Begin typing your search above and press return to search.
proflie-avatar
Login

വിവർത്തനാതീതം

വിവർത്തനാതീതം
cancel

വിവർത്തനം ചെയ്യാൻ മറന്നൊരുകവിതയാണ് എനിക്ക് നീ. എത്രയെത്ര വാക്കുകളാൽ പൊതിഞ്ഞൊരു ആവരണത്തിനുള്ളിൽനിന്ന് നീയെന്നിൽ കാലത്തിന്റെ കവിത നിറച്ചു. അതെല്ലാം പൊട്ടിച്ച് പൂർണതൃപ്തനായി മതിവരുവോളം ഇറങ്ങി ചെല്ലണം. പിടികൊടുക്കാത്ത വാക്കുകളുടെ നേരെടുത്ത് ഒന്നുകൂടി വായിക്കണം. നീ പ്രതിഷ്ഠിച്ച വാഗ് ബിംബങ്ങളെ തൊട്ട് പ്രപഞ്ചസീമയിലേക്കൊരു അനന്തയാത്ര. അനസ്യൂതം അനവരതം എത്ര ലളിതമായാണ്- നീ വാക്കുകളുടെ പളുങ്കു പങ്കായങ്ങൾ ആഴപ്പരപ്പിലേക്ക് നീട്ടിയെറിയുന്നത്..! കരുണ ദയ വിഷമസന്ധികൾ, നഷ്ടവസന്തങ്ങൾ നിന്നിൽതന്നെ തെളിഞ്ഞ് എരിഞ്ഞടങ്ങുന്നു. ശാന്തികവാടത്തിനരികേ നിന്റെ മുഖം പലമട്ടിൽ മാറി...

Your Subscription Supports Independent Journalism

View Plans

വിവർത്തനം ചെയ്യാൻ മറന്നൊരു

കവിതയാണ് എനിക്ക് നീ.

എത്രയെത്ര വാക്കുകളാൽ പൊതിഞ്ഞൊരു

ആവരണത്തിനുള്ളിൽനിന്ന്

നീയെന്നിൽ കാലത്തിന്റെ കവിത നിറച്ചു.

അതെല്ലാം പൊട്ടിച്ച്

പൂർണതൃപ്തനായി മതിവരുവോളം ഇറങ്ങി ചെല്ലണം.

പിടികൊടുക്കാത്ത വാക്കുകളുടെ

നേരെടുത്ത്

ഒന്നുകൂടി വായിക്കണം.

നീ പ്രതിഷ്ഠിച്ച വാഗ് ബിംബങ്ങളെ തൊട്ട്

പ്രപഞ്ചസീമയിലേക്കൊരു

അനന്തയാത്ര.

അനസ്യൂതം അനവരതം

എത്ര ലളിതമായാണ്-

നീ വാക്കുകളുടെ പളുങ്കു പങ്കായങ്ങൾ

ആഴപ്പരപ്പിലേക്ക്

നീട്ടിയെറിയുന്നത്..!

കരുണ

ദയ

വിഷമസന്ധികൾ, നഷ്ടവസന്തങ്ങൾ

നിന്നിൽതന്നെ തെളിഞ്ഞ് എരിഞ്ഞടങ്ങുന്നു.

ശാന്തികവാടത്തിനരികേ

നിന്റെ മുഖം പലമട്ടിൽ മാറി പോവുന്നുണ്ട്.

കാണുന്നവർ നിന്നെ സ്നേഹാക്ഷരങ്ങളാൽ

പുതപ്പിക്കുന്നു.

കേൾക്കുന്നവർ കാതോട് കാതോരം

സന്ദേശങ്ങൾ കൈമാറുന്നു.

നീയെന്റെ എഴുത്തുമുറിയിൽ

അർഥം മറന്ന് വിതുമ്പുന്ന വാക്ക് പോലെ

നിവർന്ന് കിടക്കുന്നു.

അധരങ്ങളിൽ,

നിറഞ്ഞ മാറിൽ,

നാഭിയിൽ,

ഒാരോയിടങ്ങളിലും അക്ഷരകുഞ്ഞുങ്ങൾ..!

നിന്റെ കണ്ണുകളിൽനിന്ന്

പ്രണയരശ്മികളുടെ അമൃതധാര ഒഴുകുന്നു.

നിർമലസ്നേഹത്തിന്റെ ഇന്ദ്രനീല തടാകങ്ങൾ

നിന്നിൽ നിറയുന്നു.

നീയിപ്പോൾ എത്ര മനോഹരി,

കാർമേഘം വിട്ടൊഴിഞ്ഞാകാശത്ത്

ചന്ദ്രിക ഉദിച്ചപ്പോൾ

പടിയിറങ്ങി പോകുന്ന

നിശാഗന്ധിതൻ സുഗന്ധം.

തിരികെ വിളിച്ച് നീ

നിഗൂഢതയിലൊളിപ്പിച്ച വാക്കുകളാൽ

നിറപുഞ്ചിരി തൻ പൂനിലാവലയൊഴുക്കി

സുസ്മേരവദനയായ് നീ കണ്ണെറിയുന്നുവോ?

ആലസ്യമാർന്നമർന്നിടാതെ

ഞാനൊന്നൊഴുകി നിറയട്ടെ.


News Summary - weekly literature poem