മുസിരിസ് സ്കെച്ചുകള്‍

7. അഞ്ചപ്പാലത്തെ അമ്മൂമ്മമാര്‍കൈതപൂത്ത മുള്ളാരമണങ്ങള്‍ക്കിടയിലൂടെ മഞ്ഞയെലികളെത്തേടി ചേരനാഗങ്ങള്‍ പുളപുളയ്ക്കുന്നു പോര്‍മുനകളുമായി കൈതോലകള്‍ ഹരിതവേലിയേറ്റത്തില്‍ എറിച്ചുനില്‍ക്കുന്നു പോഷകക്കുറവുള്ളവര്‍ക്ക് ഇന്ദിരാഗാന്ധി കനിഞ്ഞ ബ്രഡിനും മുട്ടയ്ക്കുമായി അമ്മൂമ്മമാര്‍ നെയ്ത്തുതയമ്പുമായി വരിനില്‍ക്കുന്നു ഗ്രഹണികാലത്തെ കുഞ്ഞുങ്ങള്‍ക്ക് ആതുരത സൗജന്യമായി സുവർണപോളങ്ങള്‍ സമ്മാനിക്കുന്നു ചലജലം നിറഞ്ഞ് മുത്തുകള്‍പോലെ ഞങ്ങള്‍ കുട്ടികളില്‍ പോളങ്ങള്‍ പൊന്തുന്നു അമ്മൂമ്മമാര്‍ കയ്യില്‍ മറച്ചുപിടിച്ച കൈതോലമുള്ളുകളുമായി അടിവച്ചടിവച്ച്...
Your Subscription Supports Independent Journalism
View Plans7. അഞ്ചപ്പാലത്തെ അമ്മൂമ്മമാര്‍
കൈതപൂത്ത മുള്ളാരമണങ്ങള്‍ക്കിടയിലൂടെ
മഞ്ഞയെലികളെത്തേടി
ചേരനാഗങ്ങള്‍
പുളപുളയ്ക്കുന്നു
പോര്‍മുനകളുമായി
കൈതോലകള്‍
ഹരിതവേലിയേറ്റത്തില്‍
എറിച്ചുനില്‍ക്കുന്നു
പോഷകക്കുറവുള്ളവര്‍ക്ക്
ഇന്ദിരാഗാന്ധി കനിഞ്ഞ
ബ്രഡിനും മുട്ടയ്ക്കുമായി
അമ്മൂമ്മമാര്‍ നെയ്ത്തുതയമ്പുമായി
വരിനില്‍ക്കുന്നു
ഗ്രഹണികാലത്തെ കുഞ്ഞുങ്ങള്‍ക്ക്
ആതുരത
സൗജന്യമായി
സുവർണപോളങ്ങള്‍
സമ്മാനിക്കുന്നു
ചലജലം നിറഞ്ഞ്
മുത്തുകള്‍പോലെ
ഞങ്ങള്‍ കുട്ടികളില്‍
പോളങ്ങള്‍ പൊന്തുന്നു
അമ്മൂമ്മമാര്‍
കയ്യില്‍ മറച്ചുപിടിച്ച
കൈതോലമുള്ളുകളുമായി
അടിവച്ചടിവച്ച് പമ്മിവരുന്നു
അമ്പിളിപ്പോളം
ആകാശത്തില്‍ നോക്ക്
എന്ന് ശ്രദ്ധതിരിച്ച് മുള്ളുകോറി
ഞങ്ങളുടെ പോളങ്ങള്‍ പൊട്ടിക്കുന്നു
മുത്തുമണികള്‍
ചെറുപുഴകളായി
ഒഴുകിയസ്തമിക്കുന്നു
മുള്ളുകള്‍ ചീന്തി
കൈതോലകളില്‍നിന്ന്
അമ്മൂമ്മമാര്‍ സ്വർണപ്പായകളുണ്ടാക്കുന്നു
മുസിരിസിന്‍റെ
സുവർണതൽപങ്ങളില്‍
ഞങ്ങളെ തളര്‍ത്തിക്കിടത്തി
വീണ്ടും തഴപ്പായ നെയ്യുന്നു
പറക്കുംതളികകൾപോലെ
കനകപ്പായകൾ
ചൈനയിലേക്കും
ഈജിപ്തിലേക്കും
ചിറകു വിരിക്കുന്നു
പായയുടെ ഒരറ്റത്ത് കിടന്ന്
സ്വയം ചുരുണ്ട്
കാഴ്ചയ്ക്കും ശ്വാസത്തിനും
ദ്വാരങ്ങളിട്ട്
ഞങ്ങളാ യാനങ്ങളില്‍
പെരിയാറില്‍ പൊന്തിയൊഴുകുന്നു.
8. രാമവർമത്തമ്പുരാന്‍
മഹാഭാരതം
മനയാളമാകാതെ
മലയാളം മൊഴിഞ്ഞ
കോവിലകത്തുനിന്ന്
ഒരാള്‍ ഇറങ്ങിവരുന്നു
അതുവരെ അടച്ചിട്ട മുറിയിലെ
ചങ്ങലകള്‍ ത്ധ്ലുംന്ന് ചിതറുന്നു
അവളെയും കൊണ്ടാണെങ്കില്‍
ഇങ്ങോട്ടുവരേണ്ടെന്ന്
ഒരാഢ്യക്കാര്‍ക്കശ്യം ആട്ടുന്നു
എട്ടുകെട്ടിറങ്ങുമ്പോള്‍
തടവോര്‍മ
താഴെ വീഴുന്നു
പടിപ്പുര താണ്ടുമ്പോള്‍
തമ്പുരാന്‍പേര് ഊര്‍ന്നുപോകുന്നു
വിദ്വത്പീഠമുറ്റത്തെത്തുമ്പോള്‍
ജ്ഞാനപ്പക്ഷികള്‍ ചെതറുന്നു
വീഴാതെ ചെതറാതെ
പ്രണയപ്പാടുകള്‍ മാത്രം
ഉടലില്‍ തെളിയുന്നു
ഡല്‍ഹി, പൂനെ,
ഇംഗ്ലീഷ്, ഹിന്ദി, ദര്‍ശനം, നിയമം
ട്രിപ്പിള്‍ എം.എകള്‍
ശിരസ്സു പുകയ്ക്കുന്നു
ഇന്ദ്രപ്രസ്ഥത്തില്‍
പഠനപർവത്തില്‍
വിദേശിനിയെ പ്രണയിച്ചതിന്
അമ്മ മരിച്ചെന്ന് കമ്പിയടിച്ച്
വിളിച്ചുവരുത്തി കൊട്ടാരത്തടവിലിട്ട
ക്രൗര്യസ്മരണകള്‍ ചിലമ്പെടുക്കുന്നു
മഹാകവികള്‍ക്കുള്ളതില്‍നിന്ന്
മറ്റേതോ തരം
മതിഭ്രമം മനയിറങ്ങുന്നു
മുസിരിസിലെ കുട്ടികള്‍ക്കിടയിലൂടെ
ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ച്
ദര്‍ശനം വിളിച്ചുപറയുന്നു
കോടതിമുറികളില്‍ വക്കീലന്മാര്‍ക്ക്
സൗജന്യതന്ത്രങ്ങള്‍ സമ്മാനിക്കുന്നു
വിവിയന്‍ റിച്ചാര്‍ഡ്സ് വിളയാടിയ
കരീബിയന്‍ തേരോട്ടങ്ങളുടെ
തത്സമയ ശബ്ദരേഖകളെ
പൊടിയന്‍ മര്‍ഫി റേഡിയോയില്‍
ചെവിയില്‍ ചേര്‍ത്തുപിടിച്ച്
റോഡുകള്‍ മുറിക്കുന്നു
പുസ്തകക്കടകളില്‍
അന്നിറങ്ങിയ ഹിന്ദു, പയനിയര്‍
വായനകള്‍ക്കായി
ഉടമകളോട് യാചിക്കുന്നു
മമ്മാലിക്കും
മേഘനാദനും
ടി.എന്‍. ജോയിക്കും
പി.സി. ഉണ്ണിച്ചെക്കനും മുമ്പേ
കൊടുങ്ങല്ലൂരില്‍ ഞാന്‍ കണ്ട
പ്രഥമ ബുദ്ധിജീവി
കിറുക്കന്‍ രാജാവ്
ഭ്രാന്തന്‍ തമ്പുരാന്‍
തോളിലൊരു തോര്‍ത്തു മാത്രമായി
അയാള്‍ പായുമ്പോള്‍
സ്കൂള്‍ കുട്ടികള്‍ പേടി പുലമ്പി
ആദ്യമായി ഇഷ്ടംതോന്നിയ പെണ്‍കുട്ടി
എത്ര വായിച്ചിട്ടും പിടിതരാതെ പോയ
ഒരു കവിതയിലെന്നപോലെ
പറ്റിച്ചുപോയതിന്‍റെ
താരുണ്യനിരാശതയില്‍
ഒരു നന്നങ്ങാടിത്തുമ്പത്ത് ഞാനിരിക്കേ
ഒരു പൂവാലിത്തുമ്പിയെ
ഇരുചിറകിലും പിടിച്ച്
എന്‍റെയരികില്‍ വന്ന്
പിടിച്ചുനോക്കാന്‍ പറയുന്നു
അതിന്‍റെ സുതാര്യച്ചിറകില്‍
ഞാന്‍ അമര്‍ത്തിയിരിക്കേ
ആ പെടപെടപ്പ്
നോക്കിനോക്കിയിരിക്കേ
അതിനെ പറത്തിവിട്ടിട്ട്
അതിന്‍റെ സ്വാതന്ത്ര്യം കണ്ടിട്ട്
രസിക്യ രസിക്യ എന്ന്
നൃത്തംവെക്കുന്നു
എന്‍റെ കൈകള്‍
ആ ഇളം ജീവിതപ്രതീക്ഷയെ
ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു
ഞാനും രാമവർമത്തമ്പുരാനും
അല്ല, ഞാനും രാമവർമച്ചേട്ടനും
അല്ലല്ല, ഞാനും രാമനും
നന്നങ്ങാടികള്‍ക്കിടയില്‍
ഒളിച്ചേ കണ്ടേ കളി കളിക്കുന്നു.
(അവസാനിച്ചു)
=================
*കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഇങ്ങേയറ്റത്തെ തമ്പുരാക്കന്മാരില്‍ ഒരാള്‍. ഇതര സംസ്ഥാനങ്ങളില്‍ നടത്തിയ നിരന്തരമായ ബിരുദാനന്തര പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമിടയില്‍ ഒരു മദാമ്മയെ പ്രണയിച്ചു എന്ന കുറ്റത്തിന് കൊട്ടാരത്തിലേക്ക് തിരിച്ചു വിളിപ്പിച്ച് മുറിയില്‍ മാസങ്ങളോളം പൂട്ടിയിട്ടുവെന്ന് നാട്ടുമൊഴി. പിന്നീട് അത് മതിഭ്രമത്തിലേക്ക് വഴിമാറി. എന്‍റെ കുട്ടിക്കാലത്തെ രാമവർമത്തമ്പുരാന്‍റെ പല കാഴ്ചകളില്‍നിന്ന് പ്രതിബിംബിച്ചതാണ് ഈ കവിത.
