മാരകായുധം

തുറന്നു എന്റെ ജനാലകൾ യുദ്ധത്തിലേക്കെന്നപോൽ. കത്തും ചന്ദ്രനെക്കടിച്ചുപിടിച്ച് യൂണിഫോമിട്ട പോരാളികൾ കിടങ്ങുകൾ കയറിയടുക്കുന്നു. ഭൂമിയിലെ ഏറ്റവും മാരകമായ ആയുധം എന്റെ ഹൃദയമെന്നവരറിഞ്ഞെന്നുതോന്നുന്നു. എന്റെ മുറിയിലേക്ക് അവർ അരിച്ചരിച്ചുകയറുന്നു. അവരുടെ കഠാരമുനകൾ എന്റെ ഇടതുനെഞ്ചത്ത് തൊടുന്നു. ഒടുവിൽ ഒരുടമ്പടിയിന്മേൽ അവരിലൊരാളുടെ കയ്യിലേക്കു മാത്രം ഞാനെന്റെ ഹൃദയമുരിഞ്ഞുകൊടുത്തു. നിബന്ധനയിത്. അവസാനമേ...
Your Subscription Supports Independent Journalism
View Plansതുറന്നു എന്റെ ജനാലകൾ
യുദ്ധത്തിലേക്കെന്നപോൽ.
കത്തും ചന്ദ്രനെക്കടിച്ചുപിടിച്ച്
യൂണിഫോമിട്ട പോരാളികൾ
കിടങ്ങുകൾ കയറിയടുക്കുന്നു.
ഭൂമിയിലെ ഏറ്റവും മാരകമായ ആയുധം
എന്റെ ഹൃദയമെന്നവരറിഞ്ഞെന്നുതോന്നുന്നു.
എന്റെ മുറിയിലേക്ക് അവർ അരിച്ചരിച്ചുകയറുന്നു.
അവരുടെ കഠാരമുനകൾ
എന്റെ ഇടതുനെഞ്ചത്ത് തൊടുന്നു.
ഒടുവിൽ ഒരുടമ്പടിയിന്മേൽ
അവരിലൊരാളുടെ കയ്യിലേക്കു മാത്രം
ഞാനെന്റെ ഹൃദയമുരിഞ്ഞുകൊടുത്തു.
നിബന്ധനയിത്.
അവസാനമേ ഇതുപയോഗിക്കാവൂ.
ഇതിൽ താമസിക്കുന്ന കവിതപ്പക്ഷികൾ
ഒഴിഞ്ഞുപോയതിനു ശേഷം മാത്രം.
യുദ്ധം കൊടുമ്പിരികൊണ്ടു.
അയാളതു ചെയ്തു.
ദൂരെയെങ്ങോ എന്റെ ഹൃദയം
പൊട്ടുന്നത് ഞാൻ കേട്ടു.
ഉറക്കത്തിൽനിന്നുള്ള ഉണർച്ചയിൽ
തുറന്ന ജനാലയ്ക്കരികിൽ
യുദ്ധച്ചടവുള്ള കണ്ണുകളോടെ
പുറത്തേയ്ക്കു നോക്കിനിൽക്കുന്ന
എന്റെ ഹൃദയം തേടിയെത്തുന്നു
വീണ്ടും കവിതപ്പക്ഷികൾ.
