ഡമസ്കസ്

ഞാൻ ചോദിക്കുന്നില്ല
ചോദിക്കാനുള്ള ശ്രമം മാത്രം
ഇപ്പോഴും നിങ്ങളുടെ ഗ്രീഷ്മം മസൃണമാണോ?
ഇരുപതുകളുടെ അതേ ലാഘവത്തോടെ
ബാൽക്കണികളിൽ ഗായിക ഫൈറൂസിന്റെ
മധുരശബ്ദത്താൽ മുഖം കഴുകി
നിങ്ങളുടെ ഖഹ്‍വയുടെ നറുമണം പൂശി
ഇപ്പോഴും ഡമസ്കസ് പുലരിയാൽ നടക്കാറുണ്ടോ?
അഭിവന്ദ്യരേ,
എന്താണ് നിങ്ങളുടെ പെൺകുട്ടികളുടെ അവസ്ഥ?
വശ്യമനോഹരികളായ ആ ലലനാമണികളുടെ
വാർത്തകൾ?
ഇപ്പോഴും നിങ്ങൾ അത്തർകുപ്പികൾ വാങ്ങാറുണ്ടോ?
നേർപ്പിച്ച ആ അത്തറുകൾ
ഇന്നും എന്റെ മനതാരിൽ ഒട്ടിനിൽക്കുന്നത്
ലോകമെന്തറിഞ്ഞു!
അന്താരാഷ്ട്ര ബ്രാൻഡുകളിൽ അവർക്ക് കമ്പമില്ലെന്ന്
ലോകമേ നിനക്കറിയാമോ?
ഏത് കുപ്പായത്തിനുമൊപ്പം അവർ ജീൻസ് ധരിക്കും
അപ്പോൾ ഏത് കുപ്പായവും വിലയേറിയ
ശബള മനോഹര കുപ്പായമായി മാറും
നിനക്കറിയുമോ?
മുല്ലപ്പൂ നിറച്ച ധവള തൂവാലകൾപോലെ
തെരുവുകളിൽ അവർ ശൃംഗരിച്ചു വിലസുന്നത്?
ഇപ്പോഴും നിങ്ങൾ യൂനിവേഴ്സിറ്റികളിൽ
ഒത്തുകൂടാറുണ്ടോ?
പുതിയ പ്രതിഭകൾക്ക് ചുറ്റും തിക്കിത്തിരക്കി
കവിതക്ക് കൈയടിച്ചു ഊദ് വാദ്യത്തിന് ചുവടുവെച്ചു
ഡമസ്കസിലെ നടത്തത്തെക്കുറിച്ച്
ഈ ലോകത്തിന് ഞാൻ
എങ്ങനെ പറഞ്ഞുകൊടുക്കും!
ഒരിക്കലും മടുക്കാത്ത സൗഹൃദങ്ങൾ
നന്നായി ഇസ്തിരിവെച്ച അവരുടെ
ശുഭ്ര ഹിജാബുകളിൽ
നിന്റെ നോട്ടങ്ങൾ ശുദ്ധമാകുന്നതിനെക്കുറിച്ചു
പഴങ്ങളോടും ഹുക്കയോടുമൊപ്പം
ഖഹ്‍വ വിളമ്പാതെങ്ങനെയെന്ന്
പഠിക്കുന്നതിനെക്കുറിച്ച്
നഈം താഴ്വര സന്ദർശിക്കാൻ
ഒട്ടും തോന്നാതെതന്നെ
തണുപ്പിച്ച അൽമോണ്ടിന്റെയും
നന്നായി കഴുകിയെടുത്ത കാരറ്റിന്റെയും
സാനുകൾ ഞാൻ ചോദിക്കുന്നു
ഹൃദ്യമായ ആചാരങ്ങൾ എങ്ങനെ മരിക്കാൻ!
പച്ചപ്പുൽത്തകിടുകൾ എങ്ങനെയാണവിടെ
പ്രാണവായുവിൽ പൂർണ നാഗരികത
കെട്ടിപ്പടുത്തതെന്ന് ലോകമെന്തറിഞ്ഞു!
കൂട്ടത്തിലൊരുവന്റെ പിറന്നാളാഘോഷിക്കാൻ
എളുപ്പം കിട്ടാത്ത അല്ലറച്ചില്ലറ പണം
എങ്ങനെ നിങ്ങൾ ഒരുക്കൂട്ടുന്നതെന്ന്
ഈ ലോകം അറിയുന്നുണ്ടോ?
നിങ്ങളുടെ ആഘോഷങ്ങൾ
ഇപ്പോഴും അന്തരീക്ഷത്തിൽ കെട്ടിത്തൂങ്ങി
അതിവിചിത്രമാം വിധം നിങ്ങളെ നോക്കുന്നുണ്ടോ?
വിദ്യാർഥികളുടെ കാന്റീനുകൾ
നിങ്ങളുടെ കടലാസ് തുണ്ടുകളാലും
എൻജിനീയറിങ് സ്റ്റൈലുകളാലും
പരക്കെ അറിയുന്ന പ്രേമകഥകളാലും
ഇപ്പോഴും ഇരമ്പുന്നുണ്ടോ?
പ്രേമം ഡമസ്കസിൽ ഒരിക്കലുമൊരു
രഹസ്യമായിരുന്നില്ല
കുറച്ചിലോ വിലക്കപ്പെട്ട കനിയോ ആയിരുന്നില്ല
ടാക്സി ഡ്രൈവറുടെ മന്ദഹാസംപോലെ
അത്രമാത്രം വ്യക്തമായിരുന്നു
ഇതെന്റെ ചോദ്യമല്ല
ചോദിക്കാനുള്ള ശ്രമം മാത്രം
എന്താണ് ശങ്ലാനിലെയും
മസ്സയിലെയും വർത്തമാനങ്ങൾ
ബാബ്തോമ, ബർസാ, ജർമാനാ ജദീദ, അർത്തൂർ
ഇവിടങ്ങളിലെയൊക്കെ വർത്തമാനങ്ങളെന്താണ്?
അഭയാർഥികളുടെയും സയ്യദ സൈനബ്
മൈതാനിയിലെയും
മുഹമ്മദീയയിലെയും സ്ഥിതിയെന്താണ്?
‘‘അലാ റംശീവല്ലാഹ് ബതംശീ’’ എന്ന പാട്ട്
ഒഴുകി നടക്കുമ്പോഴൊക്കെ വാചാലമാകുന്ന
നിങ്ങളുടെ തെരുവുകളുടെ കഥയെന്താണ്?
എന്നെ ഖബറടക്കൂ എന്ന്
എന്തിനാണ് നിങ്ങൾ ആവർത്തിച്ചു പറയുന്നത്?
നീണ്ട വിലാപത്തിനിടയിലും
ഫാസിയൂൻ മലക്ക് എങ്ങനെ
നിശ്ശബ്ദമാകാൻ കഴിയുന്നു?
സിറിയക്കാരേ,
നിങ്ങളുടെ വീടുകളുടെ വാതിൽ തുറക്കൂ
യഥാർഥ ശുചിത്വവും ഉയർന്ന ചിട്ടകളും സംസ്കാരവും
ലോകത്തിന് പഠിപ്പിച്ചുകൊടുക്കൂ
ഇതെന്റെ ചോദ്യമല്ല
ചോദിക്കാനുള്ള ശ്രമം മാത്രം.
ഡമസ്കസ് യൂനിവേഴ്സിറ്റിയിലെ ലിറ്ററേച്ചർ ഡിപ്പാർട്മെന്റിന്റെ മുന്നിലെ
മറവിയിലാണ്ട നീണ്ട ബെഞ്ചിനോട് ചോദിക്കൂ
ചന്തമോലും പർവതമേ
നീയാണെന്റെ ശിക്ഷകൻ
എങ്ങനെ ഇതൊക്കെ സംഭവിക്കാൻ
നിങ്ങൾ അനുവദിച്ചു?
കരയാൻ എന്ത് കുറ്റംചെയ്തു?
അൻവാർ ലൈബ്രറിയിലെ കടലാസുകൾ
ആർക്കും വായിക്കാൻ കഴിയാത്തവിധം
ഇരുട്ടിലാകാൻ എന്ത് പിഴച്ചു?
നിങ്ങൾ ഏറെ സ്നേഹിക്കുന്ന ഇറാഖിൽനിന്ന്
നിങ്ങൾക്ക് ഞങ്ങളൊരു സന്ദേശമയക്കുന്നു
ഭയാനക സംഭവങ്ങൾ നടക്കുമ്പോൾ
ഞങ്ങൾ നിങ്ങളെ ഓർക്കുന്നില്ലെന്ന് കത്തിടാം.
പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്ന
നാളുകളുടെ ഫലകത്തിൽ പതിക്കാൻ
എന്നെന്നും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു
നിങ്ങൾക്ക് നന്മകളാശംസിക്കുന്നു.
മൊഴിമാറ്റം: വി.എ. കബീർ
==========
ശഹദ് അർറാവി:
സിറിയയിൽ കുടിയേറിയ ഇറാഖി നോവലിസ്റ്റ്. ഇപ്പോൾ താമസം യു.എ.ഇയിൽ. 2018ൽ എഡിൻബറ പുസ്തകോത്സവ സമ്മാനം നേടിയ അവരുടെ ‘സാഅത്തുബഗ്ദാദ്’ (ബഗ്ദാദ് ഘടികാരം) അതേ വർഷം അറബ് ബുക്കർ പ്രൈസിന് ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.)