Begin typing your search above and press return to search.
proflie-avatar
Login

അഞ്ചു കവിതകൾ

അഞ്ചു കവിതകൾ
cancel

1. ഒരു ജയിലറുമായുള്ള സംഭാഷണത്തിന്റെ അവസാനംഎന്റെ ചെറിയ ജയിലറയുടെ കുടുസ്സായ ജാലകത്തിലൂടെ എന്നെ നോക്കി ചിരിക്കുന്ന വൃക്ഷങ്ങളെ ഞാൻ കാണുന്നു. എന്റെ കുടുംബം തിങ്ങിനിറഞ്ഞ പുരപ്പുറം, എന്നെ നോക്കി വിതുമ്പുന്ന എനിക്കുവേണ്ടി പ്രാർഥിക്കുന്ന ജാലകങ്ങൾ. എന്റെ ചെറിയ ജയിലറയുടെ കുടുസ്സായ ജാലകങ്ങളിലൂടെ നിങ്ങളുടെ വലിയ ജയിൽ ഞാൻ കാണുന്നു. 2. വവ്വാലുകൾഎന്റെ ജാലകങ്ങളിൽ വവ്വാലുകൾഎന്റെ വാക്കുകൾ കടിച്ചീമ്പി എന്റെ വീടിന്റെ കവാടത്തിൽ വവ്വാലുകൾ വാർത്താ പത്രങ്ങൾക്ക് പിന്നിൽ, മൂലകളിൽ, എന്റെ ചവിട്ടടികൾ പിന്തുടർന്ന് എന്റെ തലയുടെ ഓരോ ചലനവും നിരീക്ഷിച്ച് കസേരയുടെ പിന്നിൽനിന്ന് വവ്വാലുകൾ...

Your Subscription Supports Independent Journalism

View Plans

1. ഒരു ജയിലറുമായുള്ള സംഭാഷണത്തിന്റെ അവസാനം

എന്റെ ചെറിയ ജയിലറയുടെ കുടുസ്സായ

ജാലകത്തിലൂടെ എന്നെ നോക്കി ചിരിക്കുന്ന

വൃക്ഷങ്ങളെ ഞാൻ കാണുന്നു.

എന്റെ കുടുംബം തിങ്ങിനിറഞ്ഞ പുരപ്പുറം,

എന്നെ നോക്കി വിതുമ്പുന്ന

എനിക്കുവേണ്ടി പ്രാർഥിക്കുന്ന ജാലകങ്ങൾ.

എന്റെ ചെറിയ ജയിലറയുടെ

കുടുസ്സായ ജാലകങ്ങളിലൂടെ

നിങ്ങളുടെ വലിയ ജയിൽ ഞാൻ കാണുന്നു.

2. വവ്വാലുകൾ

എന്റെ ജാലകങ്ങളിൽ വവ്വാലുകൾ

എന്റെ വാക്കുകൾ

കടിച്ചീമ്പി

എന്റെ വീടിന്റെ കവാടത്തിൽ വവ്വാലുകൾ

വാർത്താ പത്രങ്ങൾക്ക് പിന്നിൽ, മൂലകളിൽ,

എന്റെ ചവിട്ടടികൾ പിന്തുടർന്ന്

എന്റെ തലയുടെ ഓരോ ചലനവും നിരീക്ഷിച്ച്

കസേരയുടെ പിന്നിൽനിന്ന്

വവ്വാലുകൾ എന്നെ നോക്കുന്നു

തെരുവുകളിലവ

എന്നെ പിന്തുടരുന്നു

എന്റെ കണ്ണുകളിൽ നോക്കി,

പുസ്തകങ്ങളിൽ, ചെറുപ്പക്കാരികളുടെ കാലുകളിൽ,

ഇടയ്ക്ക് നോട്ടം നിർത്തി വീണ്ടും

വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നു.

എന്റെ അയൽക്കാരന്റെ ബാൽക്കണിയിൽ

വവ്വാലുകൾ,

ചുവരിൽ ഒളിപ്പിച്ച ഇലക്ട്രോണിക് ഗാഡ്ജറ്റുകളിൽ.

ഇപ്പോൾ വവ്വാലുകൾ ആത്മഹത്യയുടെ വക്കിൽ,

പകൽ വെളിച്ചത്തിലേക്കു ഞാനൊരു പാത

പണിതുകൊണ്ടിരിക്കുകയാണ്.

3. ഉച്ചനേരത്തെ കുമ്പസാരം

ഞാനൊരു മരം നട്ടു

പഴത്തെ ഞാൻ പുച്ഛിച്ചു

അതിന്റെ തായ്ത്തടി വിറകായെടുത്തു

ഞാൻ ഊദുണ്ടാക്കി

ഞാനൊരു ഈണമുണ്ടാക്കി

ഞാൻ ഊദ് പൊട്ടിച്ചു

എനിക്ക് ഫലം നഷ്ടമായി

ഞാൻ... മരം വിലപിച്ചു.

4. യാത്രാ ടിക്കറ്റുകൾ

ഞാൻ കൊല്ലപ്പെടുന്ന ദിവസം,

എന്റെ കൊലയാളി

എന്റെ കീശ പരതുമ്പോൾ

യാത്രാ ടിക്കറ്റുകൾ കാണും:

ഒന്ന് സമാധാനത്തിലേക്ക്,

ഒന്ന് വയലുകളിലേക്ക്,

മഴയിലേക്കും,

ഒന്ന് മനുഷ്യ മനസ്സാക്ഷിയിലേക്ക്.

എന്റെ പ്രിയപ്പെട്ട ഘാതകാ,

ഞാൻ യാചിക്കുന്നു

അവയെ അവഗണിക്കരുത്,

അവ മാലിന്യത്തിലേക്കു വലിച്ചെറിയരുത്

അവ നീയെടുത്ത് ഉപയോഗിക്കുക.

യാത്രചെയ്യാൻ ഞാൻ

കേണപേക്ഷിക്കുന്നു.

5. ചുവർ ഘടികാരം

എന്റെ നഗരം തകർന്നു പോയി

ചുവർ ഘടികാരം ബാക്കിയായി

എന്റെ അയൽപക്കം തകർന്നു പോയി

ചുവർ ഘടികാരം ബാക്കിയായി

തെരുവ് തകർന്നു പോയി

ചുവർഘടികാരം

ബാക്കിയായി

ചത്വരം തകർന്നു പോയി

ചുവർ ഘടികാരം ബാക്കിയായി

എന്റെ വീട് തകർന്നു പോയി

ചുവർ ഘടികാരം ബാക്കിയായി

ചുവർ തകർന്നു പോയി

ഘടികാരം തന്നെ

പോയി.

==========

സമീഹ് അൽ ഖാസിം (1939-2014)

(പ്രശസ്തനായ ഫലസ്തീനി കവി. ഒട്ടേറെ ചെറിയ കവിതകൾ ഇദ്ദേഹത്തിന്റേതായുണ്ട്. ‘Sadder than Water’, ‘All Faces but Mine: the Poetry of Samih al Qasim’, ‘Just an Astray’ എന്നിവ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട പ്രധാന കൃതികളാണ്)

(മൊഴിമാറ്റം: പി.കെ. പാറക്കടവ്)

News Summary - weekly literature poem