തിരുത്ത്

എന്നെ കാണാനില്ലെന്ന്
വിളംബരം.
എനിക്കങ്ങനെ തോന്നിയിട്ടില്ല.
പലരും അന്വേഷണത്തിലാണ്.
കാണാതാകുമ്പോൾ
നീല പുള്ളികളുള്ള കുപ്പായം.
കരയില്ലാത്ത തുണി.
വാച്ച്, മൊബൈൽ ഉപയോഗിക്കാറില്ല.
നരച്ചതും നരക്കാത്തതുമായ മീശ.
കവിളിൽ മറുകുണ്ട്.
രാത്രിയിലാണ് അപ്രത്യക്ഷമായത്.
അത്താഴം കഴിച്ചിട്ടുണ്ടാവില്ല.
മിക്ക ദിവസവും
വയറു കാലിയാണ്.
ബോംബ് വിഴുങ്ങുമെന്നൊക്കെ
ആൾക്കാർ പറയുന്നതാണ്.
ഒരു പോസ്റ്റ്മോർട്ടത്തിനും
തെളിവ് ഉണ്ടാകരുത്.
സെക്കൻഡ് ഷോ പതിവായിരുന്നു.
പ്രേമിച്ചിട്ടില്ലെങ്കിലും
കാമുകിയുടെ പേര്
ഇന്ദിര എന്നു പറയും.
ഇന്ദിര ഹെഡ്മാഷെ മോളാണ്.
എട്ടിൽ മൂന്നുതവണ തോൽപിച്ചു.
പകൽവെളിച്ചത്തിൽ ഞാൻ നടന്നു.
പലരും കണ്ടു.
ആർക്കും മനസ്സിലായില്ല.
അവർ ആരെയാണ് അന്വേഷിക്കുന്നതെന്ന്
എനിക്കും.
മുമ്പിൽ ആൾക്കൂട്ടം.
അവരൊക്കെ ചിതറിയോടുന്നു.
പുഴക്കരയിൽ ഒരു ജഡം.
എല്ലാവരും മടങ്ങി.
ഞാനും പോയി കണ്ടു.
അവരൊക്കെ അന്വേഷിച്ചു നടന്നത്
മരിച്ചവരെയായിരിക്കും.
ഞാൻ ജീവിച്ചിരിപ്പുണ്ട്.
അതെങ്ങനെ തിരുത്തും?
ഒരു പട്ടികയിലും
ഇനി ഞാനുണ്ടാവില്ലേ?
