Begin typing your search above and press return to search.
proflie-avatar
Login

ഫോർട്ട്കൊച്ചി കടൽ

ഫോർട്ട്കൊച്ചി കടൽ
cancel

ഫോർട്ട്കൊച്ചിയിൽ ഞങ്ങൾ എത്തുമ്പോൾ ഗാമയുടെ ശവകുടീരത്തിൽനിന്നും സാന്താക്രൂസ് ബസിലിക്കയിൽനിന്നും ഡച്ച് സെമിത്തേരിയിൽനിന്നും വെയിലും സഞ്ചാരികളും അവരുടെ പ്രണയവും എതിരെ വരുന്നുണ്ടായിരുന്നു. എല്ലാം കണ്ടില്ലെന്നു നടിച്ച് മുറിയിലെ തണുപ്പിൽ കടന്ന് ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു രണ്ടു കാലങ്ങളിൽ രണ്ടിടങ്ങളിൽ കാൽവെന്തു നടന്ന ഋതുക്കൾ കണ്ണീരുപ്പലിഞ്ഞ മന്ദസ്മിതത്തിന്റെ ആടയോടെ അങ്ങനെ. പുറത്ത് കടലും ചീനവലകളും തെരുവ് ഭിത്തികളിലെ അസംഖ്യം ചിത്രങ്ങളും ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. വഴിയോരത്തെ ഭക്ഷണശാലകൾ അത്രയും വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കണ്ടില്ല ഞങ്ങൾക്ക് വിശന്നില്ല ഞങ്ങൾ...

Your Subscription Supports Independent Journalism

View Plans

ഫോർട്ട്കൊച്ചിയിൽ ഞങ്ങൾ എത്തുമ്പോൾ

ഗാമയുടെ ശവകുടീരത്തിൽനിന്നും

സാന്താക്രൂസ് ബസിലിക്കയിൽനിന്നും

ഡച്ച് സെമിത്തേരിയിൽനിന്നും

വെയിലും സഞ്ചാരികളും അവരുടെ പ്രണയവും എതിരെ വരുന്നുണ്ടായിരുന്നു.

എല്ലാം കണ്ടില്ലെന്നു നടിച്ച്

മുറിയിലെ തണുപ്പിൽ കടന്ന് ഞങ്ങൾ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു

രണ്ടു കാലങ്ങളിൽ രണ്ടിടങ്ങളിൽ

കാൽവെന്തു നടന്ന ഋതുക്കൾ

കണ്ണീരുപ്പലിഞ്ഞ

മന്ദസ്മിതത്തിന്റെ ആടയോടെ അങ്ങനെ.

പുറത്ത് കടലും ചീനവലകളും തെരുവ് ഭിത്തികളിലെ അസംഖ്യം ചിത്രങ്ങളും

ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.

വഴിയോരത്തെ ഭക്ഷണശാലകൾ

അത്രയും വിളിക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ കണ്ടില്ല

ഞങ്ങൾക്ക് വിശന്നില്ല

ഞങ്ങൾ എങ്ങും പോയതുമില്ല.

അവളുടെ വാക്കുകൾ അത്രയും എന്നെ തൊട്ടു.

കൂടുതലും എന്റെ കുറവുകളാണ് അവൾ പറഞ്ഞത്.

എനിക്ക് അതൊക്കെ

ശരിയാണെന്ന് അറിയാമായിരുന്നു.

ഞാനവളോട് എന്റെ പരാതികളാണ് പറഞ്ഞത്.

അവളെക്കുറിച്ചുള്ള പരാതികൾ.

അതവളെ തൊട്ടോ എന്ന്

എനിക്ക് ഇപ്പോഴും അറിയില്ല...

എന്തായാലും ഞങ്ങൾക്ക് വിശന്നില്ല.

ഞങ്ങൾ എങ്ങും പോയില്ല

വൈകുന്നേരം മാത്രം ഞങ്ങൾ കടലിനോട് പറഞ്ഞു.

ഇത്തിരി കാറ്റ് തരൂ

ഇത്തിരി തണുപ്പ് തരൂ.

പിശുക്കി പിശുക്കി തിരമാലകൾ

അവ തന്നു എന്നു വരുത്തി

പിന്നെ ആന്റിക് ഷോപ്പുകൾക്കും

റസ്റ്റോറന്റുകൾക്കും മുന്നിലൂടെ

ഞങ്ങൾ നിലാവിനൊപ്പം

മെല്ലെ നടന്നു.

ഇടക്കവൾ എന്റെ കൈപിടിച്ചു

ഒരു കുഞ്ഞിനു നേരെ നീണ്ടുവന്ന

താങ്ങുപോലെ ഞാൻ

ആ വിരലുകൾ എടുത്തുവെച്ചു.

അവളത് അറിഞ്ഞിരിക്കില്ല ചിലപ്പോൾ...

ഒടുവിൽ ഒന്നിച്ചിരുന്ന് ഒരു ചെറിയ ഹോട്ടലിൽ അത്താഴം ഉണ്ട് ഞങ്ങൾ കിടക്കയിൽ എത്തി

രാത്രിയിൽ എപ്പോഴോ നിനച്ചിരിക്കാതെ അവൾ എന്നെയും ഞാൻ അവളെയും തൊടുകയുണ്ടായി.

പിന്നെ ഗാഢമായ ഒരു ആലിംഗനം

പാതിവഴിയിൽ പിന്മാറിയ ഒരു ചുംബനം.

പുറത്ത് രാവു മുഴുവൻ പൂത്തുനിൽക്കുകയായിരുന്നു

തെരുവുകളിലെ വർണവിളക്കുകളെല്ലാം

പൂത്തു നിൽക്കുകയായിരുന്നു

ചിരപുരാതനമായ ആ സത്രത്തിൽ

കിട്ടിയ കുഞ്ഞു വസന്തത്തിന്റെ

കനിവിൽ

ഞാനൊരു പൂക്കളും കണ്ടില്ല.

കാലങ്ങളായി ഉള്ളിൽ ഏറ്റി നടന്നിരുന്ന

പൊള്ളലുകൾ അത്രയും

അടർന്നുപോകുന്നതും

നോക്കി ഇരിക്കുകയായിരുന്നു കണ്ണുകൾ.

എന്റെ പാപങ്ങൾ

എന്റെ സങ്കടങ്ങൾ

എന്റെ മുറിവുകൾ

പിന്നെ എങ്ങോട്ടോ ഒഴുകിപ്പോയി.

ഒരു സ്പർശത്തിന്

ഒരു അർധചുംബനത്തിന്

അത്രമേൽ കരുത്തുണ്ടെന്ന്

എനിക്കറിയുമായിരുന്നില്ല.

പിറ്റേന്ന് യാത്ര ചോദിക്കേ കടൽ ചോദിച്ചു

‘‘സത്യം?’’

ചില സത്യങ്ങൾ ഉള്ളിലെ കടലാണ്.

അതു അവളോ നീയോ വിശ്വസിക്കണമെന്നില്ലെന്ന്

എത്രയോ കാലത്തിനുശേഷം

അതീവ ശാന്തനായി

ഞാൻ പറഞ്ഞു.

News Summary - malayalam poem