Begin typing your search above and press return to search.
proflie-avatar
Login

മരുഭൂമിയിലെ തീവണ്ടിയും കൊള്ളസംഘങ്ങളും

ജോർദാൻ യാത്ര - ഭാഗം അഞ്ച് ചിത്രങ്ങൾ: വി.കെ ഷമീം (vkshameem@gmail.com)

മരുഭൂമിയിലെ തീവണ്ടിയും കൊള്ളസംഘങ്ങളും
cancel
camera_alt

മരുഭൂമിയിലൂടെ സഞ്ചാരികളുമായി പോകുന്ന വാഹനം

ജോർദാനിലെ ലോകാത്ഭുതമായ പെട്രയിൽനിന്ന് വാദിറമ്മിലേക്കുള്ള (Wadi Rum) യാത്രയിലാണ്. മലനിരകളിൽ അള്ളിപ്പിടിച്ച് റോഡ് വളഞ്ഞും പുളഞ്ഞും പോകുന്നു. കഴിഞ്ഞദിവസങ്ങളേതിന് വ്യത്യസ്തമായി കൂടുതൽ ജനവാസ കേന്ദ്രങ്ങൾ പലയിടത്തായി കാണാം. ഏകദേശം 40 കിലോമീറ്റർ പിന്നിട്ടതോടെ പ്രധാന ഹൈവേയിലെത്തി. തലസ്ഥാനമായ അമ്മാനിൽനിന്ന് തുറമുഖ നഗരിയായ അഖബയിലേക്കുള്ള പാതയാണിത്. ചെറിയൊരു ചുരമിറങ്ങി റോഡ് സമുദ്രനിരപ്പിനോട് ചേർന്നു. ഭൂപ്രകൃതിക്കും ഇതോടെ മാറ്റം വരാൻ തുടങ്ങി. മലനിരകൾ മാറി വിശാലമായ മരുഭൂമി ദൃശ്യമായി. അവക്കിടയിൽ ചെറിയ കുന്നുകൾ ഉയർന്നുനിൽക്കുന്നു.

വാദി റമ്മിലെ മലകളും അവക്ക് സമീപത്തെ ക്യാമ്പുകളും

വാദി റമ്മിലെ വിസിറ്റേഴ്സ് സെന്‍ററിലെത്തുമ്പോൾ മൂന്ന് മണിയായിട്ടുണ്ട്. അവിടെ വിവരങ്ങളെല്ലാം നൽകി. ഇവിടത്തെ രാത്രി താമസം മുൻകൂട്ടി ഓൺലൈൻ വഴി ബുക് ചെയ്തിരുന്നില്ല. ഞങ്ങളുടെ ടാക്സി ഡ്രൈവർ താരീഖ് തന്‍റെ സുഹൃത്തിന്‍റെ ക്യാമ്പുണ്ടെന്നും കുറഞ്ഞ നിരക്കിൽ അവിടെ താമസിക്കാമെന്നും പറഞ്ഞാണ് പോകുന്നത്. താമസം, മരുഭൂമിയിലെ സഫാരി, ഭക്ഷണം എന്നിവയെല്ലാം അടങ്ങിയതാണ് പാക്കേജ്.

വാദി റമ്മിൽ ഞങ്ങൾ താമസിച്ച ക്യാമ്പ്

ഇതുവരെ കണ്ടതിൽനിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇവിടെ. ചുവന്ന നിറത്തിലെ മരുഭൂമി. അതിനിടയിൽ തവിട്ടുനിറത്തിൽ ഉയർന്നുനിൽക്കുന്ന മലകൾ. ഭൂമിയിലെ ചൊവ്വ എന്നാണ് വാദിറം അറിയപ്പെടുന്നത്. എന്തെല്ലാം വൈവിധ്യങ്ങളാണ് ജോർദാൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നതോർത്ത് നമ്മൾ അത്ഭുതപ്പെടും. ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഈ നാട്ടിലുണ്ട്. ചരിത്രവും ആത്മീയതയും നിറഞ്ഞ സ്ഥലങ്ങൾ, പൗരാണിക നഗരങ്ങൾ, അവിടത്തെ ജീവൻ തുടിക്കുന്ന തെരുവുകൾ, രുചിയേറിയ ഭക്ഷണവിഭവങ്ങൾ. അതിനെല്ലാം പുറമെ വ്യത്യസ്തമായ ഭൂപ്രകൃതിയും. മരുഭൂമിക്കും ഇത്ര ഭംഗിയുണ്ടെന്ന് ജോർദാൻ കാണിച്ചുതരുന്നു. 140ഓളം രാജ്യങ്ങളിലൂടെ കാമറയുമായി ചെന്നെത്തിയ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ അപ്പോൾ ഓർമവന്നു, 'പച്ചപ്പിനേക്കാൾ ഭംഗി സ്വർണനിറത്തിലുള്ള മരുഭൂമിയെ കാമറയിൽ പകർത്തുമ്പോഴാണ്'. ആ വാക്കുകൾ സത്യമാണെന്ന് ഈ യാത്രയിൽ മനസ്സിലായി.

ഹിജാസ് റെയിൽവേയുടെ ഓർമകൾ

ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും പഴയ ഒരു റെയിൽവേ സ്റ്റേഷന് അടുത്തെത്തി. ഒരു നൂറ്റാണ്ട് മുമ്പ് സിറിയയിലെ ഡമസ്കസ് മുതൽ സൗദി അറേബ്യയിലെ മദീന വരെ സർവിസുണ്ടായിരുന്ന ഹിജാസ് റെയിൽവേയുടെ (Hejaz railway) ശേഷിപ്പാണ് ഈ സ്റ്റേഷൻ. ഓട്ടോമൻ ഭരണകാലത്താണ് ഇത് നിർമിക്കുന്നത്. തുർക്കിയിൽനിന്ന് മക്കയിലേക്കുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കാൻ വേണ്ടിയായിരുന്നു ഈ റെയിൽവേ ലൈൻ പണികഴിപ്പിച്ചത്. ആദ്യഘട്ടത്തിൽ ഡമസ്കസിൽനിന്ന് മദീന വരെ നിർമാണം പൂർത്തിയാക്കി 1908ൽ തുറന്നുകൊടുത്തു. 1300 കിലോമീറ്ററായിരുന്ന ആകെ ദൂരം. ഇസ്താംബൂൾ മുതൽ മക്ക വരെ നിർമിക്കാനായിരുന്നു ഓട്ടോമൻ ഭരണാധികാരികളുടെ ലക്ഷ്യം. എന്നാൽ, ഒന്നാം ലോക മഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകർന്നതോടെ 1920ൽ ഈ റെയിൽ പാത ഉപേക്ഷിച്ചു.

ഹിജാസ് റെയിൽവേ സ്റ്റേഷൻ -ഒരു പഴയ ചിത്രം

ഇന്നിപ്പോൾ ഒരു വിനോദ സഞ്ചാര കേന്ദ്രമായി സംരക്ഷിച്ച് പോരുകയാണ്. സ്റ്റേഷൻ മാത്രമല്ല, റെയിൽപാതയും സംരക്ഷിക്കുന്നുണ്ട്. വാദിറമ്മിൽ ഈ പാതയിലൂടെ എല്ലാ ബുധനാഴ്ചയും കുറഞ്ഞ ദൂരം ട്രെയിനിൽ സഞ്ചരിക്കാം. ഈ യാത്രക്കിടെ കുതിരപ്പുറത്ത് വരുന്ന കൊള്ളക്കാർ ട്രെയിൻ ആക്രമിക്കുന്നതും തിരിച്ച് പട്ടാളം ഇവരെ വെടിവെച്ച് കീഴ്പ്പെടുത്തുന്നതുമെല്ലാം ദൃശ്യവത്കരിക്കും. അക്കാലത്തെ യാത്രയിലെ അനുഭവങ്ങൾ കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹിജാസ് റെയിൽവേയുടെ ട്രാക്ക്

റെയിൽ പാളത്തിനരികിലൂടെ നീളുന്ന പാത എത്തിച്ചത് വാദി റമ്മിലെ ചെറുപട്ടണത്തിലാണ്. ഇവിടത്തെ പാർക്കിങ് ഏരിയയിൽ ടാക്സി നിർത്തി. അപ്പോഴേക്കും ഞങ്ങളെ മരുഭൂമിയിലേക്ക് കൊണ്ടുപോകാനുള്ള വാഹനവുമായി ആളെത്തി. ഇനി യാത്ര മിത്സുബിഷിയുടെ എൽ200 എന്ന പഴയ ട്രക്കിലാണ്. മരുഭൂമിയിൽ ഉയർന്നുനിൽക്കുന്ന മലകൾക്ക് ചെരുവിലെല്ലാം ധാരാളം ടെന്‍റുകൾ കാണാം. വ്യത്യസ്ത ക്യാമ്പിങ് സൈറ്റുകളാണ് അവ. ഇതിനിടയിൽ ചെറിയൊരു ഒട്ടകകൂട്ടം അതിവേഗത്തിൽ ഓടുന്നുണ്ട്. പലപ്പോഴായി ഒട്ടകങ്ങളെ കണ്ടിട്ടുണ്ടെങ്കിലും അവ അതിവേഗം ഓടുന്നത് ആദ്യമായിട്ടാണ് കാണുന്നത്. പൊടിപറത്തിയാണ് അവ കടന്നുപോയത്. 15 മിനിറ്റ് യാത്രക്കൊടുവിൽ താമസസ്ഥലത്തെത്തി. വലിയൊരു മലയുടെ ചെരുവിലാണ് താമസകേന്ദ്രം. ഏകദേശം 20ഓളം ടെന്‍റുകളുണ്ട്. പിന്നെ ഭക്ഷണം കഴിക്കാൻ വലിയൊരു ഹാളും. റൂമിൽ ചെക്ക്ഇൻ ചെയ്ത് അൽപ്പനേരം വിശ്രമിച്ചു.

ചുവന്ന ഭൂമി, ചുവന്ന ആകാശം

വൈകുന്നേരം നാല് മണിയോടെ ഡെസേർട്ട് സഫാരി തുടങ്ങി. ട്രക്കിന്‍റെ പിറകിൽ മേൽക്കൂരയില്ലാത്ത ഭാഗത്താണ് ഇരിക്കുന്നത്. അതിനാൽ തന്നെ കാഴ്ചകളെല്ലാം വ്യക്തമായി കാണാം. മരുഭൂമിയിലൂടെ ആ വാഹനം ഞങ്ങളെയും കൊണ്ട് കുതിച്ചുപാഞ്ഞു. ഏകദേശം രണ്ട് കിലോമീറ്റർ ദൂരം പോയിക്കാണും. ഡ്രൈവർ അബു നാസർ വണ്ടി മണൽപരപ്പിൽ നിർത്തി. എന്നിട്ട് ഇറങ്ങി നോക്കാൻ പറഞ്ഞു. മണലിന് രണ്ട് നിറം. ഒരു ഭാഗത്ത് സാധാരണ നിറവും മറുഭാഗത്ത് ചുവന്നനിറവും. ഇനിയങ്ങോട്ട് മൊത്തം ചുവന്ന മണലാണ്.

ഒരു കിലോമീറ്റർ കഴിഞ്ഞതോടെ അടുത്ത സ്റ്റോപ്പെത്തി. ധാരാളം പേർ അവിടെയുണ്ട്. വിവിധ ക്യാമ്പുകളിൽനിന്ന് വന്നവർ. അവർക്കായി സഫാരി നടത്താൻ ഒട്ടകങ്ങൾ ഒരുങ്ങിനിൽപ്പുണ്ട്. ഒരു മലയുടെ ചെരുവിലേക്ക് അബു നാസർ കൂട്ടിക്കൊണ്ടുപോയി. 'അൻഫിഷിയെ ലിഖിതങ്ങൾ' എന്ന സ്ഥലത്താണ് ഞങ്ങളിപ്പോൾ. അറബ് നാടോടി ഗോത്രങ്ങളായിരുന്ന നബാത്തിയൻസ് ശിലാലിഖിതങ്ങളും ചിത്രങ്ങളുമെല്ലാം പാറക്കല്ലുകളിൽ കൊത്തിവെച്ചിരിക്കുന്നു. ഒട്ടകങ്ങളുടെ സഞ്ചാരമെല്ലാം അതിൽ കാണാം.

മലനിരകൾക്കിടയിലൂടെയുള്ള ഡെസേർട്ട് സഫാരി

പിന്നീട് ഏഴ് തൂണുകൾ പോലെയുള്ള മലയായ സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം, രണ്ട് കൂറ്റൻ പാറകളെ ബന്ധിപ്പിക്കുന്ന ഉംഫ്രുത് റോക്ക് ബ്രിഡ്ജ്, കൂറ്റൻ മലയിടുക്കായ ഖസാലി കാന്യൺ, മനുഷ്യമുഖത്തോട് സദൃശ്യമായ പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ട്രക്ക് ചെന്നെത്തി. അതിനുശേഷം മരുഭൂമിയിലെ ഒരു ടെന്‍റിന് സമീപം വണ്ടി നിർത്തി. ചായയും ലഘുഭക്ഷണവും ഇവിടെ ലഭിക്കും. ചെറിയൊരു ഷോപ്പിങ് കേന്ദ്രം കൂടിയാണിത്. നാല് ഭാഗത്തും കൂറ്റൻ മലകളാണ്. ഒരു മലക്ക് മുന്നിൽ വലിയ മണൽക്കൂനയുണ്ട്. പല സഞ്ചാരികളും അതിന് മുകളിലേക്ക് നടന്നുകയറുന്നു.

അൽപനേരത്തെ വിശ്രമത്തിന് ശേഷം വാദി റമ്മിലെ ആവേശകരമായ കാഴ്ചയിലേക്ക് പോകാമെന്ന് ഡ്രൈവർ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന എല്ലാ വാഹനങ്ങളും ഒരുമിച്ചാണ് പുറപ്പെട്ടത്. മരുഭൂമിയിലൂടെ ആ വണ്ടികൾ ഇരമ്പിപ്പാഞ്ഞു. അവസാനം അവയെല്ലാം ഉം സബതഹ് എന്ന സ്ഥലത്ത് നിർത്തി. ഇവിടെ ഏതാനും ചെറിയ പാറകളുണ്ട്. എല്ലാവരും അതിന്‍റെ മുകളിലേക്കായി കയറാൻ തുടങ്ങി. സൂര്യാസ്തമയം കാണാനുള്ള തായാറെടുപ്പിലായി ഓരോരുത്തരും. സൂര്യൻ മെല്ലെ താഴ്ന്നുതുടങ്ങി. ചുവന്ന ജ്വാലയിൽ മരുഭൂമി ചെമ്പട്ടണിഞ്ഞ പ്രതീതിയിലായി. മരുഭൂമിയും ആകാശവും മലകളുമെല്ലാം ചുവന്ന നിറത്തിൽ. പാറയുടെ മുകളിൽ തണുത്ത കാറ്റുമുണ്ട്. ആ കാറ്റുമേറ്റ് അവിടെ ഏറെനേരമിരുന്നു.

ചുറ്റും വിശാലമായ കാഴ്ച. ഭൂമിയിലെ ഒരു വിസ്മയം തന്നെയാണ് വാദി റം. സലാബി ഗ്രോതക്കാരാണ് ഇവിടെയുള്ളത്. വിവിധ സഫാരികളും താമസവും ഭക്ഷണവുമെല്ലാം ഒരുക്കുന്നത് ഇവർ തന്നെ. നിരവധി ഹോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട് വാദിറം. ഇത് കൂടാതെ പൃഥ്വിരാജ്-​െബ്ലസി ചിത്രം ആടുജീവിതത്തിന്‍റെ ഷൂട്ടിങ്ങും ഇവിടെ വെച്ചായിരുന്നു.

മണലിനടിയിലെ 'സർബ്'

ഇരുട്ട് പരന്നതോടെ എല്ലാവരും മടങ്ങി. ഞങ്ങളുടെ ക്യാമ്പിൽ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നുള്ള 30ഓളം സഞ്ചാരികൾ കൂടി എത്തിയിരിക്കുന്നു. അടുത്ത പരിപാടി ഭക്ഷണം കഴിക്കലാണ്. ബദൂവിയൻ ശൈലിയിലുള്ള ഭക്ഷണമാണ് വിളമ്പുന്നത്. ഇതിന് മുമ്പായി എല്ലാവരെയും പുറത്തേക്ക് വിളിച്ചുവരുത്തി. മണലിനടിയിലെ വലിയ കുഴിയിലാണ് ഭക്ഷണം തയാറാക്കിയിട്ടുള്ളത്. ഒരു മൺവെട്ടിയെടുത്ത് മണൽ നീക്കി. എന്നിട്ട് തട്ടുകളായിട്ടുള്ള തളിക ആവേശത്തോടെ പുറത്തെടുത്തു. അവിടെയുണ്ടായിരുന്ന ഗ്രാമീണരായ ജീവനക്കാർ പാട്ടെല്ലാം പാടുന്നുണ്ട്. അവരുടെ ആഘോഷത്തിൽ എല്ലാവരും പങ്കുചേർന്നു. സർബ് എന്നാണ് ഈ ഭക്ഷണത്തിന്‍റെ പേര്. ചോറും ചിക്കനുമെല്ലാം അടങ്ങിയ വിഭവം. എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.

അതിനുശേഷം അവിടെയൊരു ആഘോഷമായിരുന്നു. അമേരിക്കൻ സംഘം പാട്ടും ഡാൻസുമെല്ലാമായി ആ രാവിനെ ആനന്ദലഹരിയിലെത്തിച്ചു. 11 മണിയോടെ എല്ലാവരും അവരവരുടെ ടെന്‍റുകളിലേക്ക് മടങ്ങി. എങ്ങും കൂരിരിട്ടാണ്. ഏതോ ഏകാന്ത പ്രദേശത്ത് താമസിക്കുന്ന പ്രതീതി. മേലെ തെളിഞ്ഞ ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു. അവയും കണ്ട് ഞങ്ങൾ പുതപ്പിനടിയിലേക്ക് ഒളിച്ചു.

മരുഭൂമിയിലെ വിശ്രമകേന്ദ്രം

രാവിലെ ഉറക്കമുണരുമ്പോൾ അതിസുന്ദരമായ കാഴ്ചയാണ് വരവേറ്റത്. പുലരിയിലെ കിരണങ്ങളേറ്റ് മരുഭൂമിയിലെ മലനിരകൾ വെട്ടിത്തിളങ്ങുന്നു. മണൽപ്പരപ്പിൽ രാത്രിയിലെ തണുപ്പ് വിട്ടുമാറിയിട്ടില്ല. കുറച്ചുനേരം ആ തണുപ്പേറ്റ് നടന്നു. അറ്റമില്ലാത്ത മരുഭൂമി. അതിനിടയിൽ മുളച്ചുപൊന്തിയ മലനിരകൾ. അവയുടെ ചാരെ സഞ്ചാരികൾക്കായുള്ള ടെന്‍റുകൾ. സോളാറാണ് ഇവയുടെയെല്ലാം വൈദ്യുത സ്രോതസ്സ്. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന ടാങ്കറുകളാണ് വെള്ളത്തിന് ആശ്രയം. വാദിറമ്മിലെ ഞങ്ങളുടെ സമയം തീരാറായി. ഭക്ഷണവും കഴിച്ച് അവിടെയുള്ള സലാബി ഗോത്രക്കാരോടും അമേരിക്കൻ സംഘത്തോടും യാത്ര പറഞ്ഞ് മടങ്ങി. ഇനി അഖബയിലേക്കാണ് പോകുന്നത്.

വാദിറമ്മിലെ അസ്തമയക്കാഴ്ച

വീണ്ടും ടാറിട്ട റോഡായി. വഴിയരികിൽ കട കണ്ടതോടെ കോഫി കുടിക്കാനായി താരീഖ് വണ്ടി നിർത്തി. കോഫിയും സിഗരറ്റുമില്ലാതെ അദ്ദേഹത്തിന് ഒരു നിമിഷം പോലും ജീവിക്കാനാകില്ല. വണ്ടിയിൽ വെച്ച് വലിക്കാൻ പാടില്ല എന്ന് ഞങ്ങൾ കർശന നിർദേശം നൽകിയതിനാൽ ഇടക്ക് നിർത്തിയാണ് വലിക്കുക. താരീഖ് സിഗരറ്റ് വലിക്കുന്ന സമയം ഞാൻ പരിസരത്തുകൂടി നടന്നു. കടയുടെ തൊട്ടുപിറകിലായി ചെറിയൊരു പച്ചപ്പ് കാണുന്നുണ്ട്. മരുഭൂമിയലെ വ്യത്യസ്ത തരം ചെടികൾ അവിടെ വളർന്നുനിൽക്കുന്നു. അതിന് പിറകിലായി ചെറിയൊരു വീടുമുണ്ട്. അവയുടെ ഫോട്ടോയെല്ലാം എടുത്തുനിൽക്കുമ്പോഴാണ് താരീഖിന്‍റെ വിളി വരുന്നത്. വേഗം മടങ്ങിവരാൻ പറഞ്ഞു. അവിടെ കറങ്ങിനടക്കുന്നത് നാട്ടുകാർക്ക് ഇഷ്ടമാകില്ലെന്നും ചിലപ്പോൾ പ്രശ്നമാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. പിന്നെ അവിടെ വല്ലാതെ നിന്നില്ല.

സോളമന്‍റെ കപ്പലുകൾ

വാദി റമ്മിൽനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരമുണ്ട് അഖബയിലേക്ക് (Aqaba). ഹൈവേയിലെത്തിയതോടെ കണ്ടയ്നർ ലോറികളുടെ ബഹളമായി. എല്ലാം അഖബ പോർട്ടിൽനിന്ന് വരുന്നതും അവിടേക്ക് പോകുന്നതുമായ വണ്ടികൾ. നഗരം എത്താനായതോടെ ഭൂപ്രകൃതിയിൽ മാറ്റം വന്നുതുടങ്ങി. മരുഭൂമി മാറി ഇരുവശത്തും കൂറ്റൻ മലകൾ പ്രത്യക്ഷപ്പെട്ടു. ഏകദേശം 10 മണിയോടെ നഗരത്തിലേക്ക് പ്രവേശിച്ചു. നല്ല വൃത്തിയുള്ള തെരുവുകൾ. റോഡുകൾക്ക് നടുവിൽ പൂച്ചെടികളും ഈന്തപ്പനകളും വളർത്തി മനോഹരമാക്കിയിരിക്കുന്നു. കെട്ടിടങ്ങളും കുറച്ചുകൂടി ആധുനിക രീതിയിലുള്ളവയാണ്.

കാർ ചെങ്കടലിന്‍റെ (Red Sea) തീരത്തെ പാർക്കിങ് ഏരിയയിൽ നിർത്തി. വണ്ടിയിൽനിന്ന് ചാടിയിറങ്ങി കൊച്ചുകുട്ടികളെപ്പോലെ ആവേശത്തോടെ കടലിലേക്ക് ഓടി. കടലിന്‍റെ നീലിമയേക്കാൾ ഞങ്ങളെ ത്രില്ലടിപ്പിച്ചത് ഈ പ്രദേശത്തിന്‍റെ പ്രാധാന്യമാണ്. തൊട്ടുമുന്നിലായി രണ്ട് രാജ്യങ്ങൾ കാണാം. വലത് ഭാഗത്ത് ഇസ്രായേലിലെ പുരാതന നഗരമായ എലാത്ത്. നേരെ മുന്നിൽ ഈജിപ്തിലെ സിനായ് മേഖല. രണ്ട് രാജ്യങ്ങളെ മാത്രമല്ല, രണ്ട് ഭൂഖണ്ഡങ്ങളെ കൂടിയാണ് ചെങ്കടൽ വേർതിരിക്കുന്നത്. ഇവിടെനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമേയുള്ളൂ സൗദി അറേബ്യയുടെ അതിർത്തിയിലേക്ക്. അങ്ങനെ നാല് രാജ്യങ്ങളുടെ അതിർത്തി വരുന്ന മേഖലയാണ് അഖബ.

അഖബയിലേക്കുള്ള പാത

ജോർദാനിലെ ഏക തുറമുഖം കൂടിയാണ് ഇവിടം. ശിലായുഗം മുതൽ ആളുകൾ ഇതൊരു തുറമുഖമായി ഉപയോഗിക്കുന്നു എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ബൈബിളിലും ഈ തുറമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. സോളമന്‍റെ കപ്പൽസംഘം ഇവിടെനിന്നാണ് സ്വർണവും വെള്ളിയുമെല്ലാം കൊണ്ടുവരാൻ ഒഫീറിലേക്കു (Ophir) പുറപ്പെട്ടതത്രെ. റോമക്കാരുടെ കാലത്ത് ഇതൊരു സൈനിക തുറമുഖമായി മാറി. ഓട്ടോമൻ ഭരണകാലത്ത് വിവിധ നാടുകളിൽനിന്നുള്ള തീർഥാടക സംഘം ഇവിടെയെത്തി ഹിജാസ് റെയിൽവേ വഴിയായിരുന്നു മക്കയിലേക്ക് ഹജ്ജിന് പോയിരുന്നത്. 2006 വരെ നഗരത്തിനോട് ചേർന്നായിരുന്നു തുറമുഖം. പിന്നീട് കുറച്ച് തെക്കോട്ട് മാറ്റി സ്ഥാപിച്ചു.

കടലിൽ ധാരാളം ബോട്ടുകൾ കാണാം. ഉച്ചത്തിൽ പാട്ടുവെച്ച് സഞ്ചാരികളെയും കൊണ്ട് അവ പോകുന്നു. കൂടാതെ മത്സ്യബന്ധന ബോട്ടുകളും ചരക്കു കപ്പലുകളും പലയിടത്തായി നങ്കൂരമിട്ടിരിക്കുന്നു. അഖബയിൽനിന്ന് ഈജിപ്തിലെ നുവൈബയിലേക്ക് ഫെറി സർവിസുണ്ട്. ഈജിപ്ത് വിസയുണ്ടെങ്കിൽ അതിൽ കയറിപ്പോകാം. നാട്ടിൽനിന്ന് ട്രാവൽ ഏജൻസികൾ വഴി വരുന്ന സഞ്ചാരികൾ ജോർദാനിൽനിന്ന് ഈജിപ്തിലേക്ക് ഈ മാർഗമാണ് പോകാറ്. സ്കൂബ ഡൈവിങ് പോലുള്ള കടൽവിനോദങ്ങൾക്കും ഏറെ അറിയപ്പെടുന്ന സ്ഥലമാണിത്.

അഖബയിലെ ചെങ്കടൽ. മുന്നിൽ ഈജിപ്തിലെ സിനായ് മേഖലയിലെ മലനിരകളും വലത് ഭാഗത്ത് ഇസ്രായേലിലെ എലാത്ത് നഗരവും കാണാം

തീരത്തായി വലിയൊരു ജോർദാൻ പതാക പാറിപ്പറക്കുന്നത് കാണാം. 130 മീറ്റർ ഉയരമുള്ള കൊടിമരത്തിലാണ് പതാക. നീളത്തിന്‍റെ കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്ത് വരും ഈ കൊടിമരം. 1917ൽ ഒന്നാം ലോക മഹായുദ്ധത്തിനോടനുബന്ധിച്ച് നടന്ന അഖബ പോരാട്ടത്തിന്‍റെ സ്മാരകമായിട്ടാണ് കൊടിമരം സ്ഥാപിക്കുന്നത്. ഷെരീബ് ഹുസൈൻ ബിൻ അലി, ഔഡ ഇബു തായി എന്നിവരുടെ നേതൃത്വത്തിലെ അറബ് വിമത സേനയും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ ടി.ഇ. ലോറൻസും ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ നടത്തിയ പോരാട്ടാമാണ് അഖബ പോരാട്ടം.

ഗ്രേറ്റ് അറബ് റിവോൾട്ട് പ്ലാസയിലാണ് ഈ കൊടിമരമുള്ളത്. ഇതിനോട് ചേർന്ന് പുരാതന അഖബ കോട്ട കാണാം. മംലൂക്ക് കോട്ട എന്നും അറിയപ്പെടുന്ന ഇത് ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. 1100കളിൽ ക്രിസ്ത്യൻ കുരിശുയുദ്ധക്കാരാണ് കോട്ട നിർമിക്കുന്നത്. എന്നാൽ, സിറിയയുടെയും ഈജിപ്തിന്‍റെയും സുൽത്താനായിരുന്ന സലാഹുദ്ദീൻ അയ്യൂബിയുടെ പടയോട്ടക്കാലത്ത് ഇത് തകർക്കപ്പെട്ടു. 1500കളിൽ മംലൂക്ക് രാജവംശം ഇന്നത്തെ രീതിയിൽ കോട്ട പുനർനിർമിച്ചു. ഇതിനോട് ചേർന്ന് തന്നെ അറബ് വിപ്ലവ നായകൻ ഷെരീഫ് ഹുസൈൻ ബിൻ അലിയുടെ വീടും കാണാം. ഇന്നിത് മ്യൂസിയമാണ്. അറബ് കലാപത്തിന്‍റെ ആദ്യ ബുള്ളറ്റ് വെടിയുതിർത്തത് ഇവിടെനിന്നാണ്. ചരിത്രം സ്പന്ദിക്കുന്ന ഈ വഴികളിലൂടെ നടക്കുമ്പോൾ അവയുടെ ഓർമകൾ നമ്മെ പുളകം കൊള്ളിക്കും. വെടിയൊച്ചകൾ ഇടനെഞ്ചിൽ മുഴങ്ങികേൾക്കും. യുദ്ധത്തിന്‍റെ ഇരയായവരുടെ രോദനങ്ങൾ കാതിൽ അലയടി തീർക്കും.

അഖബയോട് ചേർന്ന മറ്റൊരു പ്രധാന സ്ഥലമാണ് ഐല (Ayla City). അറേബ്യൻ ഉപദ്വീപിന് പുറത്ത് നിർമിച്ച ആദ്യത്തെ ഇസ്ലാമിക നഗരമാണ് ഐല. 650ലാണ് നഗരം സ്ഥാപിതമാകുന്നത്. പിന്നീട് കാലങ്ങളോളം ഇത് മണ്ണിനടിയിലായിരുന്നു. 1989ലാണ് ഇതിന്‍റെ ശേഷിപ്പുകൾ കണ്ടെത്തുന്നത്. മക്കയിലേക്കുള്ള വഴിയിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. 2.5 മീറ്റർ വീതിയുള്ള നഗര മതിലുകൾ, കവാടങ്ങൾ, പള്ളി എന്നിവ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. അമ്മാനിനെ കൂടാതെ ജോർദാനിൽ അന്താരാഷ്ട്ര വിമാനത്താവളമുള്ളത് അഖബയിൽ മാത്രമാണ്. അമ്മാനിൽ പോകാൻ ഉദ്ദേശിക്കാത്ത, പെട്രയും വാദിറമ്മും കാണാൻ വരുന്നവർ ഇവിടെയാണ് വിമാനം ഇറങ്ങാറ്. ദുബൈ പോലുള്ള പശ്ചിമേഷ്യൻ നഗരങ്ങളിൽനിന്ന് ഇവിടേക്ക് ധാരാളം വിമാന സർവിസുകളുണ്ട്.

അമ്മാനിലെ കിങ് അബ്ദുല്ല ഒന്നാമന്‍റെ പേരിലറിയപ്പെടുന്ന പള്ളി

ഉച്ചക്കുശേഷം നഗരത്തോട് വിടപറഞ്ഞു. ഇനി ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് തലസ്ഥാനമായ അമ്മാനാണ്. ഏകദേശം 340 കിലോമീറ്റർ ദൂരമുണ്ട്. വീതിയേറിയ റോഡിലൂടെ താരീഖ് തന്‍റെ കാർ ചവിട്ടിവിട്ടു. എങ്ങും മരുഭൂമിയുടെ കാഴ്ചകൾ മാത്രം. കിലോമീറ്ററുകൾ ഇടവിട്ട് ചെറുപട്ടണങ്ങൾ വരും. അവക്കിടയിൽ ഗ്രീൻഹൗസ് സാങ്കേതിക വിദ്യയിൽ ഒരുക്കിയ കൃഷിയിടങ്ങൾ. വൈകുന്നേരം വഴിയോരത്ത് കണ്ട റെസ്റ്റോറന്‍റിൽ കയറി ചിക്കൻ റോൾ കഴിച്ച് മൂന്നുപേരും ക്ഷീണമകറ്റി.

വീണ്ടും അമ്മാനിൽ

ഇരുട്ട് പരക്കും മുന്നെ അമ്മാനിലെത്തി. ഇവിടെ കഴിഞ്ഞദിവസം കാണാൻ ബാക്കിവെച്ച ഒരു സ്ഥലം കൂടിയുണ്ട്. ജോർദാൻ രാജാവായിരുന്ന കിങ് അബ്ദുല്ല ഒന്നാമന്‍റെ പേരിലറിയപ്പെടുന്ന പള്ളിയാണത് (King Abdullah I Mosque). 1989ൽ നിർമാണം പൂർത്തീകരിച്ച ഈ പള്ളിയിന്ന് നഗരത്തിന്‍റെ മുഖമുദ്രയാണ്. നീല മൊസൈക്കിൽ തീർത്ത താഴികക്കുടം ആരെയും ആകർഷിപ്പിക്കും. അകത്തെ അതിമനോഹരമായ ചുവന്ന പരവാതാനിയും ബഹുവർണ ജാലകങ്ങളും കാൽപനികതയുടെ കാൻവാസൊരുക്കും. പള്ളിക്ക് തൊട്ടുമുമ്പിലായി ഈജിപ്ഷൻ ക്രിസ്ത്യൻ സഭക്ക് കീഴിലെ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചും ഉയർന്നുനിൽപ്പുണ്ട്.

ഇതെല്ലാം കണ്ട് നഗത്തിന്‍റെ ഹൃദയഭാഗമായ ഡൗൺടൗണിൽ ഒരിക്കൽ കൂടിയെത്തി. കഴിഞ്ഞ ദിവസങ്ങളേതിന് സമാനമയ വിധം ജനബാഹുല്യം തന്നെയാണ് എവിടെയും. ആ തിരക്കിലമർന്ന് മുന്നോട്ടുനീങ്ങി. വിവിധ കടകളിൽളിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം വാങ്ങി. തുടർന്ന് അടുത്തുള്ള ഹോട്ടലിൽ കയറി. മട്ടൺ കൊണ്ടുള്ള വിഭവാണ് അവിടെ മൊത്തം. മെനുവിൽ കണ്ട ഒരു ഐറ്റം ഓർഡർ ചെയ്തു. 10 മിനിറ്റ് കൊണ്ട് സാധനം മുന്നിലെത്തി. തനി ജോർദാൻ ശൈലിയിലുള്ള വിഭവം. തനിമ ചോരാത്ത വിധം പഴയ ഒരു പാത്രത്തിലാണ് വിളമ്പിയിട്ടുള്ളത്. മട്ടണും ഉള്ളിയുമാണ് പ്രധാന ചേരുവ. പ്രത്യേകതരം മസാലക്കൂട്ടിലാണ് തയാറാക്കുന്നത്. കൂടെ റൊട്ടിയുമുണ്ട്. ഇതുവരെ കഴിച്ച മട്ടൺ വിഭവങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ രുചിയായിരുന്നുവതിന്. വയറും മനസ്സും നിറഞ്ഞതോടെ വീണ്ടും തെരുവിലേക്കിറങ്ങി. ജോർദാനിലെ ഒടുവിലത്തെ രാത്രിയാണ്. കടകളിൽനിന്ന് പുറത്തേക്ക് വരുന്ന അറബി പാട്ടിന്‍റെ ഈണത്തിൽ ഞങ്ങൾ നടന്നു. പാതിരാവിലെ ആഘോഷത്തിന്‍റെ വൈബിൽ ഇഴചേർന്നു.

നന്ദി, ജോർദാൻ

ജോർദാനിലെ അവസാനത്തെ ദിവസം ആഗതമായി. ഒരുപാട് അനുഭവങ്ങളും അത്ഭുതങ്ങളും സമ്മാനിച്ച ജോർദാനിനോട് വിടപറയാൻ സമയമായി. അമ്മാനിലെ പൗരാണിക കേന്ദ്രങ്ങൾ, മാദബയിലെ മൊസൈക്കുകൾ, മൗണ്ട് നെബോയിലെ വാഗ്ദത്ത ഭൂമി, ജോർദാൻ നദിക്കരയിലെ ബാപ്റ്റിസം പോയിന്‍റ്, മുങ്ങിപ്പോകാത്ത ചാവുകടൽ, നബാത്തിയൻസ് ഒരുക്കിയ നിഗൂഢ ലോകമായ പെട്ര, വാദിറമ്മിലെ ചുവന്ന മണൽത്തരികൾ, അഖബയിലെ ചാവുകടലിന്‍റെ നീലിമ... അങ്ങനെ എണ്ണിയാലൊതുങ്ങാത്ത കാഴ്ചകൾ മനസ്സിന്‍റെ മാന്ത്രികച്ചെപ്പ് തുറന്ന് കുടിയേറിയിരിക്കുന്നു.

ഉച്ചക്കാണ് അബൂദബിയിലേക്കുള്ള വിമാനം. രാവിലെ ഹാഷെം റെസ്റ്റോറന്‍റിൽ പോയി ഒരിക്കൽ കൂടി പ്രഭാതഭക്ഷണം കഴിച്ചു. ഹോസ്റ്റലിൽനിന്ന് ഏർപ്പാടാക്കിത്തന്ന ടാക്സിയിൽ എയർപോർട്ടിലെത്തി. യാത്രക്കാരായി അധികവും ഫലസ്തീൻ സ്വദേശികളാണ്. ഇസ്രായേലിൽ അന്താരാഷ്ട്ര വിമാനത്താവളമുണ്ടെങ്കിലും ഫലസ്തീനികൾക്ക് അവിടേക്ക് പ്രവേശനമില്ല. കൂടാതെ ഗസ്സയിലെ യാസർ അറാഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം (Gaza Yasser Arafat International Airport) ഇസ്രായേൽ ബോംബേറിൽ തകർന്നതിനാൽ വർഷങ്ങളായി ഉപയോഗക്ഷമമല്ല. അതിനാൽ ഫലസ്തീനികൾ അമ്മാൻ ക്വീൻ അലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് ഉപയോഗിക്കാറ്. അബൂദബിയിലേക്ക് പറന്ന വിമാനത്തിലും കൂടുതൽ പേർ ഈ അടിച്ചമർത്തപ്പെട്ട ജനത തന്നെയായിരുന്നു. അവർ പ്രവാസ ലോകത്ത് കൂട്ടക്കൊലകളും വെടിയൊച്ചകളും യുദ്ധക്കെടുതികളുമില്ലാത്ത ജീവിതം തേടിപ്പോവുകയാണ്.

(അവസാനിച്ചു)

ഭാഗം 1 - അപരദേശത്തെ അതിജീവിതങ്ങൾ

ഭാഗം 2- റോമൻ തിയറ്ററിൽ ദഫിന്റെ താളത്തിലൊരു മലയാള ഗാനം

ഭാഗം 3- ജോർദാൻ നദിയോരത്തെ ഇസ്രായേൽ പട്ടാളക്കാരും ലൂതിന്റെ പേരിലുള്ള രണ്ട് പാറകളും!

ഭാഗം 4- നബാത്തിയൻസിന്‍റെ നിഗൂഢ ലോകം

Show More expand_more
News Summary - jordan Travelogue by vk shameem