പുരാവസ്തു

പടിഞ്ഞാറുനിന്ന് വീശിയ ചുഴലിയിൽ
ഭൂമി വിളറി വെളുത്തിരിക്കുന്നു.
ഇവിടം എനിക്കന്യമാണ്.
ഇവർ എന്റേതല്ലാത്ത ഭാഷ സംസാരിക്കുന്നു.
ഞാനൊരു പുരാവസ്തുവായിരിക്കുന്നു.
ചരിത്ര സ്മാരകങ്ങളുടെ ചുമരിൽ
എന്റെ ചളിപുരണ്ട,
ചുക്കിച്ചുള്ളിഞ്ഞ ഫലകങ്ങൾ!.
ഇവർ എന്റെ ചായം വരക്കുന്നു.
എന്നെക്കുറിച്ച് കവിതകളെഴുതുന്നു.
നാം കേവലം ചിതലരിച്ച പുസ്തകങ്ങളായി
പരിണമിച്ചിരിക്കുന്നു.
ഞാൻ ചില്ലിൽ അടക്കപ്പെട്ടിരിക്കുന്നു!
ഒച്ചവെക്കുന്നതൊക്കെ പ്രതിധ്വനികളായി
കാതിൽ വന്ന് പതിക്കുന്നു.
നിങ്ങളുടെ പടക്കോപ്പുകൾ
ഈ ചില്ലിലേക്ക് ഉതിർക്കൂ.
ഉയിർത്തെഴുന്നേൽക്കാനായി
ഒരു തുളയിട്ടു.
എന്റെ ക്ലാവ് പിടിച്ച ശിൽപങ്ങൾ
ഞാൻ തേച്ചുമിനുക്കാം,
നിറംമങ്ങിയ വെള്ളയും കറുപ്പും
ചില്ലുകൾക്ക് ഞാൻ ചായം പുരട്ടാം.
ചാരമാക്കിയ എന്റെ പേനയുടെ
ചിലമ്പലിനെ ഉണർത്തീയിടാം.
എന്തെന്നാൽ, നിന്റെ ചില്ലിൻ കൂടുകളിലും,
സ്മാരകങ്ങളിലും, കവിതകളിലും,
ചായങ്ങളിലും, ഞാനായിരുന്ന
ഞാൻ കുടികൊള്ളുന്നില്ലായിരുന്നു.
കിഴക്കിലെ മരുനാട്ടിലെ മരുപ്പച്ചയിൽ
ചായം കൊണ്ട് നിറച്ച എന്റെ മൺകുടിൽ.
മരുവിന്റെ വരൾച്ചകളെയും
മരീചികകളുടെ വലയങ്ങളെയും
അതിജയിക്കുമ്പോൾ
കുടിലിന്റെ ചിതലരിച്ച വാതായനത്തിൽ
സൂര്യകിരണങ്ങൾക്കായി നീയൊരു തുളയിടൂ.
ചായങ്ങളെ കിരണങ്ങൾ തൊടുന്ന മാത്രയിൽ
ചായം നിറച്ച കിരണങ്ങൾ ഭൂമിയാകെ
ഒലിച്ചിറങ്ങും.
ആ നിറപ്പകർച്ചയിൽ
ഈ മണ്ണിലും വിണ്ണിലും വെളിച്ചം പടരും.
