പകൽ

പകലെവിടെനിന്നാണ്
ഇത്രയും വെളിച്ചവുമായി
അണിഞ്ഞൊരുങ്ങി
പുറപ്പെടുന്നത്..?
പ്രഭാതത്തിലെ വായനാപത്രംപോലെ
മുറ്റത്തുവിതറിപ്പോകുന്നു
പ്രകാശകിരണങ്ങളായ
അദൃശ്യജീവകണങ്ങളെ.
അതിലരിക്കുന്ന ഒരായിരം വെളുത്ത
കുഞ്ഞുങ്ങൾ അടഞ്ഞ
വാതിലിന്നഭിമുഖമായി
നിശ്ചലനായി നിൽക്കുന്നു.
എന്തോ പറയാനുണ്ടെന്ന ഭാവത്തിൽ
അതെന്താകും.
ഒരു യാചകന്റെ വേഷത്തിൽ അത്
വീടിന്റെ മുറ്റത്തുനിന്നു വിയർത്തു
കുളിക്കുന്നു.
അകത്തേക്കു പ്രവേശിക്കാനുള്ള
ഉത്തരവിനു
കാത്തിരിക്കുന്നതുപോലെ.
അറിയാത്ത ഒന്നിനോടുള്ള
അദമ്യമായ പ്രണയത്താൽ
ആയിരംകാലുള്ള ഉടലുമായി
അതിഴഞ്ഞുകൊണ്ടിരിക്കുന്നു.
നിമ്നോന്നതമായ
ദേശാന്തരങ്ങൾ താണ്ടി.
ഉച്ചയാകാറാകുമ്പോളതു വിശന്നമറുന്നു.
പോരുകാളയെപ്പോലെ
കൊമ്പുകൊണ്ട് കുലുക്കുന്നു
ഉഴുതുമറിക്കാനുള്ള മുന്നിലുള്ള
ദയയില്ലാത്ത ലോകത്തെ
നുരയുന്ന കോപത്താൽ
തിളച്ചുമറിയുന്നതിൻ നേത്രങ്ങളും
സായാഹ്നമാവുന്നതോടെ
ഒടിഞ്ഞുമടങ്ങുന്നു അതിന്റെ
ഉണർവുകളൊക്കെ
അടിയറവു പറയാൻപോവുന്ന
പോരാളിയെ പോലെ
മുതുകെല്ലു വളഞ്ഞു കൂപ്പുകൈയോടെ
ആവോളം വിനീതനായി.
എങ്കിലും അത് ദിവസേന
പ്രസരിപ്പിക്കുന്നു മഞ്ഞനിറത്തിലുള്ള
വെളിച്ചത്തിന്റെ കണങ്ങൾ.
ഇരുട്ടുള്ള ഇടങ്ങളിൽ
യാചനയുടെ ഭാവലയത്തോടെ
ആരായുന്നു.
അരിച്ചരിച്ചു
അകത്തു കയറാൻ വേണ്ടി.
അതല്ലെങ്കിൽ അതിന് നമ്മോടെന്താണ്
പറയാനുള്ളത്!
