‘ജ്ഞാനി’*കൾ പറയാത്തത്

നാട്ടുത്സവത്തിന്റെ മേളങ്ങളിൽ
പുതിയ താളങ്ങളിൽ
തിമിർക്കുമാളുകളുടെ തലയ്ക്ക് മീതേ
ദൈവക്കോലങ്ങൾക്കും മേലെ
ഉയർന്നു തുറക്കുന്നു
ചുറ്റിനുള്ളതെല്ലാം പകർത്തിപ്പറക്കുന്ന
കണ്ണുകൾ
പേശികൾ കനത്ത ദൈവം
പഴയ കഥയിലെ
പാവമായിരുന്നപ്പോഴില്ലാത്ത
കൂർത്ത നോട്ടം
അതിന്റെ തോളിലെല്ലാം
കണ്ടിരിക്കും കിങ്കരന്റെ
കണ്ണായി മുരണ്ടു നിൽക്കുന്നു-
ഡ്രോൺ തിളങ്ങുന്നു
താഴെ, കൂട്ടത്തിലെ
കുഞ്ഞുകണ്ണുകൾ തിളങ്ങിയാക്കൈകൾ
തൊടാൻ കൊതിക്കുന്നതറിയാതെ
റാകിപ്പറക്കുന്നു റോബോട്ട്.
അരികിലപ്പോൾ ഞാൻ
കാണുന്നെവിടെനിന്നോ വന്നാ
കുഞ്ഞുകാലടികളിൽത്തഴുകി
താഴെ വീഴുമൊരപ്പൂപ്പൻ താടിയെ
നീട്ടിയ വിരലുകളിൽ തൊട്ടത്
വീശുന്ന കാറ്റിലും പോകാതെ
വിറയ്ക്കുന്നു...
എന്തെന്നു ചോദിക്കുമ്പോൾ
വിതുമ്പുന്നു പാവം-
കുഞ്ഞുകൈകൾ തൊടാതെ
കൂടെയോടുവാനാളില്ലാതെ
ഒറ്റയ്ക്കലയുന്നവർ
ഞങ്ങളിപ്പോൾ.
തമ്മിൽപ്പിരിഞ്ഞു പോയ്
മണ്ണ് തേടുമ്പോളെങ്ങും
തൊടാനാവാതൊടുങ്ങുന്നവർ
പക്ഷേ മരിക്കാത്ത
വിത്തുകൾ
കൈയിലേന്തുന്നവർ...
വിഷാദിയാകുമാ ചെറുനക്ഷത്രം
കണ്ണുചിമ്മുമ്പോളതിനെ
മുറുകെ നെഞ്ചോടു ചേർത്തു ഞാൻ
മറുകൈയിലേതു
ചോദ്യത്തിനുമുത്തരം
തരുമെന്നു മേനി പറയും
മഹാജ്ഞാനികൾ മൂവർ
വെളിപ്പെടും ചതുരക്കളം
വിളിച്ചിരുത്തിയോരോരുത്തരോടും
അപ്പൂപ്പൻതാടികളാരെന്ന്
അവരുടെ നാടേതെന്ന്
കാടിനുള്ളിലോ
വഴി വിഴുങ്ങിയ കാടരികിലോ
കടലോരത്തോ
കടലെടുത്ത കരയരുകിലോ
ആ ഭൂമിയെന്ന്
ആ വീടുകളേതെന്ന്
തിരയുന്നു ഞാൻ
ഇതുവരെയില്ലാത്ത
നാടുമവിടത്തെയില്ലാത്ത
കാട്ടുവഴികളും കാണിച്ച്
ഇല്ലാക്കഥകൾ മെനഞ്ഞ്
വഴിതെറ്റിക്കുന്നൊരാൾ1
വഴിവന്നു വിഴുങ്ങിയ
കാടൊന്നും കാണാനില്ലെന്ന്
കടലെടുത്ത കരയെക്കുറിച്ചാരും
കരയുന്നില്ലെന്ന്
കള്ളമാവർത്തിച്ച്
കൈമലർത്തുന്നു
കടലും കരയുമില്ലെങ്കിലുമിനി
കാടുപോലുമില്ലെങ്കിലുമെന്ത്
കേടെന്ന് കൂടിച്ചോദിച്ച്
കൂട്ടത്തിൽ കച്ചോടപ്പരസ്യവും കാണിച്ച്
കണ്ണിറുക്കിക്കുലുങ്ങിച്ചിരിക്കും
രണ്ടാമനോട്
എങ്കിലാ കടലിലെറിഞ്ഞ
മനുഷ്യരെക്കുറിച്ചെന്തെങ്കിലും
മറുപടിയുണ്ടോന്ന് ചോദിച്ച്
കണ്ണിൽ നോക്കുമ്പോൾ
കെട്ടുപോകുന്നു
കണ്ണടച്ചുറക്കമാക്കുന്നയാൾ2
ചോദ്യം മനുഷ്യരെന്നാകുമ്പോൾ
വിയർപ്പൂറ്റും ശാലയെക്കുറിച്ചാകുമ്പോൾ
മഞ്ഞനദി പോൽ
മങ്ങി മിന്നുന്നു,
തുഴച്ചിൽ നിർത്തിയാ
മതിലിനുള്ളിലെ
മിണ്ടാപ്പൂച്ചയാകുന്നു
മഹാജ്ഞാനി
മൂന്നാമൻ3.
രേഖകളില്ലാത്തവരെ
തിരഞ്ഞെത്തും
ബൂട്ടുകൾക്ക് മുന്നിൽ
കൂലിക്ക് കോലങ്ങൾ
ചുമക്കാനെത്തിയവർ
ചിതറിയോടുമ്പോൾ
ദൈവം വഴിയിലുടയുമ്പോൾ
മൊഴിയറിയാതെ
പിടഞ്ഞോടുമാ കുഞ്ഞിന്
വഴി തെളിക്കാൻ
പെട്ടെന്നുയർന്നു പോകുന്നു
അപ്പൂപ്പൻ താടി
അവർക്കൊപ്പമലയുവാൻ
മറ്റാരുമില്ലെന്ന്
യാത്ര ചൊല്ലുമ്പോൾ
ഉത്തരങ്ങളെല്ലാം മായ്ച്ച്
വട്ടം കറങ്ങുമാ
മിണ്ടാക്കുരങ്ങുകൾ
മൂവരിൽ ഞാൻ
തറഞ്ഞുകുടുങ്ങുമ്പോൾ
തലയ്ക്ക് മേലെ ചീറുന്നു
യന്ത്രക്കണ്ണുകൾ
ചുറ്റിനുമതിന്റെ ചാരസന്തതികൾ
അവയിലൊന്നെന്റെ
നെറ്റിയിലുന്നം പിടിക്കുമ്പോൾ
കണ്ടു ഞാനുയരത്തിൽ
കാറ്റിനെതിരേ വീശും
വെള്ളിമേഘമായി
തലയുയർത്തും
അപ്പൂപ്പൻ താടിയെ.
------------
* AI ആപ്പുകൾ 1. ചാറ്റ്ജിപിടി 2. ഗ്രോക് എ.ഐ 3. ഡീപ് സീക്
