സംഗീതം ഒരു സമയകലയല്ല
camera_altചിത്രീകരണം-അക്ബര്‍
ഗിറ്റാര്‍ തോളില്‍ തൂക്കി
ഒരു പെണ്‍കുട്ടി നടന്നുപോകുന്നു
ബാഗിനുള്ളില്‍,
അമര്‍ഷം പുറത്താവാതെ
ഗിറ്റാര്‍ മിണ്ടാതെ കിടന്നു
പെട്ടെന്നൊരു കിളി വന്ന്
ഗിറ്റാര്‍ ബാഗിലിരുന്നു
പെണ്‍കുട്ടി പേടിച്ചു
ബാഗ് നിലത്തേക്കിട്ടു
കിളി കൊക്കുകൊണ്ട്
കൊത്താന്‍ തുടങ്ങി
സംഗീതം അതിന്റെ സിബ്ബ് പൊട്ടിച്ച്
മലകള്‍ക്കിടയിലെ നഗരത്തില്‍
നിറഞ്ഞുതൂവാന് തുടങ്ങി
ഗിറ്റാറിന്റെ പാട്ടിനൊപ്പം
മരങ്ങളില്‍നിന്ന് കിളികള്‍
കൂട്ടത്തോടെ ചിറകടിച്ചുവന്നു
മലകള്‍ നിറയെ പൂമരങ്ങള്‍ മുളച്ചു
പല നിറത്തിലുള്ള പൂക്കള്‍
സുഗന്ധം നിറച്ചു
വെള്ളച്ചാട്ടങ്ങള്‍ നീല ജലത്താല്‍
പതഞ്ഞൊഴുകി,
പെണ്‍കുട്ടിപോലും അമ്പരന്നു ചിരിച്ചു
ആളുകള്‍ ചിരി തുടങ്ങി
നഗരം ആനന്ദത്താല്‍ നൃത്തം തുടങ്ങി
പറവകളും തേനീച്ചകളും
പ്രാണികളും തെരുവില്‍ നിറഞ്ഞു
കാട്ടുമൃഗങ്ങള്‍ ശാന്തമായി നടന്നുവന്നു
കൂറ്റന്‍ കെട്ടിടങ്ങളില്‍ വെളിച്ചം തെളിഞ്ഞു
മനുഷ്യരും മൃഗങ്ങളും പ്രാണികളുമെല്ലാം
സംഗീതത്തിന്റെ കാറ്റില്‍ പറന്നുനടന്നു
ഗിറ്റാര്‍ ബാഗില്‍നിന്ന് കിളി പറന്നുപോയി
പെട്ടെന്ന് സംഗീതം നിലച്ചു
ഹോണടികളുടെ ഒച്ച മാത്രം
അതിനിടെ, പെണ്‍കുട്ടി മറഞ്ഞുപോയി
ഗിറ്റാര്‍ ബാഗ് തുറന്നുകിടന്നു
ഗിറ്റാര്‍ പോയതെങ്ങോട്ടാവാം?
പഴയ ജീവിതം
നഗരത്തില്‍ വീണ്ടും നിറഞ്ഞു
ഒരു മാറ്റവുമില്ലാതെ
മലകളില്‍നിന്ന് മഴ തുടങ്ങി
ഗിറ്റാര്‍ തന്ത്രികള്‍ എവിടെയോ
ഒറ്റയ്ക്കിരുന്നു പാടാന്‍
തുടങ്ങുന്നുണ്ടാവും?
എവിടെയാണേലും സമയം മാത്രം
സംഗീതംപോലെ
കാത്തുനില്‍ക്കുന്നില്ലല്ലോ!
