രണ്ട് കവിതകൾ

1. പ്രകൃതിവിരുദ്ധംമുറ്റത്ത് പുല്ലു തഴച്ചു നിൽക്കുന്നു അതാരും നട്ടതല്ല തനിയേ വളർന്നു തഴച്ചു പടർന്നു ഞാൻ നട്ടതൊന്നും മുളച്ചില്ല മുളച്ചവ വളർന്നില്ല വളർന്നവ വിരിഞ്ഞുമില്ല ആരും നടാതെ എന്തെങ്കിലും മുളക്കുമോ? ആരും നടാതെ മുളച്ചവ യാതന കൂടാതെ വളരുന്നു പ്രത്യേകം കുഴികുത്തി പാകം നോക്കി വളമിട്ട് പരിപാലിച്ചവ കുരുടിച്ചു പോകുന്നു പ്രകൃതിയാണേറ്റവും നല്ല വളർത്തമ്മ പക്ഷേ പ്രകൃതി എല്ലാത്തിനേയും വളർത്തില്ല ചിലതിനെ നശിപ്പിച്ചാലേ പ്രകൃതിക്ക്...
Your Subscription Supports Independent Journalism
View Plans1. പ്രകൃതിവിരുദ്ധം
മുറ്റത്ത് പുല്ലു തഴച്ചു നിൽക്കുന്നു
അതാരും നട്ടതല്ല
തനിയേ വളർന്നു തഴച്ചു പടർന്നു
ഞാൻ നട്ടതൊന്നും മുളച്ചില്ല
മുളച്ചവ വളർന്നില്ല
വളർന്നവ വിരിഞ്ഞുമില്ല
ആരും നടാതെ എന്തെങ്കിലും മുളക്കുമോ?
ആരും നടാതെ മുളച്ചവ
യാതന കൂടാതെ വളരുന്നു
പ്രത്യേകം കുഴികുത്തി
പാകം നോക്കി വളമിട്ട്
പരിപാലിച്ചവ കുരുടിച്ചു പോകുന്നു
പ്രകൃതിയാണേറ്റവും നല്ല വളർത്തമ്മ
പക്ഷേ പ്രകൃതി എല്ലാത്തിനേയും വളർത്തില്ല
ചിലതിനെ നശിപ്പിച്ചാലേ പ്രകൃതിക്ക്
ചിലതിനെ സമൃദ്ധമായി വളർത്താനാവൂ!
എന്തൊരു പ്രകൃതിവിരുദ്ധമായ പ്രകൃതി!
2. അടിമകൾ
മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ്
ആദ്യമായി സിനിമ കാണുന്നത്;
ഓലമേഞ്ഞ ജാനകി റാം ടാക്കീസിൽ.
അടിമകൾ ആയിരുന്നു സിനിമ.
അടിമ എന്നാൽ എന്താണെന്ന്
അന്നറിയില്ലായിരുന്നു;
ആരാണ് അഭിനയിക്കുന്നതെന്നുമറിയില്ല.
സിനിമ കണ്ടുകൊണ്ടിരിക്കെ,
‘‘എന്താ വന്നോരു തന്നെ വീണ്ടും വരണേ?’’
എന്നു ഞാൻ ചോദിച്ചതുകേട്ട്
കൂടെയുണ്ടായിരുന്ന അച്ഛനും അമ്മയും
ചേച്ചിയും, ആയിടെ കല്യാണം കഴിഞ്ഞ
അമ്മാവനും ഭാര്യയും പൊട്ടിച്ചിരിച്ചു.
ഞാൻ അടങ്ങാതായപ്പോൾ
അമ്മ പറഞ്ഞു: ‘‘ദേ, പാലു തിളച്ചു പോണു!’’
ഞാൻ ശ്രദ്ധിച്ചു: ശരിയാണ്, സ്ക്രീനിൽ
പാലു തിളച്ചുപോകുന്നുണ്ട്!
പിൽക്കാലത്ത് എവിടെയെല്ലാം
എന്തെല്ലാം സിനിമകൾ ഞാൻ കണ്ടു;
പുത്തൻ സാങ്കേതികതയിൽ,
നഗരങ്ങളിലെ മൾട്ടിപ്ലക്സുകളിൽ!
അവിടെയൊന്നും
ഞാൻ പറയുന്നതു കേട്ടു പൊട്ടിച്ചിരിക്കാൻ
ഇന്നുവരെ ആരുമുണ്ടായിട്ടില്ല
പണ്ടു പൊട്ടിച്ചിരിച്ചവരാരും
ഇന്നില്ലാതാനും -അവർ അടിമകളായി
വീണ്ടും വരുമെങ്കിൽ
തിളച്ചു തൂവുന്ന പാലിന് എന്തർഥം!
