Begin typing your search above and press return to search.
യെതം
Posted On date_range 22 Sept 2025 8:00 AM IST
Updated On date_range 22 Sept 2025 8:00 AM IST

ഞാൻ വലംകൈയനാണ്.
ഇടംകൈകൊണ്ട്
പല്ലുതേക്കാനാകില്ല
ഒരു പുല്ലുമെഴുതാനാകില്ല.
വലംകൈയുടെ
സഹായി മാത്രമാണ്
ഇടംകൈ.
എന്നാൽ
ചന്തി കഴുകി മാലിന്യമകറ്റാൻ
ഇടംകൈ വേണം.
മറ്റുള്ളവരെ തൊഴാൻ
ഇടംകൈ കൂടിയേ തീരൂ.
വലംകൈ മാത്രം കൊണ്ടാകുമ്പോ
അഭിവാദ്യമായത് മാറും
അർഥംതന്നെ മറിയും.
വലംകൈകൊണ്ട്
ഇടംകൈയേയും
മറിച്ചും
നിറയെ ചൊറിയാം.
കാലിന് ഇതൊന്നും
പ്രശ്നമല്ലെന്ന് തോന്നുമെങ്കിലും
സ്ഥിതിസമത്വമില്ലായ്മ
അവിടെയുമുണ്ട്.
വലംകാൽകൊണ്ട്
ചവിട്ടുന്നപോലെ
പന്തടിക്കും പോലെ
ഇടംകാലിനാവില്ല
ദയവായി ഇടംകൈയർ
ഇക്കവിത
തിരിച്ച് വായിക്കണം.
കാലില്ലാത്തവർക്കും
കയ്യില്ലാത്തവർക്കും
ഇത് കവിതയല്ല.
റദ്ദായിപ്പോകുന്ന
വരികൾ മാത്രം.
