Begin typing your search above and press return to search.
proflie-avatar
Login

കാറ്റ് വിവർത്തനം ചെയ്യുന്നത്

കാറ്റ് വിവർത്തനം ചെയ്യുന്നത്
cancel

സർപ്പക്കാവും

നെല്ലി മരവും നോക്കി നിൽക്കെ

കല്യാണിയമ്മയുടെ കൈകൾ

നീണ്ടുവന്നു.

കോരിയെടുത്ത്

കോലായിലിരുത്തി.

വെള്ളപ്പവും കടലക്കറിയും

കൂട്ടിക്കുഴച്ച് നാവിലെഴുതി.

അ... ആ... ഇ... ഈ

ഉ... ഊ...

എരിവും പുളിയും ഇണചേർന്നു.

വിശപ്പ് കൊഴിഞ്ഞു വീണപ്പോൾ

വാടിയ കണ്ണുകൾ

തളിർത്തു.

തുളവീണ മേൽപ്പുരയിലൂടെ

സൂര്യനടർത്തിയിട്ട

വെയിൽ മുട്ടകൾ

പെറുക്കിയെടുത്ത്

പോക്കറ്റിലിടാൻ നോക്കുമ്പോൾ

കല്യാണിയമ്മ

ചിരിച്ചു ചിരിച്ച് കുഴഞ്ഞു.

കൃഷ്ണകിരീടം തലയാട്ടി

അങ്ങേതൊടിയിലെ ചമ്പകത്തിന്

ഉമ്മ കൊടുത്തു.

അതുകണ്ട്

ഇങ്ങേ തൊടിയിലെ ചെമ്പരത്തിക്ക്

കുളിര് കോരി.

അങ്ങേലും ഇങ്ങേലും

തുന്നിയെടുത്ത്

പ്രണയം

പലനിറങ്ങളിൽ

കെട്ടിപ്പിടിച്ചു...

ഇടവഴിയിലപ്പോൾ

ഗോപാലേട്ടനും ദാസേട്ടനും

പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

അവർ പറയുന്നതെന്തെന്ന്

എനിക്കോ കല്യാണിയമ്മ​ക്കോ

മനസ്സിലായില്ല.

ദാസേട്ടൻ

കല്യാണിയമ്മയുടെ കെട്ടിയോനാണ്.

ഗോപാലേട്ടൻ എന്റെ അച്ഛനും.

രണ്ടു പേരുടെയും കയ്യിൽ

വേലിത്തറിയുണ്ട്

ഒന്ന്

പറമ്പിലേക്ക് കയറ്റി തറച്ചതും

മറ്റേത് ഇറക്കി തറച്ചതും.

ആരുടെ വാക്കിലാണ്

ശരിയെന്ന് നോക്കാനോ

ആരുടെ നാക്കിലാണ്

തെറിയെന്ന് കേൾക്കാനോ

ചിലരവിടെ കൂടിനിൽപ്പുണ്ട്.

കണ്ടുകണ്ടും

കേട്ടുകേട്ടും രസിക്കുന്നവർ...

അതിനിടയിൽ

കാലം

അതിർത്തികൾക്കപ്പുറവും

ഇപ്പുറവും നോക്കിയില്ല.

കടന്നുപോയി.

ദാസേട്ടനും കല്യാണിയമ്മയും

മരിച്ചു.

തർക്കഭൂമിയിൽ ചെടികൾ വളർന്നു

മതിലുകൾ വന്നു.

പുതിയ ആളുകളും

വീടുകളും നിറഞ്ഞു.

തർക്കത്തിനിടയിൽ

അന്ന് മഴ പെയ്തപ്പോൾ

അച്ഛനും ദാസേട്ടനും

കയറിനിന്ന നെല്ലിമരച്ചോട്

ഇപ്പോഴും അവിടെയുണ്ട്.

ചില്ലകൾ വിരിച്ച്

വേരുകൾ പടർന്ന്.

നെല്ലിയിലകളിൽ

സൂര്യൻ തൊടുമ്പോൾ

മരം പറയുന്നത്

കാറ്റ്

കാലങ്ങളായി

ഇങ്ങനെ

വിവർത്തനം ചെയ്യുന്നുണ്ട്...

എത്ര നട്ടാലും വേരുപിടിക്കില്ല

ഭൂമിയിൽ

ഒരു തർക്കവും...

Show More expand_more
News Summary - malayalam poem