Begin typing your search above and press return to search.
proflie-avatar
Login

നാല്​ കവിതകൾ

നാല്​ കവിതകൾ
cancel

1. ഓർമകൾ പൂക്കളെപ്പോലെയാണ്പൂക്കളെപ്പോലെയാണ് ഓർമകൾനാം അവയെ നനക്കുന്നു കവിതയും നാടകങ്ങളും കഥകളുമായി അവയെ വർണിക്കുന്നു. പല ക്ലബുകളിലായിപല നിറഭേദങ്ങളുടെ ഉപമകളിലായി ബൾബുകൾ അണിയിച്ച് അവയെ മോടിപിടിപ്പിക്കുന്നു. വൃത്തികെട്ടതാണ് ചില ഓർമകൾവല്ലാത്ത മണവും പരുപരുത്ത, ചൊറിയൻ തൊലിയും. എല്ലെല്ലാം എത്ര ആഴത്തിൽകുഴിച്ചിട്ടാലും മധുരസ്മരണകളുടെ പുഴുക്കൾ അവിടെയും എത്തും. 2. ജെനിനിലെ പത്രപ്രവർത്തക(ശിറീൻ അബൂ ആഖിലയെ ഇസ്രായേലി സ്നൈപ്പർ കൊന്നത് സംബന്ധിച്ച്​)ചുരുട്ടിവെച്ച കുടയല്ല ആ കൈയിൽ;കിളികളുടെ, കാറ്റിന്റെ, വെടിവെപ്പിന്റെ, യുദ്ധവിമാനങ്ങളുടെ, കരയുന്ന അമ്മമാരുടെ ശബ്ദം പകർത്തുന്ന...

Your Subscription Supports Independent Journalism

View Plans

1. ഓർമകൾ പൂക്കളെപ്പോലെയാണ്

പൂക്കളെപ്പോലെയാണ് ഓർമകൾ

നാം അവയെ നനക്കുന്നു

കവിതയും

നാടകങ്ങളും

കഥകളുമായി

അവയെ വർണിക്കുന്നു.

പല ക്ലബുകളിലായി

പല നിറഭേദങ്ങളുടെ

ഉപമകളിലായി

ബൾബുകൾ അണിയിച്ച്

അവയെ മോടിപിടിപ്പിക്കുന്നു.

വൃത്തികെട്ടതാണ് ചില ഓർമകൾ

വല്ലാത്ത മണവും

പരുപരുത്ത, ചൊറിയൻ തൊലിയും.

എല്ലെല്ലാം എത്ര ആഴത്തിൽ

കുഴിച്ചിട്ടാലും

മധുരസ്മരണകളുടെ പുഴുക്കൾ

അവിടെയും എത്തും.

2. ജെനിനിലെ പത്രപ്രവർത്തക

(ശിറീൻ അബൂ ആഖിലയെ ഇസ്രായേലി സ്നൈപ്പർ കൊന്നത് സംബന്ധിച്ച്​)

ചുരുട്ടിവെച്ച കുടയല്ല ആ കൈയിൽ;

കിളികളുടെ, കാറ്റിന്റെ, വെടിവെപ്പിന്റെ,

യുദ്ധവിമാനങ്ങളുടെ,

കരയുന്ന അമ്മമാരുടെ

ശബ്ദം പകർത്തുന്ന മൈ​​ക്രോഫോൺ.

അവളുടെ പാന്റ്സിന്റെ കീശയിൽനിന്നു വീണ

ആ നോട്ട്ബുക്കിൽ

അവൾക്കും അവളുടെ പട്ടിക്കും വേണ്ടി വാങ്ങേണ്ട

സാമാനങ്ങളുടെ പട്ടികയൊന്നുമില്ല;

അഭയാർഥി ക്യാമ്പിൽ

കാണേണ്ടവരുടെ/ ഇന്റർവ്യൂ ചെയ്യേണ്ടവരുടെ

പേരും വിലാസവും.

നിമിഷനേരത്തേക്ക് അവൾ ചാരിയിരിക്കുന്ന ആ മരം:

മഴയും മഞ്ഞും കൊള്ളാതെ

അവളെ സംരക്ഷിക്കുന്നില്ല.

അവളുടെ ചെവിക്ക് അരികെ,

ഹെൽമെറ്റിന് കീഴെ

ആ ഓട്ട, അത് കമ്മലിനല്ല:

മഞ്ഞുമൂടിയ നിലത്തേക്ക് ഒഴുകി

ആ മരത്തെ നനച്ച

അവളുടെ ചോര

അവിടെനിന്നാണ് അത് ഇറ്റിവീണത്.

അവിടെനിന്നാണ് അവളുടെ ആത്മാവ്

ക്യാമ്പിനെ മറച്ച്

ഡ്രോണുകളെ അന്ധമാക്കിയത്.

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി,

കുട്ടികൾ,

ഫലസ്തീനിൽ തോരാത്ത മഴ.

3. ഇപ്പോഴും തുറന്നിരിക്കുന്ന വായ

ആരുടെയോ വായ ഇപ്പോഴും തുറന്നിരിക്കുന്നു

കോട്ടുവായിട്ട് തീരുംമുമ്പേ

ബോംബ്ചീള് നെഞ്ച് തുരന്ന്

ഹൃദയത്തെ നോവിച്ചു.

പാഞ്ഞുവന്ന ബോംബ്ചീളുകളെ തടുക്കാൻ

ഒരു കാറ്റിനും കഴിഞ്ഞില്ല.

നാരകമരത്തിലെ കിളിപോലും അത്ഭുതപ്പെട്ടു

ചിറകില്ലാതെ ഇവറ്റകൾ

എങ്ങനെയാണ് പറക്കുന്നത്.

4. ഇസ്രായേലി ബോംബാക്രമണ സമയത്ത് ഒരു ഗസ്സൻ മാതാവ് ചെയ്യുന്നത്

തന്റെ കിടക്കപ്പുറത്ത് കുട്ടികളെയെല്ലാം

ചുറ്റിനും കൂട്ടിയിരുത്തും,

ഹോട്ടൽമുറി ഒഴിയും മുമ്പ് പെട്ടിനിറക്കാൻ

പുസ്തകങ്ങളും തുണികളുമൊക്കെ കൂട്ടിവെക്കുംപോലെ.

ഓരോ നിമിഷവും കുട്ടികളെ എണ്ണിനോക്കും,

അവരുടെ കണ്ണിലേക്ക് നോക്കും.

എന്നിട്ട് പുഞ്ചിരിക്കും.

ഉറക്കുപ്പാട്ട് പാടും

നിലത്തുവീഴുന്ന ബോംബുകളുടെയും

മേഘങ്ങൾക്കിടയിൽ മൂളുന്ന

ഡ്രോണുകളുടെയും ശബ്ദം മറയ്ക്കാൻ.

ഓരോ ബോംബും വീണുകഴിഞ്ഞ ഉടനെ

കുട്ടികളെ കെട്ടിപ്പിടിക്കും

ഒരു ബോംബ് ആകാശവും മുറിയും ആകെ

പ്രകാശമാനമാക്കാൻ പോവുകയാണെന്ന് തോന്നിയാൽ

പിള്ളേരുടെ കണ്ണ് പൊത്തിപ്പിടിച്ച്

അവരോട് ഉറക്കെ ചോദിക്കും,

കണ്ണ് അടഞ്ഞിരിക്കുമ്പോൾ

എന്തു കാണാനാ?

വിറയാർന്ന തന്റെ ശബ്ദം

ബോംബിന്റെ ചെകിടടപ്പിക്കുന്ന

ശബ്ദത്തെ മറച്ചേക്കാം എന്ന് ആശിച്ച്.

=================

മുസ്അബ് അബൂ താഹ

ഫലസ്തീൻ കവിയും ചെറുകഥാകൃത്തും ഗസ്സയിൽനിന്നുള്ള എഴുത്തുകാരനുമാണ് മുസ്അബ് അബൂ താഹ. 2022ലെ ഫലസ്തീൻ ബുക്ക് അവാർഡ് നേടിയ ‘Things You May Find Hidden in My Ear: Poems from Gaza (2022, City Lights)’ എന്ന കൃതിയുടെ രചയിതാവാണ്. എഡ്വേഡ് സൈദ് ലൈബ്രറിയുടെ സ്ഥാപകൻ. 2019 മുതൽ 2020 വരെ അദ്ദേഹം ഹാർവഡ് സർവകലാശാലയിൽ വിസിറ്റിങ്​ പോയറ്റും Librarian-in-Residenceഉം ആയിരുന്നു.

(മൊഴിമാറ്റം: കെ. മുരളി)

News Summary - weekly literature poem