Begin typing your search above and press return to search.
proflie-avatar
Login

കേള്‍ക്കുക, കാലമേ!

Malayalam poem
cancel

(എം.ടിക്ക്)

കാലമേ, കഥകേട്ടു കാത്തുനിന്നിത്രനാള്‍

കാലം പറക്കുന്നതോര്‍ക്കാന്‍ മറന്നു നീ?

നാലുകെട്ടും തൂര്‍ന്നിളംവെയില്‍വെട്ടം തെ-

റിക്കും ചിലങ്കകളണിഞ്ഞു നൃത്തംചെയ്യു-

മുമ്മറത്തിന്നതിരില്‍, കടവില്‍, നിളാരവം

പൊഴിയുന്ന പകലിലും പെരുകുന്നൊരിരവിലും

അക്ഷരങ്ങള്‍ വാക്കുവാക്കായി മാറി വാക്യങ്ങളായ്

ജീവിതമഹാഖ്യാനമാകുന്ന മായാമനോഹര-

സുഖത്തില്‍, വിശ്രാന്തിയിലലിഞ്ഞു നീ നിന്നുപോയ്

എന്നു നിന്‍ തോണിയിലണഞ്ഞതാണല്ലി നീ,

എത്രവേഗം പോയി കാലവും കഥകളും

നീ വന്നു നിന്‍ സാന്ദ്രസാന്നിധ്യമാകെയുതിര്‍

നിണശോണഭരിതമായ്ത്തീരുന്ന വേളയില്‍

കഥയിലൊരു സന്ദര്‍ഭമുരുവിട്ടുവോ അൽപമുച്ചത്തി-

ലതുകേട്ട്, വിറയോടെ നിന്നുപോയോ നീയുമക്കഥ-

യതീവഗൂഢം കേട്ടുതീര്‍ക്കുവാന്‍ കാത്തുവോ,

നേര്‍ക്കുനേര്‍ കാണാതെ, കഥകേട്ടു കാലൊച്ച

കേള്‍പ്പിച്ചുനിന്നുവോ?

വിലാപയാത്രാവേഗവിധുരം, വിതുമ്പുന്ന മഴപോലെ,

ചാറ്റലില്‍ നീളെപ്പതിക്കുന്ന വെയില്‍നാളനിറവില്‍

അലയിളകുന്ന പുഴപോലെ, പറയുന്ന,

പതയുന്ന കഥകള്‍,

മഞ്ഞുതിരും തടാകം,

ഹിമാനിയാര്‍ന്നുറയുന്ന ജീവിതസരോവരം

കറുത്ത ചന്ദ്രന്‍ കൊണ്ടുമറയുന്ന കാഴ്ചയില്‍,

മഹാനഗരനിഴലില്‍, വിൽപന തേടി നിരയിട്ട

ദാമ്പത്യബന്ധനം,

പതനം പ്രതീക്ഷിച്ചു വാപിളര്‍ന്നമറുന്ന

വാരിക്കുഴിപോലെയൊറ്റുകാശിന്‍

പൂക്കള്‍ വിരിയുമക്കല്‍ദാമ,

അഭിശപ്തതാഴ്‌വാരം, ചാവിന്‍ ചടങ്ങുകള്‍,

പകതന്‍ പടക്കളം,

രാഗദ്വേഷോദ്വിഗ്നമിടനിലങ്ങള്‍

പരിണയം പഞ്ചാഗ്നിനടനം,

നഖക്ഷതങ്ങള്‍ നേര്‍ത്തതാകിലും

മുറിവുനീറ്റും തൃഷ്ണതന്‍ രംഗഭാവന

പ്രേമമോ രംഗബോധമേലാത്തതാം കോമാളി,

വിരഹം അതിന്‍ ശിലാലിഖിതം,

ഇരുട്ടിന്റെയാത്മാക്കള്‍

കൂടിപ്പിരിഞ്ഞുപോകും മാപ്പുസാക്ഷികള്‍,

തോറ്റവര്‍ മാത്രമാണീയുലകത്തിന്റെയൊസ്യത്തു പങ്കിടുന്നോര്‍,

തെറ്റും തിരുത്തും നടത്തുന്ന

കൊച്ചുതെമ്മാടിയാണല്ലോ

പെരുന്തച്ചനാം കാലമേ നീ!

എവിടെയോ ഒരു ശത്രു രക്തംപുരണ്ട

മണ്‍തരികളില്‍ വേയ്ക്കുന്നു,

വെള്ളം തിരക്കുന്നു,

അമൃതം ഗമയയെന്നുരുവിട്ടുവിണ്ടതാം

ചുണ്ടില്‍ വിരിയുമോ ഒരു ചെറുപുഞ്ചിരി

കഞ്ഞിയും കുപ്പായവും പോലുമില്ലാത്ത

കര്‍ക്കടകരാവാം

പിറന്നാളിനോർമയില്‍,

അറിയാതെ വന്നുചേരുന്നുണ്ടു

മുത്തശ്ശിമാരുടെ രാത്രിയും നിഴലാട്ടമാടുവാന്‍

പാതിരാവും പകല്‍വെളിച്ചവും ചുംബിച്ചു പിണയുന്ന

നിർമാല്യസായന്തനത്തിന്റെയതിരില്‍നിന്നു-

റവകൊള്ളുന്ന തീർഥാടനം,

സുഖലേശമേശാത്തതാം മഹാപ്രസ്ഥാന-

പഥമാകെയിടറുന്ന വ്യർഥവാനപ്രസ്ഥം

കഴിഞ്ഞുവോ കഥകള്‍, നീ കാതോര്‍ത്തു, കണ്ണീര്‍

കലങ്ങിയ മിഴികള്‍ തുറന്നു മെല്ലെ കൈ പിടിക്കവേ,

പാപിയാമസുരവിത്തോ ദേവജന്മമോയെന്നാര്‍ക്കു-

മറിയുവാനാകാത്തതാം

മധ്യകൗന്തേയഹൃദയം മിടിക്കുന്ന

സ്വരമുതിര്‍ന്നൂ, നിന്റെ കൈ വിറച്ചൂ,

വരും ഞാന്‍ വരാതിരിക്കില്ലെന്ന മന്ത്രണം കേട്ടു നീ,

കേള്‍ക്കണം കഥയെനിക്കും

വൃകോദരജന്മ നരദുഃഖചരിതം,

ഹിമാലയച്ചെരിവില്‍, ഉയര്‍ന്നുയര്‍ന്നകലും ഭ്രമക്കാഴ്ച,

തളരുന്ന ശ്വാസഗതി,യകലെ

സ്വര്‍ഗം തൊട്ടുനില്‍ക്കുന്ന

നരകം, നടുവില്‍ രണ്ടാമൂഴഗതിയില്‍

മഹാകഥാവരികള്‍

നീ മിണ്ടാതെ കാത്തിരിപ്പായ് വീണ്ടും

അടിയൊഴുക്കുകളാര്‍ക്കുമജ്ഞാതമുയരങ്ങളില്‍ കാണുമോളവും

തീരവും മിഥ്യയതിനനുബന്ധമായ്

പാളുമാരൂഢമില്ലാത്ത

വേനല്‍ക്കിനാവുകള്‍, പാഴ്പ്പകല്‍ക്കിനാവുകള്‍

വാരണാസീ നഗരമേ നന്ദി,

പടുപാപവിത്തുകള്‍ വിതയ്ക്കുന്നു

സുകൃതമുളപൊട്ടുവാന്‍,

ദുഃഖമേ നിന്റെ താഴ്‌വരകളില്‍ ശാന്തിയും

അഭയവും തേടിയലയും മൂകഹൃദയമേ,

സദയമരുളൂ മൂടുപടമിനി നീളുന്ന

നഖമൊക്കെ നീക്കുക,

ചതിയനെന്നറിയപ്പെടുന്നൊരീ ശത്രുവിന്‍

ഉയിരെടുത്തൊരു ചുരിക വിറയാര്‍ന്നു നില്‍ക്കട്ടെ, സ്വർഗം തുറക്കുന്ന

സമയമായിട്ടില്ല;

നരകമോ സതതം തുറന്നേ കിടക്കുന്നു

കടവിലൊന്നിളകിയോ നിന്‍തോണി, യിടറിയോ

പുഴയു,മൊന്നലറിയോ കാറ്റാരുമറിയാതെ

നീ കേട്ടുമുഴുവനായല്ലേ കഥ,

കഥാകഥനം കഴിഞ്ഞുവെന്നാകിലും

കേട്ടതാം കഥകളിവയൊന്നുമേ

കൊണ്ടുപോവതിനു നീ

തുനിയുന്നതില്ലെന്നതത്രേ ശുഭം,

കൽപാന്തമെത്തുംവരേയ്ക്കുമീ

ഗാഥകള്‍ ചെറുചെറിയ ഭൂകമ്പമാകട്ടെ, പള്ളിവാള്‍, കാല്‍ച്ചിലമ്പൊച്ച

ചേര്‍ന്നിപ്പുഴച്ചെരിവിലൊരു

മാണിക്യക്കല്ലിന്റെയിദയമായ്, ദയയായി

മാറട്ടെ, ഇനിവരും പഥികര്‍ക്കു കനിയായ് കിടക്കട്ടെ

ഇതുവരെത്തനിയെയീയാള്‍ക്കൂട്ടമതിലൊരാള്‍,

ഇനിമുതല്‍

തനിയെയീയാള്‍ക്കൂട്ട, മലറുന്ന തെരുവുകള്‍

പോകൂ, പതിറ്റാണ്ടുകള്‍ കാത്തുകാത്തുനിന്നിടറുന്ന കാലുകളുമായി നീ

കിളിവാതിലില്‍ക്കൂടി നോക്കുന്നിടത്തെല്ലാം

കൊഴിയുന്നുവെങ്കിലും

വിരിയുന്ന പൂക്കള്‍;

കണ്ണാന്തളിപ്പൂക്കളുടെ കാലമീക്കാലമിതു

കേള്‍ക്കുക കാലമേ!

രമണീയമല്ലയോ കാലമെന്നൊരുവേളയശരീരി-

യുരുവിടുവതുണ്ടു കേള്‍ക്കാകുന്നു

അണ്ഡമണ്ഡലസകലം വിഴുങ്ങും

അപാരാണ്ഡവക്ത്രമേ!

സമസ്തഗഹനമാം സമ്പൂർണമൗനമേ!!

മടങ്ങും മഹാതതിയെ മായ്ക്കുന്ന ശൂന്യതേ!!!

നിനക്കും നിന്നിലമരുന്നൊരീനിത്യപൂർണിമയ്ക്കും

നമസ്‌കാരം, നമസ്‌കാരമേ!


Show More expand_more
News Summary - weekly literature poem