Begin typing your search above and press return to search.
proflie-avatar
Login

'നാല് യുക്രെയ്ൻ കവിതകൾ' -വി. മുസഫർ അഹമ്മദ് മൊഴിമാറ്റുന്നു

നാല് യുക്രെയ്ൻ കവിതകൾ -വി. മുസഫർ അഹമ്മദ് മൊഴിമാറ്റുന്നു
cancel

ജമന്തി വിത്തായ് ഞാന്‍ പറക്കുന്നു - വാസിൽ ഹോളോബോറോഡ്കോ എനിക്കറിയാം ഇവിടെ നിന്ന് ആകാശവാഹനങ്ങളില്‍ രക്ഷപ്പെടാനാകില്ല. സ്വന്തം നിലയില്‍ പറക്കണം. വീട്ടില്‍ നിറയെ പൂച്ചകള്‍. അയല്‍പക്കങ്ങളില്‍നിന്നും കൂട്ടമായി വന്നവ. (എന്‍റെ പോക്കിന്‍റെ മണം എങ്ങനെ ഇവക്ക്‌ കിട്ടി?) അല്ല, ഇവ ഇവിടെയുള്ളതല്ല. എല്ലാം കാട്ടുപൂച്ചകള്‍. പക്ഷേ കാടനാവുക എന്നൊന്ന്‌ പൂച്ചകളിലില്ല. അവ ഒരേസമയം എന്‍റെ (ഒരു പറവയുടെ) പോക്കിനുള്ള മുന്നറിയിപ്പും ഭീഷണിയുമായി. തവിടന്‍ പക്ഷികളില്‍ കാണുംപോലുള്ള എന്‍റെ നെഞ്ചിലെ മറുകിലേക്ക്‌ അവ കൂട്ടത്തോടെ നോക്കുന്നു. അതുകൊണ്ട്‌ ജമന്തി വിത്തായി പരകായംചെയ്‌ത്‌ ഞാന്‍ പറക്കുന്നു....

Your Subscription Supports Independent Journalism

View Plans

ജമന്തി വിത്തായ് ഞാന്‍ പറക്കുന്നു - വാസിൽ ഹോളോബോറോഡ്കോ

എനിക്കറിയാം ഇവിടെ നിന്ന്

ആകാശവാഹനങ്ങളില്‍

രക്ഷപ്പെടാനാകില്ല.

സ്വന്തം നിലയില്‍ പറക്കണം.

വീട്ടില്‍ നിറയെ പൂച്ചകള്‍.

അയല്‍പക്കങ്ങളില്‍നിന്നും

കൂട്ടമായി വന്നവ.

(എന്‍റെ പോക്കിന്‍റെ മണം എങ്ങനെ

ഇവക്ക്‌ കിട്ടി?)

അല്ല, ഇവ ഇവിടെയുള്ളതല്ല.

എല്ലാം കാട്ടുപൂച്ചകള്‍.

പക്ഷേ കാടനാവുക എന്നൊന്ന്‌

പൂച്ചകളിലില്ല.

അവ ഒരേസമയം

എന്‍റെ (ഒരു പറവയുടെ)

പോക്കിനുള്ള മുന്നറിയിപ്പും

ഭീഷണിയുമായി.

തവിടന്‍ പക്ഷികളില്‍ കാണുംപോലുള്ള

എന്‍റെ നെഞ്ചിലെ മറുകിലേക്ക്‌

അവ കൂട്ടത്തോടെ നോക്കുന്നു.

അതുകൊണ്ട്‌ ജമന്തി വിത്തായി

പരകായംചെയ്‌ത്‌ ഞാന്‍ പറക്കുന്നു.

വീടിന്‍റെ ഇടുക്കത്തില്‍നിന്നും

വിശാല ലോകത്തേക്ക്‌ പോകാന്‍

എന്‍റെ തോട്ടം കടന്ന് തെരുവിലേക്ക്‌

പ്രവേശിക്കാന്‍, അവിടെനിന്നും

വിദൂരസ്ഥമായ ഏതോ ലക്ഷ്യത്തിലെത്താന്‍.

കൊടുങ്കാറ്റ്‌ എന്നെ ദൂരേക്കു

ദൂരേക്കു കൊണ്ടുപോകും.ശീര്‍ഷകമില്ലാത്ത കവിത -ബോറിസ് ഹുമെൻയുക്

സ്വന്തം ആയുധം വൃത്തിയാക്കുമ്പോള്‍

പല കാലങ്ങളായി നിങ്ങളത് ചെയ്യുമ്പോള്‍

എണ്ണയിട്ടതിനെ തുടച്ചു മിനുക്കുമ്പോള്‍

മഴയത്ത്‌ സ്വന്തം ശരീരംകൊണ്ട്‌

അതിനെ മറച്ചുപിടിക്കുമ്പോള്‍

കുട്ടിയെ തൊട്ടിലാട്ടുന്നപോല്‍ കൊണ്ടുനടക്കുമ്പോള്‍,

(നിങ്ങള്‍ കുട്ടിയെ ഇതിനു മുമ്പൊരിക്കലും

തൊട്ടിലില്‍ ആട്ടിയിട്ടില്ലെങ്കിലും).

നിങ്ങള്‍ പത്തൊമ്പതുകാരന്‍, ഭാര്യയില്ല, മക്കളില്ല.

ആയുധമാണ് നിങ്ങളുടെ ബന്ധു.

നീയും ആയുധവും ഒന്നുതന്നെയാകുന്നു.

വെറുപ്പ്‌ നിക്ഷേപിച്ചുകൊണ്ട്‌

നീ കിടങ്ങിന് പിറകെ കിടങ്ങ് കുഴിക്കുന്നു.

ആ മണ്ണ്‌ ഒരുപിടി കൈയിലെടുക്കുന്നു

മറ്റെല്ലാ പിടികളും നിന്‍റെ ആത്മാവിലെത്തുന്നു.

ഈ മണ്ണിനെ നീ പല്ലുകള്‍ക്കിടയില്‍

ചവച്ചരക്കുന്നു.

നിനക്ക്‌ ഇനിയൊരു മണ്ണ്‌,

മറ്റൊന്ന്‌ ഒരിക്കലുമുണ്ടാവുകയില്ല.

നീ ഭൂമിയിലേക്ക്‌ അമ്മയുടെ

ഗര്‍ഭപാത്രത്തിലേക്കെന്നപോലെ പ്രവേശിക്കുന്നു.

ചൂടും സുരക്ഷിതത്വവും അനുഭവിക്കുന്നു.

നീയും ഭൂമിയും ഒന്നാകുന്നു.

ഇതുപോലെയൊരു വികാരം

ഒരിക്കലും നീ അനുഭവിച്ചിട്ടില്ല.

രാത്രി ശത്രുവിന്‍റെ മുഖംപോലും കാണാതെ

നീ വെടിയുതിര്‍ക്കുമ്പോള്‍,

നിന്നേയും ശത്രുവിനേയും

രാത്രി മറച്ചുപിടിക്കുമ്പോള്‍

മണ്ണ്‌ നിങ്ങള്‍ രണ്ടുപേരേയും

ഒരേപോലെ ചേര്‍ത്തുപിടിക്കുന്നു.

നിനക്ക്‌ വെടിമരുന്നിന്‍റെ മണം

കൈകള്‍, മുഖം, മുടി, വസ്ത്രം,

ഷൂകള്‍ എല്ലാത്തിനും അതേ മണം.

നീ എത്ര തേച്ചിട്ടും കഴുകിയിട്ടും

അത്‌ പോകുന്നില്ല.

അതാണ് യുദ്ധത്തിന്‍റെ വാട,

നിന്‍റേയും.

നീയും യുദ്ധവും ഒന്നാണ്.

സ്‌നേഹിക്കൂ-യൂറി ഇസ്‌ദ്രെറിക്ക്‌

ഈ യുദ്ധം. യുദ്ധമല്ല

ഇത്‌ ഒരാളെപ്പോലും

കൊല്ലാതെ നോക്കാനുള്ള

അവസരം.

ഈ സ്‌നേഹം സ്നേഹമല്ല.

മരണംവരെ.

അത്‌ ഉണ്‍മയാകുവോളം.

പരസ്‌പരം സംരക്ഷിക്കുക,

രക്ഷപ്പെടുത്തുക -ഈ സന്ദര്‍ഭം

ആവശ്യപ്പെടുന്നത് അതു മാത്രം.

എന്നിട്ട്‌ തോക്കിന്‍റെ കൃത്യം

കുഴല്‍ക്കാഴ്ചയിലൂടെ

ലോകത്തെ നോക്കുക.

തുടര്‍ന്ന്‌ ഓരോ മനുഷ്യനേയും

മൈക്രോസ്‌കോപ്പുകള്‍ വെച്ചു നോക്കുക.

പിന്നീട് നിന്നിലേക്ക്‌ ഓരോ മണിക്കൂറിലും

ഓരോ മിനിറ്റിലും എല്ലായ്പോഴും

നോക്കിക്കൊണ്ടിരിക്കുക.

പരസ്‌പരം സംരക്ഷിക്കാന്‍,

ശാന്തരായി, മുന്നോട്ടു പോകുവാന്‍.

കത്തിത്തീരാന്‍, പുകയായി ഉയരാന്‍.

ഈ യുദ്ധം യുദ്ധമല്ല.

അഗ്‌നിഗോളങ്ങളുണ്ടാക്കാനുള്ള

കളി മാത്രം.

ഈ സ്‌നേഹം എന്നേക്കുംവേണ്ടി.

പക്ഷേ നിമിഷങ്ങള്‍ കടന്നുപോകുന്നുണ്ട്‌.

നാം അടിത്തട്ടില്‍ ഇടിച്ചുകൊണ്ടിരിക്കുന്നു,

പുതിയ സ്വര്‍ഗം മോഹിച്ച്‌.

എന്നാല്‍ എല്ലാവരും ഒരു കയറില്‍ ബന്ധിതര്‍.

ആ കയറോ,

'സേഫ്‌റ്റിഫ്യൂസി'ല്‍ കൊളുത്തിയിട്ടിരിക്കുന്നു.

ശീര്‍ഷകമില്ലാത്ത കവിത - ലൈഉദുംല്യ ഖെറസോൻസ്ക

പട്ടാളക്കാരന്‌ ശരീരം മുഴുവന്‍ വേദനിക്കില്ല.

ഒന്നുകില്‍ കാല്‌, അല്ലെങ്കില്‍ കൈകള്‍.

മഞ്ഞു പെയ്യുന്നു, മഴ തൂവുന്നു അത്രമാത്രം.

മുഴുപട്ടാളക്കാരന്‍ വേദന കുടഞ്ഞുകളയുന്നു.

അത്‌ മിസൈല്‍ സംവിധാനങ്ങളാണ്,

'ഹെയിലും' 'ബീച്ചും'.

ചിറകുകളില്‍ ഒരു വെടിത്തുള,

സന്തോഷം കുറച്ചു ദൂരെയുണ്ടെന്ന തോന്നല്‍.

അത്ര മാത്രം.

വെറും കാലാവസ്ഥാ ശാസ്‌ത്ര പരിപാടികള്‍.

ഭൂമിയിലെ നാശങ്ങളിലൂടെ പ്രശസ്തരാകുന്നവരുടെ

ആരാധകരായി നടിക്കുന്നവര്‍,

അത്രയേയുള്ളൂ.

പെണ്‍കുട്ടിയുടെ കൈയില്‍

ദിശാസൂചിയായ്

വേട്ടനായ്

ഭൂപടം അവള്‍ വയറ്റില്‍

തള്ളിക്കയറ്റിയിരിക്കുന്നു.

മിന്നലും ഇടിയും,

അത്ര മാത്രം.

ഭയാനകമായ നഷ്ടങ്ങള്‍

അത്ര മാത്രം.

ചതഞ്ഞ ഹെല്‍മെറ്റിന്‍റെ ദിനം

അത്രമാത്രം.

സംരക്ഷിക്കാന്‍ കഴിയാത്ത

വെറും ദൈവം.

അത്ര മാത്രം.

l(ഈ നാലു കവിതകളും 'വേഡ്സ് ഫോര്‍ വാര്‍: ന്യൂ പോയംസ് ഫ്രം യുക്രെയ്‌ൻ' എന്ന സമാഹാരത്തില്‍നിന്നുള്ളതാണ്. യുക്രെയ്‌നില്‍ 2013-14 കാലത്ത് ആഭ്യന്തരസംഘര്‍ഷങ്ങളായി ആരംഭിക്കുകയും പിന്നീട് യുദ്ധമായി പരിണമിക്കുകയുംചെയ്ത സന്ദര്‍ഭത്തില്‍ എഴുതപ്പെട്ട കവിതകളാണിവ. യുദ്ധം കൊടുംഭീകരതയും അസംബന്ധവും മാത്രം എല്ലാകാലത്തും അവശേഷിപ്പിക്കുന്നു. ഈ കവിതകള്‍ അക്കാര്യം ഉറപ്പിച്ചുപറയുന്നു. ഇവിടെ വിവര്‍ത്തനംചെയ്ത രണ്ടു കവിതകള്‍ ശീര്‍ഷകങ്ങളില്ലാതെയാണ് സമാഹാരത്തിലുള്ളത്)