണർന്നത്​. ഹോസ്റ്റലിന്‍റെ തൊട്ടുമുന്നിൽ തന്നെയാണ്​ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹാഷെം റെസ്​റ്ററന്‍റുള്ളത്​. അവിടേക്ക്​ വെച്ചുപിടിച്ചു. കഴിഞ്ഞദിവസം പാതിരാത്രി കണ്ട തിരക്കൊന്നും എട്ട്​ മണിയായിട്ടും തെരുവിൽ കാണാനില്ല. നഗരം സജീവമായി വരുന്നതേയുള്ളൂ. ഹുമ്മൂസ്​, ഫലാഫിൽ, ഫൂൽ എന്നിവ ചേർന്നുള്ള കോമ്പിനേഷനാണ്​ റെസ്​റ്ററന്‍റിലെ പ്രധാന വിഭവം. വളരെ ലഘുവായ രീതിയിലുള്ള ഭക്ഷണം. 24 മണിക്കൂറും തുറക്കുന്ന ഈ ഹോട്ടലിൽ ഏതുസമയത്തും തിരക്കാണ്​. ജോർദാൻ രാജാവ്​ അടക്കമുള്ള പ്രമുഖർ ഭക്ഷണം കഴിക്കാൻ വരുന്ന ഹോട്ടലാണിത്​.

ഏകദേശം 70 വർഷം മുമ്പാണ്​ ഈ ഹോട്ടൽ ആരംഭിക്കുന്നത്​. ഫലസ്തീനികളാണ്​ ഇവരുടെ പൂർവീകർ. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത ഹോട്ടൽ. കെട്ടിടത്തിന്​ ഇടയിലെ വരാന്തയിലാണ്​ ഞങ്ങളിരുന്നത്​. ഒലീവിൽ തീർത്ത ഹുമ്മൂസും ഫലാഫീലും ഫൂലുമെല്ലാം എത്തി. കൂടെ വലിയ റൊട്ടിയും സലാഡും. റൊട്ടിയുടെ ഒരു കഷണമെടുത്ത്​ ഫലാഫീൽ അതിനുള്ളിലാക്കണം. എന്നിട്ട്​ ഹുമ്മൂസിലോ ഫൂലിലോ മുക്കി കഴിക്കണം. അതാണ്​ രീതി. ജോർദാൻകാരുടെ പ്രധാന ഭക്ഷണമായിട്ട്​ ഇതിനെ വിശേഷിപ്പിക്കാം. ഓരോരുത്തർക്കും കഴിക്കാൻ പാത്രമൊന്നുമില്ല. മേശയിൽ വലിയൊരു പ്ലാസിറ്റിക്​​ കവറിടും. അതിലാണ്​ റൊട്ടി വെക്കുക. ഇതോടൊപ്പം ഒരു കട്ടൻ ചായയും കുടിച്ചതോടെ രാവിലെത്തെ ഭക്ഷണം അടിപൊളിയായി. ഇത്രയെല്ലാം കഴിച്ചിട്ടും മൂന്നുപേർക്ക്​ രണ്ടര ജോർദാൻ ദിനാർ മാത്രമാണ്​ ആയത്​. ഡൗൺടൗണിലെ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച്​ ഇത്​ വളരെ കുറവാണ്​.

ഹാഷെം റെസ്റ്റോറന്റ്

പൈസ കൊടുക്കാൻ പോയപ്പോൾ അകത്തുനിന്ന്​ ഒരു ചോദ്യം, ഇന്ത്യക്കാരാണോ എന്ന്​. കാഷ്യറിലിരിക്കുന്ന ജോർദാനി പഠിച്ചത്​ മദ്രാസിലാണത്രെ. ഏകദേശം 30 വർഷം മുമ്പ്​ എയറോനോട്ടിക്കൽ എൻജിനീയറിങ്​ ആണ്​ പഠിച്ചത്​. പിന്നീട്​ പല മേഖലകളിൽ ജോലി ചെയ്ത അദ്ദേഹം ഒന്നര വർഷമായി ഈ റെസ്​റ്റോറന്‍റിലെത്തിയിട്ട്​. മ​ദ്രാസിന്‍റെ പേര്​ ചെന്നൈ ആയതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല.

പിറന്ന നാട്ടിൽനിന്ന്​ ആട്ടിയോടിക്ക​പ്പെട്ടവർ

റെസ്​റ്ററന്‍റിൽനിന്ന്​ പുറത്തിറങ്ങി ഒരു ടാക്സി പിടിച്ചു. നഗരത്തിന്​ പുറത്തെ 'കേവ്​ ഓഫ്​ ദെ സെവൻ സ്ലീപ്പേഴ്​സ്​' കാണലാണ്​ ആദ്യ ലക്ഷ്യം. ഫലസ്തീൻകാരനായ അബ്​ദുല്ല എൽകാതബ്​ ആണ് ടാക്സി ഡ്രൈവർ. പ്രായം 70നോട്​ അടുത്തിട്ടുണ്ട്​. ഇംഗ്ലീഷ്​, കണക്ക്​ അധ്യാപകനായിരുന്ന ഇദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഇപ്പോഴും ടാക്സി ഓടിക്കുകയാണ്​. അമ്മാനിലും ഒമാനിലെ സലാലയിലുമായി ഏകദേശം 35 വർഷത്തോളമാണ്​ ഇദ്ദേഹം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടത്​. സലാലയുടെ ഭൂപ്രകൃതി കേരളത്തിനോട്​ സമാനമാണ്​ എന്ന്​ ഞാൻ പറഞ്ഞപ്പോൾ, തനിക്ക്​ മലയാളികളായ സുഹൃത്തുക്കൾ അന്നുണ്ടായിരുന്നു​വെന്ന്​ അദ്ദേഹം ഓർമിച്ചു.

ഭാര്യയും നാല്​ പെൺമക്കളും ഒരു മകനും അടങ്ങിയതാണ്​ കുടുംബം. മകൻ പഠനം കഴിഞ്ഞ്​ കാനഡയിലേക്ക്​ പോകാനുള്ള തയാറെടുപ്പിലാണ്​. മറ്റുള്ളവർക്കൊന്നും ജോലിയില്ല​. പൊതുവെ തൊഴിലില്ലാഴ്മ നിരക്കും ജീവിത ചെലവും​ കൂടുതലാണ്​ ജോർദാനിൽ. ഇതെല്ലാമാണ്​ ചുളിവ്​ വീണ കൈകളുമായി ഇദ്ദേഹത്തെ വളയം പിടിക്കാൻ നിർബന്ധിതനാക്കുന്നത്​. നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുകൂടിയുള്ള യാത്രയിൽ അദ്ദേഹം തന്‍റെ ജീവിതം ഞങ്ങൾക്ക്​ മുന്നിൽ തുറന്നിട്ടു. യേശു ക്രിസ്തു പിറന്ന​ ഫലസ്തീനിലെ ബത്​ലഹേമിലാണ്​ അബ്​ദുല്ലയും ജനിക്കുന്നത്​.

ടാക്സി ഡ്രൈവർ അബ്ദുല്ല എൽകാതബ്

ദുരിതം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ചെറുപ്പക്കാലം. 1960കളിൽ ഇസ്രായേൽ അധിനിവേശം തീപിടിക്കുന്ന കാലം. അക്കാലത്ത്​ തന്നെ കുട്ടികളെയും ചെറുപ്പക്കാരെയുമാണ്​ ഇസ്രായേൽ സേന ഉന്നംവെച്ചിരുന്നതെന്ന്​ അബ്​ദുല്ല ഓർക്കുന്നു. കൂട്ടക്കൊലകളാണ്​ അവർ നടത്തിയത്​. തന്‍റെ മക്കളുടെയും ജീവൻ ഈ ക്രൂരഹൃദയർ ഇല്ലാതാക്കുമെന്ന്​ ഭയന്ന അദ്ദേഹത്തിന്‍റെ മാതാവ്​ ഇവരുമൊത്ത്​ ജോർദാനിലേക്ക്​ പലായനം ചെയ്യുകയായിരുന്നു. കാൽനടയായി മലനിരകൾ താണ്ടിയുള്ള ആ യാത്ര ദിവസങ്ങൾ നീണ്ടു. ഈ സമയത്ത്​ അബ്​ദുല്ലയുടെ പിതാവ്​ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്‍റെ മുൻനിര പോരാളിയായിരുന്നു. അഹമ്മദ്​ ഷുകൈരി ചെയർമാനായ ആദ്യ കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഒടുവിൽ അബ്​ദുല്ലയുടെ പിതാവിനെ ഫലസ്തീനിൽനിന്ന്​ ഹോണ്ടുറാസിലേക്ക്​ നാടുകടത്തി. അവിടെ അദ്ദേഹം പൊലീസ്​ സേനയിൽ ഉന്നത ഉദ്യോഗസ്ഥനായി മാറി. കൂടാതെ അവിടെ​ വിവാഹം കഴിച്ച്​ പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്​ തിരികെവരാൻ കഴിയാത്തതിനാൽ അബ്​ദുല്ലക്ക്​ ഒരിക്കലും തന്‍റെ പിതാവിനെ പിന്നീട്​ കാണാനായിട്ടില്ല. ഏതാനും വർഷം മുമ്പ്​ അദ്ദേഹം ഈ ലോകത്തോട്​ വിടപറഞ്ഞു. തന്‍റെ പിതാവ്​ ഒരു പോരാളിയായിരുന്നതിനാൽ അബ്​ദുല്ലായെയും സഹോദരങ്ങളെയും പിറന്നമണ്ണിലേക്ക്​ ഒരിക്കൽ പോലും മടങ്ങിപ്പോകാൻ ഇസ്രായേൽ അനുവദിച്ചിട്ടില്ലെന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചു. അതേസമയം, ഹോണ്ടുറാസിലെ അർധസഹോദരങ്ങളുമായി നല്ല ബന്ധമാണെന്നും അവർ ഇടക്ക്​ ജോർദാനിൽ വരാറുണ്ടെന്നുമുള്ള സന്തോഷവും അദ്ദേഹത്തിനുണ്ട്​.

ഖുർആനിലെ ഗുഹാവസികൾ

അബ്​ദുല്ലയുടെ ജീവതം കേട്ട്​ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ലക്ഷ്യസ്ഥാനത്ത്​ എത്തിയിരുന്നു. ഖുർആനിലെ സൂറത്തുൽ കഅ്​ഫിൽ പറയുന്ന ഗുവാവാസികൾ താമസിച്ചു എന്ന്​ കരുതപ്പെടുന്ന സ്ഥലത്താണുള്ളത്​. അൽ റാജിബ്​ എന്ന സ്ഥലത്തെ മലഞ്ചെരുവിലാണ്​ ഈ ഗുഹ​. ഇതിനകത്ത്​ നടുത്തളവും നാല്​ ഭാഗത്തും തുറന്ന ചെറിയ മുറികളുമുണ്ട്​. ഇതിനോട്​ ചേർന്ന്​ തന്നെ വലിയൊരു പള്ളിയും നിർമിച്ചിരിക്കുന്നു. ഖുർആനിൽ പറയപ്പെടുന്ന സ്ഥലം ഇത്​ തന്നെയാണെന്ന്​​​ എങ്ങനെ ഉറപ്പിച്ചുവെന്ന്​ അവിടെയുള്ള ജീവനക്കാരനോട്​ ഞാൻ ചോദിച്ചു. യുനൊസ്​കോയടക്കം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ഇത്​ ഉറപ്പാക്കിയതെന്ന്​ അദ്ദേഹം മറുപടി നൽകി. കൂടാതെ ഇവിടെനിന്ന്​ മനുഷ്യരുടെയും നായയുടെയും എല്ലുകളും ലഭിച്ചിട്ടുണ്ട്​. ഗുഹാവാസികൾ താമസിച്ചു എന്ന്​ പറയപ്പെടുന്ന വേറെയും സ്ഥലങ്ങൾ ഗൂഗിളിൽ കാണാനാകും. അതേസമയം, ഈ ഗുഹ ജോർദാനിൽ തന്നെയാണെന്നാണ്​ ഭൂരിപക്ഷം പണ്ഡിതൻമാരുടെയും അഭിപ്രായം.

കേവ് ഓഫ് സെവൻ സ്ലീപ്പേഴ്സിന്റെ ഉൾവശം


കേവ് ഓഫ് സെവൻ സ്ലീപ്പേഴ്സ്

1951ലാണ്​ ഈ സ്ഥലം കണ്ടെത്തുന്നതും പര്യവേക്ഷണം തുടങ്ങുന്നതും. ജോർദാനിൽ പോകുന്ന മലയാളി തീർഥാടകരടക്കമുള്ളവർ സന്ദർശിക്കുന്ന പ്രധാന കേന്ദ്രമാണിത്​. അൽപ്പനേരം അവിടെ ചെലവഴിച്ച്​ ടാക്സിയിൽ കയറി വീണ്ടും നഗത്തിലേക്ക്​ മടങ്ങി. വളരെ വൃത്തിയായി സൂക്ഷിക്കുന്ന നഗരം. കെട്ടിടങ്ങൾക്കെല്ലാം ഒരോ രൂപം, നിറം. മലഞ്ചെരുവിൽ ഇളം മഞ്ഞനിറത്തിൽ കോൺഗ്രീറ്റ്​ സൗധങ്ങൾ ഉയർന്നുനിൽക്കുന്നു. പോകുന്ന വഴിയിൽ ഒരു മലഞ്ചെരുവിലെ കെട്ടിടം ചൂണ്ടിക്കാട്ടി അബ്​ദുല്ല പറഞ്ഞു, 'അവിടെയാണ്​ ഞാനും കുടുംബവും താമസിക്കുന്നത്'​. സമയം 11 മണിയായിട്ടുണ്ട്​. നഗരത്തിലെ ഒരു പ്രധാന കുന്നായ ജബൽ അൽ ഖലയിലേക്കാണ്​ അബ്​ദുല്ല ഞങ്ങളെ കൊണ്ടുപോയത്​​. ഇവിടെയാണ്​ അമ്മാൻ സിറ്റാഡൽ (കോട്ട) അടക്കമുള്ള നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്ര സ്മാരകങ്ങളുള്ളത്​.

തുടരും...

Show More expand_more
News Summary - Jordan travelogue -vk shameem