Begin typing your search above and press return to search.
proflie-avatar
Login

ഒരു മലബാർ പെൺകുട്ടിക്ക്

Malayalam poem
cancel

നിന്റെ പാദങ്ങൾ നിൻ കൈകൾപോൽ നേർത്തവ

നിന്റെയിടുപ്പു വിശാലം, അതേറ്റവും

സുന്ദരിയായ വെള്ളക്കാരിപ്പെണ്ണിനു-

മുള്ളിലസൂയ ജനിപ്പിച്ചിടും പടി-

ചിന്താപരനാം കലാകാരനാകെ നിൻ

ചന്തം തികഞ്ഞ വടിവോ പ്രിയങ്കരം

സൂര്യപടത്തിനു തുല്യമാം കണ്ണുകൾ

ദേഹവർണത്തിനും മേലേ കറുത്തവ

നീ നിന്റെ ദൈവവിധിയാൽ പിറന്നൊരു

ചൂടുള്ള, നീലനിറമുള്ള രാജ്യത്ത്

നിൻ യജമാന​ന്റെ പൈപ്പു കത്തിക്കണം

ഫ്ലാസ്കിൽ തണുപ്പുള്ള വെള്ളം നിറക്കണം

പാത്തിരിക്കുന്ന കൊതുകുകൾ പോകുവാൻ

വാസനത്തൈലം മുറിയിലായ് വെക്കണം

നേരം വെളുക്കേ മരങ്ങൾ പാടുമ്പൊഴേ-

ക്കേത്തപ്പഴവും പൈനാപ്പിളും വാങ്ങുവാൻ

ചന്തയിൽ പോകണം, നഗ്നമാം കാലുകൾ

പിന്തുടരുന്നു നീ പോകും പകൽ വഴി

പണ്ടത്തെയജ്ഞാതമായൊരീണങ്ങളെ

തീരെ പതുക്കെ നീ മൂളുന്നു, സായാഹ്ന

നേരം കടും ചുവപ്പിട്ടതാ താഴുന്നു

പായയിലേക്കു ചായുന്നു നീ ശാന്തമായ്

പൂചൂടുവോരൊഴുകും നിൻ കിനാക്കളിൽ

മൂളും കുരുവികൾ സന്തോഷതുല്യരായ്

ആഹ്ലാദചിത്തയാം കുട്ടീ, നീ ഞങ്ങടെ

ഫ്രാൻസ് എന്തുകൊണ്ടാശ​െവക്കുന്നു കാണുവാൻ?

ആളുകൾ തിങ്ങിനിറഞ്ഞോരീ രാജ്യമോ

ഏറെ ദുരിതം സഹിക്കുന്നു. നിന്നുടെ

ജീവിതം നാവികർ തന്നുടെ ശക്തമാം

ൈ​കകളിൽ വിശ്വസിച്ചേൽപിച്ചുകൊണ്ടു നീ

നി​ന്റെ പ്രദേശത്തു വളരും പുളിമര-

ക്കൂട്ടത്തോടന്ത്യമാം യാത്ര പറഞ്ഞുവോ?

മഞ്ഞുമാലിപ്പഴവും പൊഴിയുമ്പോൾ നീ

മസ്ലിൻ പകുതിയണിഞ്ഞു വിറയ്ക്കുമോ?

നി​ന്റെ സുഖപ്രദ സ്വച്ഛന്ദവേളയോർ-

ത്തെങ്ങനെ നീ വിലപിച്ചിടും? നിർദയം

മാർച്ചട്ട മൂടിയ ദേഹവുമായി നീ

ചേറുനിറഞ്ഞ തെരുവിൽനിന്നെങ്ങനെ

നി​ന്റെയത്താഴം പെറുക്കിയെടുത്തിടും,

വിൽക്കുമോ നി​ന്റെ ലാവണ്യസുഗന്ധങ്ങൾ?

ആടലാണ്ടുള്ളതാം കണ്ണുകൾകൊണ്ടു നീ തേടുകയാണോ മലിനമാം മഞ്ഞിലായ്

എങ്ങും വളഞ്ഞു പുളഞ്ഞു നിറയുന്നൊ-

രില്ലാത്ത തെങ്ങുകൾ തന്നുടെ മായകൾ.

മൊഴിമാറ്റം: എസ്. ജോസഫ്

======

(Les Fleurs du mal/ തിന്മയുടെ പൂക്കൾ എന്ന സമാഹാരത്തിൽനിന്ന്)






Show More expand_more
News Summary - weekly literature poem