Begin typing your search above and press return to search.
proflie-avatar
Login

പോസ്റ്റ്​ മോഡേൺ ദലീല -കവിത

പോസ്റ്റ്​ മോഡേൺ ദലീല -കവിത
cancel

ഇടതൂർന്നു വളരുന്ന

കോൺക്രീറ്റ് കമാനങ്ങൾക്കിടയിൽ

വാഹനാവലികൾ

ചീറിപ്പായുന്ന

നഗര കാനനത്തിൽ

അലസമയക്കത്തിൽ

എ​െൻറ മൊബൈൽ

കുയിലായ് കൂവുന്നു.

വിരൽ തൊട്ടപ്പോൾ

സ്ക്രീനിൽ

ഓർക്കാപ്പുറത്ത്

ദേശാടനക്കിളിയായ്

പറന്നുവരാറുള്ള

സ്ട്രൈറ്റ് ചെയ്ത മുടിയും കണ്ണടയുമണിഞ്ഞ,

തോളിൽ സഞ്ചിയിട്ട

ദലീല.

o

മൂന്നാം നിലയിലെ

ബാൽക്കണിയിൽനിന്ന്

നോക്കുമ്പോൾ

നീല സൽവാർ

അണിഞ്ഞ അവൾ

നഗര തിരക്കിൽ

ഒരു തിരമാലപോലെ

ഇരച്ചുവരുന്നു.

o

ഇളംവെയിൽ

നന്ദാവനം പാർക്ക്

ആസക്തികൾ

കൊയ്യാനെത്തിയ

കമിതാക്കൾ

കൈകൾ കോർത്ത്

ചെടികൾക്കിടയിൽ

സല്ലപിക്കുന്നു.

അവളുടെ കണ്ണുകൾ

അമ്മയുടെ കൈയിൽനിന്നും

മണ്ണിലേക്ക് ഊർന്നിറങ്ങിയ

കുഞ്ഞിനെപോലെ

ഉഴറി നടക്കുന്നു.

വിരിഞ്ഞു നിൽക്കുന്ന

അരളി മരത്തി​െൻറ

സിമൻറ്​ തറയിൽ

ചാരിയിരുന്ന്

അവൾ പറയുന്നു

സ്നേഹമെനിക്ക്

ദൈവം വിലക്കിയ

പാപത്തി​െൻറ പഴം

വീടെനിക്ക്

കാഞ്ചന കൂട്.

കടും കാമനകൾ

വിളയുന്ന ജീവിതപ്പാടങ്ങൾ

രോമാഞ്ചമുണർത്തുന്ന

അറിയാ രഹസ്യങ്ങൾ

എന്നെ മാടി, മാടിവിളിക്കുന്നു

വാസനകൾ അതി​െൻറ

പിന്നാലെയോടുന്നു.

രതി വിസ്മൃതികളിൽ

ഞാൻ ലൈലാക്കായ് വിരിയുന്നു

മയക്കു ധൂപങ്ങളിൽ

ഉടലില്ലാതെയൊഴുകുന്നു

ഇടക്ക്, ഞാൻ

സ്ഫടികംപോലെ ചിതറുന്നു.

ആത്മാവു കീറി

നിരാമയമായ

നി​െൻറ വാൽസല്യചില്ലയിലേക്ക്

പറന്നെത്തുന്നു.

അവളുടെ മേനി

ഇളംവെയിലിൽ

പച്ചിലത്തണ്ടുപോലെ

തിളങ്ങി.

പെട്ടെന്ന് വന്നു നിന്ന

പിക്നിക് ബസിൽനിന്നും

പെൺകുട്ടികൾ

ചാടിയിറങ്ങി

ടീച്ചർമാരുടെ വിളികൾ

പിന്നിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അവർ കൂട്ടം തല്ലി

വിസ്മയകണ്ണുകളുമായ്

പൂക്കളുടെ സൗരഭ്യത്തിലേക്ക്...

കണ്ണില്ലാതെ

വാഹനങ്ങൾ

പായുന്നിടത്തേക്ക്

ചെകുത്താൻ ചുഴികളുള്ള

കായലിനരികിലേക്ക്

തുള്ളിയോടി

ഞങ്ങൾ അത് നോക്കിയിരുന്നു.

Show More expand_more
News Summary - malayalam poem madhyamam