അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഹരജി എഴുതിക്കൊണ്ടിരിക്കുന്നു

അമ്പലത്തറ കുഞ്ഞികൃഷ്ണൻ
വീട്ടിൽനിന്നിറങ്ങിടുമ്പോൾ
കൂടെയുണ്ടാവുമെന്നും
നിശ്ശബ്ദ സമരാവലി...
വില്ലേജാപ്പീസ് തൊട്ട്,
ദില്ലിവരെ നീണ്ടുപോകും
തൊണ്ടയിൽ കുടുങ്ങി നിൽക്കും
എണ്ണമറ്റ ഹരജിയപ്പോൾ...
കസേരകളിലിരിക്കുന്ന
അനങ്ങാപ്പാറകളെത്ര
കണ്ടിരിക്കുന്നിവയെല്ലാം
കണ്ടതായി നടിക്കാതെ...
അമ്പലത്തറ കുഞ്ഞികൃഷ്ണൻ
വീണ്ടുമൊരു കടലാസിൽ
എഴുതലോടെ എഴുതൽ തന്നെ...
രാത്രിയൊപ്പം കൂട്ടിനുണ്ട്.
നെഞ്ചുകീറും ചോദ്യമുണ്ട്,
പണ്ടു തന്നയുറപ്പുമുണ്ട്,
എണ്ണമറ്റ നിലവിളികൾ
തങ്ങിനിന്ന വീർപ്പുമുണ്ട്...
ഒറ്റശ്വാസത്തിനൊടുവിൽ,
ഇപ്രകാരം കുറിക്കുന്നു
‘‘വിഷമഴയിൽ നനഞ്ഞ മണ്ണിൽ
പൊട്ടിവീണ മനുഷ്യരുണ്ടേ...’’
ഭൂമിയോളം തലപെരുത്തു
കണ്ടതെല്ലാമോർത്തെടുത്തു
കേട്ടതെല്ലാം ചുഴലിയായി
ചറപറാന്ന് പകർത്തിവെച്ചു.
തമ്പുരാക്കൾ തന്ന (മറന്ന) വാക്കിൻ
പിടിവള്ളി ചേർത്തുകെട്ടി,
ഹരജിയെഴുതിക്കഴിഞ്ഞപ്പോൾ
വീട്ടിലേക്കു കേറിവന്നു
ചത്തുപോവാൻ കാത്തുനിൽക്കും
കുന്നോളം വിങ്ങലുകൾ...
തൊട്ടടുത്ത ഹരജിക്കായി
തൊട്ടുതൊട്ടുനിൽക്കയായി...
അമ്പലത്തറ കുഞ്ഞികൃഷ്ണൻ
തുണ്ട് തുണ്ട് കഷണമായി...
ഓരോരോ കടലാസിൽ
ഓരോരോ ഹരജിയായി
അനങ്ങാപ്പാറ തേടി
പുലരിക്കൊപ്പമിന്നും
പതിവുപോൽ നടക്കയായി.