Begin typing your search above and press return to search.
proflie-avatar
Login

ഞാൻ ശാന്തി

ഞാൻ ശാന്തി
cancel

അന്നും ഓഫിസിന്റെ പടിക്കലെത്തിയപ്പോൾ കാലുകൾ വിറച്ചു. 10:50. ഹാജർ രജിസ്റ്ററിലെ ചുവന്ന വര. അകത്തെ മുറിയിൽ മേലധികാരി. മുറുക്കാൻ അമർത്തിച്ചവച്ചുകൊണ്ട് ക്ലോക്കിലേക്കും തന്റെ വാരിവലിച്ചുടുത്ത സാരിയിലേക്കും അയാൾ മാറിമാറി നോക്കി. ആ ഉണ്ടക്കണ്ണുകളെ അവൾക്ക് ഭയമായിരുന്നു. ഓട്ടുകമ്പനിയിലെ അഞ്ചുമണി സൈറൺ കേട്ടാണ് അവളുടെ ദിവസം തുടങ്ങുന്നത്. അരി കഴുകിയിടുന്നതിനിടെ ഒരു അടുപ്പിൽ കട്ടൻകാപ്പി തിളയ്ക്കും, മറ്റേതിൽ പരിപ്പ് വെന്തുകൊണ്ടിരിക്കും. കാപ്പി, ചോറ്, കറി, മകന്റെ യൂണിഫോമിൽ തേപ്പ്, പൊതിച്ചോറ് -ഇതിനിടയിൽ കൃത്യസമയത്ത് ഭക്ഷണം ചോദിക്കുന്ന മൂന്നുപേർക്ക് വിളമ്പിക്കൊടുക്കലും.

‘നിനക്ക് ഓഫിസിൽ പോകേണ്ടതല്ലേ’ എന്ന് ഒരാളും ഓർക്കാറില്ല. സാരി നേരെയാക്കാനോ, പാതിരാത്രി കുളിച്ചിട്ട് ഈറൻ മണം മാറാത്ത മുടി ചീകിക്കെട്ടാനോ എവിടെ സമയം? കൈയിൽ കിട്ടിയ സാരി ചുറ്റി, ഒരു ക്ലിപ്പ് കുത്തി, കിട്ടിയ പാത്രത്തിൽ ചോറും കോരി അവൾ ബസ് സ്റ്റോപ്പിലേക്ക് ഓടും. ‘ശാന്തി’ എന്ന് പേരിട്ടവരെ ഓർത്ത് അവൾ ഉള്ളിൽ ചിരിക്കും. ശാന്തമായ ഒരു നിമിഷം പോലും തനിക്കില്ലല്ലോ. വീട്ടിൽ തറവാട് മഹിമ പറഞ്ഞ് ടി.വിക്ക് മുന്നിലിരിക്കുന്നവർക്ക് അവളുടെ ജോലി കാണില്ല. ‘ഉപ്പ് കൂടി, തറ തുടച്ചിട്ട് ദിവസങ്ങളായി...’ കുറ്റങ്ങളുടെ പട്ടിക നീളുമ്പോൾ എതിർത്താൽ കൈയാങ്കളി വരെ എത്തുമെന്നതിനാൽ അവൾ മിണ്ടാതിരിക്കും. കാരണം ഒരു വഴക്ക് അവളുടെ അടുത്ത ദിവസത്തെ മുഴുവൻ ടൈംടേബിളും തെറ്റിക്കും. ഓഫിസിൽ അവൾക്ക് കൂട്ടില്ല. എല്ലാവർക്കും ഷോപ്പിങ്ങും വിരുന്നുമുണ്ട്. ശാന്തിയെ ആരും വിളിക്കില്ല -അവൾക്ക് ചെലവാക്കാൻ പണമില്ല, സമയവുമില്ല.പക്ഷേ അവർക്കറിയാത്ത ഒന്ന് ശാന്തി ചെയ്തിരുന്നു. പാതിരാ വരെ ജോലി തീർത്ത്, മക്കളെ ഉറക്കി, കിടക്കയുടെ ഓരത്ത് ആ കുന്നുകൂടി കിടക്കുന്ന പേപ്പറുകൾക്കിടയിൽ അവൾ എഴുതും. അതുകണ്ടാൽ അയാൾ അട്ടഹസിക്കും.

‘പാതിരാത്രി സാഹിത്യമോ? കത്തിച്ചുകളയും ഞാൻ!’

അവൾ പേപ്പർ മടക്കി ലൈറ്റ് അണയ്ക്കും. പക്ഷേ, എഴുത്ത് നിർത്തിയില്ല.

അന്ന് ഓടിക്കയറിയപ്പോൾ ഓഫിസിൽ ഒരു മൂകതയായിരുന്നു. പതിവ് പുച്ഛച്ചിരിയില്ല. മേലധികാരിയുടെ മേശപ്പുറത്ത് പത്രമിരിപ്പുണ്ട്.

‘ശാന്തി കൺഗ്രാറ്റ്സ്’

അദ്ദേഹം പറഞ്ഞതിന്റെ അർഥം ആദ്യം അവൾക്ക് മനസ്സിലായില്ല. പിന്നെയാണ് മേശപ്പുറത്തെ പത്രത്താളിലേക്ക് കണ്ണ് പോയത്. അവളുടെ പടം! കൂടെയൊരു വാർത്തയും: ശാന്തിക്ക് സംസ്ഥാന സാഹിത്യ കഥാ പുരസ്കാരം. രാവിലത്തെ ടൈംടേബിളിൽ പത്രപാരായണമില്ല. തിരക്കെല്ലാം കഴിഞ്ഞ് സമയം കിട്ടിയാൽ മാത്രം രാത്രിയാണ് പത്രമൊന്ന് നോക്കാറുള്ളത്. അതുകൊണ്ട്, ആദ്യമായി സ്വന്തം ഫോട്ടോയും അവാർഡ് വാർത്തയും അറിയാൻ സഹപ്രവർത്തകരെ ആശ്രയിക്കേണ്ടിവന്നു. ആകെ അന്ധാളിച്ചുനിൽക്കെ, സഹപ്രവർത്തക ലത വന്ന് കെട്ടിപ്പിടിച്ചു.

ലതക്കാണ് സത്യത്തിൽ ഈ അവാർഡിന്റെ ക്രെഡിറ്റ്. മാസങ്ങൾക്കുമുമ്പ്, ഏതോ ഓഫിസ് ഫയൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വെച്ചപ്പോൾ അവളുടെ ബാഗിൽനിന്ന് വീണ ഒരു കഥ, ഒരു പേജ് മാത്രമുള്ളത്, ലത കണ്ടിരുന്നു. ശാന്തി എപ്പോഴും പറയുന്ന ‘എന്റെ ഒരു ദിവസത്തെ ടൈംടേബിൾ’ തന്നെ കഥയായി. ലത അത് ശാന്തിയോട് ചോദിക്കാതെ തന്നെ ആഴ്ചപ്പതിപ്പിന്റെ ‘വായനക്കാരുടെ കത്ത്’ എന്ന പംക്തിയിലേക്ക് അയച്ചുകൊടുത്തിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അത് പ്രസിദ്ധീകരിച്ചു, ഒരു കഥയായിത്തന്നെ!

പാതിരാത്രി കുളിച്ച് ഈറൻ മണമുള്ള മുടിയുമായി ഓഫിസിലേക്കോടുന്ന ഒരു സ്ത്രീയുടെ കഥ. തൊട്ടടുത്ത ആഴ്ചകളിൽ കഥയെക്കുറിച്ച് ഒന്നുരണ്ട് കത്തുകളും വന്നു. അതിനിടയിൽ ശാന്തി ആ കഥയൊക്കെ മറന്നു, പതിവ് ഓട്ടപ്പാച്ചിൽ തുടർന്നു. പക്ഷേ, ലത ആ കഥ മറന്നില്ല; അവളത് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അവാർഡിന് അയച്ചുകൊടുത്തു. ‘നിനക്കൊരു സമ്മാനമുണ്ട്’ എന്ന് ലത ഇടയ്ക്ക് പറയാറുള്ളതിന്റെ രഹസ്യവും അപ്പോഴാണ് വെളിപ്പെട്ടത്.

മേലധികാരി അവളെ നോക്കി, ഇത്തവണ ക്ലോക്കിലേക്കല്ല. ‘ശാന്തി, ഹാജർ രജിസ്റ്ററിലെ ചുവന്ന വര മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതിനു പിന്നിലെ 5 മണി മുതൽ 10 മണി വരെയുള്ള കണക്ക് ഞാൻ കണ്ടില്ല. ഇരിക്ക്.’

അന്ന് വൈകീട്ട് സ്റ്റാഫ് ക്ലബിന്റെ ചെറിയ ചായക്കൂട്ടത്തിൽ അവളോട് രണ്ടുവാക്ക് പറയാൻ പറഞ്ഞു. പൊന്നാടയോ പൂച്ചെണ്ടോ ഇല്ല. ഒരു സ്റ്റീൽ ഗ്ലാസിലെ ചായ മാത്രം. ശാന്തി എഴുന്നേറ്റു. ആദ്യമായി അവളുടെ ശബ്ദം വിറച്ചില്ല.

‘എനിക്ക് പറയാൻ ഒരു ടൈംടേബിൾ ഉണ്ട്. 5 മണിക്ക് സൈറൺ. 5:01ന് അരി. 5:02ന് കാപ്പി. 10:50ന് ചുവന്ന വര. വൈകീട്ട് 5 മണി മുതൽ 12 മണി വരെ വീണ്ടും ഡ്യൂട്ടി. ഇതിനിടയിൽ എവിടെയെങ്കിലും ഒരു പത്ത് മിനിറ്റ്... അതിലാണ് ഞാൻ ജീവിക്കുന്നത്. അത് ആരും കാണുന്നില്ല. ഇന്ന് നിങ്ങൾ അത് കണ്ടു. അതുമതി. എനിക്ക് സഹതാപം വേണ്ട. എന്റെ പേരിലെ ശാന്തി തിരിച്ചുതന്നാൽ മതി.’

ആരും കൈയടിച്ചില്ല. പുച്ഛിച്ച് ചിരിക്കുന്നതുപോലെ അത്ര എളുപ്പമല്ല കൈയടിക്കാൻ.!

Show More expand_more
News Summary - The Timetable of a Midnight Writer