Begin typing your search above and press return to search.
proflie-avatar
Login

എന്നിട്ടും ഓർമ -സച്ചിദാനന്ദന്‍റെ കവിത

STILL ALICE എന്ന ചലച്ചിത്രവും എനിക്കുണ്ടായ ഒരു സ്​മൃതി നഷ്​ടത്തി​െൻറ അനുഭവവും ഈ കവിതക്കു പിറകിലുണ്ട്.

എന്നിട്ടും ഓർമ -സച്ചിദാനന്ദന്‍റെ കവിത
cancel

''പര്യായം, നാനാർഥം, വിപരീതം,

അർഥം, വാക്ക്, അക്ഷരം: ആദ്യം

നഷ്​ടപ്പെട്ടത് ഏതായിരുന്നു?

നാട്, ഊര്, വീട്, പേര്: ആദ്യം

മാഞ്ഞുപോയത് ഏതായിരുന്നു?

വസന്തം, ഗ്രീഷ്മം, ശരത്കാലം, ഹേമന്തം:

ആദ്യം മറന്നത് ഏതായിരുന്നു?

ഭൂതം, വര്‍ത്തമാനം, ഭാവി:

ആദ്യം അലിഞ്ഞുപോയത് ഏതായിരുന്നു?

ഏതായിരുന്നു ആദ്യം മറന്ന മുഖം,

ആദ്യം മറന്ന പുസ്തകം?''

''വൃക്ഷങ്ങളില്‍ ശരത്കാലം

വന്നെത്തുംപോലെയായിരുന്നു അത്.

ആദ്യം ഓർമകള്‍ മഞ്ഞച്ചു

ഇളംമഞ്ഞയായിരുന്നപ്പോള്‍

ഓർമകളില്‍ പച്ചയുടെ നിഴല്‍

കാണാമായിരുന്നു, പിന്നെ

കടും മഞ്ഞയായി, പച്ച ഭൂതമായി

തവിട്ടുനിറം പിറകേ വന്നു,

അനന്തമായ മറവിയുടെ നിറം.

''വസന്തത്തി​െൻറ ഓർമകള്‍ നഷ്​ടപ്പെട്ട

വൃക്ഷംപോലെ ഞാന്‍ നിന്നു, മഞ്ഞ്

എന്നെ ആകെ പൊതിഞ്ഞു, വൃദ്ധയുടെ

കണ്ണുകള്‍പോലെ ഒന്നും കാണാതായി

തളിരിടാനും പൂവിടാനും മറന്നു

മാസവും വര്‍ഷവും മറന്നു,

എവിടെയാണെന്ന് മറന്നു

ആളുകളെ ഓരോരുത്തരെയായി

തിരിച്ചറിയാതായി, ആദ്യം സുഹൃത്തുക്കളെ,

പിന്നെ ബന്ധുക്കളെ, സ്വന്തം മക്കളെ വരെ,

ഒടുവില്‍ എന്നെത്തന്നെയും.

''ഇപ്പോള്‍ ഞാന്‍ പതുക്കെ ഉരുവമെടുക്കുകയാണ്

ഭ്രൂണം ഉദരത്തിലെന്നപോലെ.

കോശം കോശമായി വാക്കു വാക്യവും

കവിതയുമാകുംപോലെ.

കാലത്തിലെവിടെയോ എ​െൻറ

ഓർമകള്‍ കാത്തിരിപ്പുണ്ട്‌,

അസ്ഥിയും മാംസവും സ്വപ്നം കണ്ടു

തുടിക്കുന്ന ഒരു ചെറിയ ഹൃദയം പോലെ.''

Show More expand_more
News Summary - Satchidanandan poem