Begin typing your search above and press return to search.
proflie-avatar
Login

ഏലിയാമ്മയും കൊറേ ഏലിയന്മാരും

ഏലിയാമ്മയും   കൊറേ ഏലിയന്മാരും
cancel

അടിച്ച് കൊന്ന്

നീട്ടിയെറിഞ്ഞ

നീക്കോല്യേ പോലേര്ന്ന്

മൂന്നാല് കാളവണ്ടീം

അഞ്ചാറ് സൈക്കിളും

പൊടി പറത്തി

ഏന്തി വലിഞ്ഞ് പോണ

ഒരു പൊക തുപ്പി ബസ്സും...!

നാലുങ്കൂടണ മുക്കില്

നങ്കൂരൊട്ട പായ്ക്കപ്പലുപോലെ

കാലണേടെ പരിപ്പുവടേമായി

മുണ്ടൻരാമേണ്ണന്റെ ചായക്കട

പൊലർച്ചെ

ഒരു വെറ്റ്ചായേം

തെറ്പ്പ് ബീഡിം കിട്ട്യാലേ

കെഴക്കേലെ ദിവാരന്

ഉദിക്കാമ്മുട്ട്വാരുന്നുള്ളു

പൊട്ടമ്പോറ്റീടെ

തെങ്ങുംപെരേടത്തിലെ

നാറ്റപ്പൂച്ചെടി മറവില്

ബീഡിപ്പൊകേടെ

ചുരുൾക്കമ്പത്തില്

ദാരികപ്പറമ്പിലൂ-

ടങ്ങനൊരൊഴുക്കാര്ന്ന്,

കൊറ്റാമലത്തിണർപ്പീന്ന്

കോതറാണിപ്പയറ്റീന്ന്

വയലേലപ്പരപ്പീന്ന്

തോറ്റമ്പാട്ടിന്റീണത്തില്..

കുത്തിനെറച്ച് നിർത്താതെ പോണ

ലൈൻ ബസിലെ

മാരനോട്ടങ്ങള്

ഒടിഞ്ഞ് തൂങ്ങ്യ ആർട്സ് ക്ലബ്

വെയിറ്റിംഗ് ഷെഡിന്റെ

ഓലത്തുമ്പുമ്മല്

കീ മുറുക്യാലാട്ടമാടണ

പെൻഡുല ക്ലോക്ക് പോലെ

അക്ഷരശാശ്ക്കള്

പൊസ്തകപ്പര്ക്ക് പറ്റീര്ന്ന

വായനശാലത്തണലത്തൂന്ന്

വാക്കൊഴിഞ്ഞ് പോയിര്ന്ന

വയ്യൂന്നേരങ്ങള്...

ചൊക്കന്നീലാണ്ടന്റെ മോനും

പനങ്ങരാജൂന്റെ മോളും

പതിവായൊളിച്ചോടീര്ന്ന

രാത്ര്യളില്

ത്രേസ്യാമ്മേം ഞാനും

കണ്ണിക്കണ്ണി

കാരമുള്ള് തറപ്പിക്ക്മ്പം

ദുഃഖിവേലൂന്റെ

മുറുക്കാങ്കടേല്

പ്രേമകത്ത്വേള്ടെ

പോസ്റ്റ് പെട്ടി

വായും പൊളിച്ച്

കാത്ത് കെടക്ക്വാര്ന്ന്...!

അന്നൊക്കെ

അപ്പറോം ഇപ്പറോം ഒള്ളോര്

തമ്മിത്തമ്മി ചിരിക്ക്വാര്ന്ന്

മിണ്ട്വാര്ന്ന്,

പെടവടയ്ക്കും

പെലകുളിക്കും

ഒന്നിച്ചിരിക്ക്വാര്ന്ന്

ഇന്നിപ്പഴ്

ഇത്തറീം വീതീല്,

ഹിമാലയത്തിന്റത്തറേം

പൊക്കത്തില്

വല്ലാതങ്ങ് ഞെരുങ്ങിപ്പോയ

മതിലിനപ്പറോം ഇപ്പറോം നിന്ന്

നേരം പോണതറിയാതെ

നെലത്തിപ്പൊര് കളിക്കണ

സൂര്യര്...ചന്ദ്രര്...!

രാപ്പെറന്നോമ്മാര്

അന്തിക്കള്ളടിച്ചാടിയാടി

ചാഞ്ഞുപോയ

എറമ്പത്തറീം

ഇടിച്ചിടിച്ച്,

പ്രേമവരമ്പിനേം കൂടി

തട്ടി നെരത്തിയ

ഏഴാം ഫ്ലാറ്റിൻ്റെ

എഴുപതാം നെലേല്

ഒരേലിയാമ്മയും

കൊറേ ഏലിയമ്മാരും

ദൈവങ്ങളെ കുടീരിത്യേക്കണ

വളവേള് മാത്തറം

നൂക്കാനാവാതെ...!

Show More expand_more
News Summary - malayalam poem