മങ്ങിയ വെളിച്ചത്തിൽ

മഴയും സന്ധ്യയും.
വെളിച്ചത്തിന്റെ ചാരം നിറഞ്ഞ എന്റെ
ചെറിയ ലോകത്തിൽ, മരിച്ചുപോയ
സുഹൃത്തുക്കളെയോർത്ത് ഞാൻ
ഇരിക്കുന്നു. അറിയപ്പെടുന്നവരും
അറിയപ്പെടാത്തവരും. ഹൃദയത്തിൽ
എനിക്ക് അഭയംതന്നവർ. അന്നവും
അറിവും തന്നവർ. ഓരോ മുഖങ്ങളും
തെളിഞ്ഞുമായുന്നു.
എന്റെ നിസ്സഹായമായ നിശ്ശബ്ദത
ചോദിക്കുന്നു:
നിങ്ങൾ എവിടെയാണ്?
എങ്ങോട്ടാണു പോയത്?
ഇനിയൊരിക്കലും കാണാനാവാതെ.
ഒരിക്കലെങ്കിലും,
ഒരിക്കൽക്കൂടി,
ഒരിക്കൽ മാത്രം
ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.
എനിക്കും ജീവിതം തീരാറായി.
തിരശ്ശീല വീഴാറായി.
ദീപങ്ങൾ കെടാറായി.
സംഘർഷങ്ങളും സംഭാഷണങ്ങളും
നിലച്ചുകഴിഞ്ഞു.
സംഗീതം നേർത്തുവരുന്നു.
വേദിയിൽ നിഴലുകളായി.
ചില ഗദ്ഗദങ്ങൾ മാത്രമായി.
ഞാനില്ലാതാകുമ്പോൾ
നിങ്ങളെക്കുറിച്ചുള്ള എന്റെ
ഓർമകൾകൂടി മാഞ്ഞുപോകുന്നു.
വാക്കുകൾ?
നിഴലുകൾ?
ചാരം?
ഇല്ല.
ജീവിതം താൽക്കാലികമായ
ഒരു സംഭ്രമം മാത്രമായിരുന്നു.
ഒന്നും അവശേഷിക്കേണ്ടതില്ല.
ഭീഷ്മർ പറയുന്നു:
കാലം ഒരുവനെയും കൂടംകൊണ്ട്
തലയ്ക്കടിച്ചു കൊല്ലുന്നില്ല. തെറ്റായ
തീരുമാനമെടുക്കാൻ അവനെ
പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
