Begin typing your search above and press return to search.
proflie-avatar
Login

ഗന്ധകഭാഷയിലെഴുതിയ ദൈവലോകം

ഗന്ധകഭാഷയിലെഴുതിയ ദൈവലോകം
cancel

അവൾ ഉറങ്ങിക്കഴിഞ്ഞു...

നിത്യവിസ്‌മൃതിയിലേക്കുള്ള നിതാന്തയുറക്കം.

അവളെപ്പോഴും ആഗ്രഹിച്ച പോലെയുള്ളത്...

ആകാശനിറവിൽനിന്നും

പടവുമാലകൾ നിരത്തിയിട്ട്,

ദൈവമവളോടു പറഞ്ഞു:

‘‘കയറി വരൂ...’’

വെന്റിലേറ്ററിന്റെ ശീതള

തീർഥത്തിലായിരുന്നപ്പോഴും

അവളുടെ ശരീരം.

അവയുടെ ചങ്ങലക്കൂട്ടങ്ങളെ ഭേദിച്ച്

നാഡിഞരമ്പുകളെ, പൊക്കിൾക്കൊടിയെ,

ചൂഴ്ന്നുനിന്നിരുന്ന

എല്ലാ കോശക്കൂടുകളെയും പറിച്ചെറിഞ്ഞ്

ഭൂമി വിട്ടവൾ ആ പടവുകളിൽ തൊട്ടു.

‘‘ഇനി തിരിഞ്ഞു നോക്കരുത്.

കടന്നുവന്നതും, കരഞ്ഞുതീർന്നതും

ചേർത്തുവെച്ചതും എല്ലാം

മറന്നേക്കുക...

പൂർണമായി ഇവിടെ

ലയിക്കണം.

വാതിലുകൾ എല്ലാം തുറന്നിരിക്കുന്നു.

നിനക്കിതിൽ ഏതു

ഋതുവും സ്വീകരിക്കാം.’’

അപ്പോൾ,

ഗർഭാശയദ്വാരത്തിലൂടെയവൾ

മക്കളെ കണ്ടു.

ആശുപത്രിമുറിയിൽ

തന്റെ തിരിച്ചുള്ള വരവും കാത്ത്,

ഉറക്കത്തിലവർ ‘‘അമ്മേ’’

എന്ന്‌ വിളിച്ചുവോ?

ഉള്ളിൽ വിളി മൂളിക്കേട്ടു.

അദ്ദേഹം, വീട്ടിലെ കിടപ്പുമുറിയിൽ

പതിവുപോലെ മൂടിപ്പുതച്ചുറങ്ങുന്നു...

മാറ്റിയിട്ടിരിക്കുന്ന എന്റെ കട്ടിൽ,

ഞാൻ മനസ്സുകൊണ്ട് തൊട്ടു.

അതിൽ ഒരായുസ്സിന്റെ

മുള്ളുവേലികളും കുപ്പിച്ചില്ലുകളും

കൂർത്തുമൂർപ്പിച്ചൊഴുക്കിയ

തിണർത്തയോർമകളും.

പുസ്തകമണം പുകയുന്ന

എഴുത്തുമുറിയും.

കണ്ണീരിന്റെയും വിയർപ്പിന്റെയും

പുണ്യരസം പൂണ്ട അടുക്കളയും.

എല്ലാം, കണ്ണടച്ചു കണ്ടു.

ആശുപത്രി ഗേറ്റിനരികിലുള്ള

പാർക്കിങ് ഏരിയയിൽ

ആംബുലൻസ്

അവളെയും കാത്തു

നിൽപുണ്ട്.

ഐ.സി.യു ഡ്യൂട്ടി നഴ്സുമാർ അവളെ നന്നായി തൂത്തുതുടച്ചു

ഒരുക്കിയിട്ടുണ്ട്.

മൂക്കുത്തി മാറ്റിയില്ല.

പണ്ട് എപ്പോഴോ

എഴുതിയ ഒരു കവിതയുടെ

നേർത്ത ഈരടികൾ

അവിടെ അലയടിച്ചുവോ?

അവൾ, എത്രയും ശാന്തമായാണ്

ഉറങ്ങുന്നത്.

വളരെ ശാന്തമായി.

കർമങ്ങൾ ഒക്കെയും

കഴിഞ്ഞുള്ള

അവസാനയാത്ര.

അവൾ ദൈവത്തോട്

എന്നുമെന്നും യാചിച്ചത്.

വീണുപോകും മുന്നേ തന്റെ കുഞ്ഞുങ്ങളെ ഓരോരോ സുരക്ഷിത തുരുത്തുകളിൽ എത്തിക്കണം,

നല്ല മനുഷ്യരായി ജീവിക്കാനുള്ള

പ്രാപ്തി ഉണ്ടാക്കണം.

ജീവിതം,

നന്മകളാൽ മാത്രം

രചിക്കപ്പെട്ടതല്ലാ,

തിന്മയോലികളും

ഒപ്പമുണ്ട്.

അവർക്കതറിയാം.

ആ ലോകമെത്തി.

ഗന്ധകഭാഷയിലെഴുതിയ

ദൈവലോകം.

എന്നും സങ്കൽപത്തിൽ

മാത്രം കണ്ടിരുന്ന

ആ ലോകം.

വെളിച്ചങ്ങളുടെ നാട്.

തുറന്ന വാതായനങ്ങളിലൂടെ

വെള്ളിമേഘങ്ങൾ

ഒഴുകിയെത്തുന്നു.

കാറ്റായും തിരയായും.

ദൂരെ,

വളരെ ദൂരത്തിൽ

അമ്മയുണ്ട്, നനഞ്ഞ മുടിച്ചുരുളുകളിൽ

തലോടി കണ്ണിരണിഞ്ഞ്

എന്നും അവളെ കാത്തുനിൽക്കാറുള്ള

അതേ നിൽപ്. അച്ഛൻ,

ചെറു പുഞ്ചിരിയിൽ

ഒരു ജന്മം മുഴുവനും

വായിച്ചെടുക്കാൻ

പാകത്തിലുള്ള

അതേ നിൽപ്.

അവൾ വരുന്നതും നോക്കി നിൽക്കുകയായിരുന്നോ അവർ..?

അവൾ വരുന്നത് മുന്നേ അവർ അറിഞ്ഞിരുന്നോ?

ഓടി അടുക്കലെത്തും മുന്നേ ദൈവകരങ്ങൾ

സ്പർശിച്ചു.

‘‘നിൽക്ക്, അവിടേക്കെത്താൻ ആയിട്ടില്ല.’’

നമുക്കിനിയും സഞ്ചരിക്കാനുണ്ട്,

ഇനിയും തീർപ്പുകൾ

തീർക്കാനുണ്ട്.

ഇത്രയും നാൾ

നിനക്കന്യമായ ആ

സമാധാന ലോകം ആവോളം നീ ആസ്വദിക്കുക,

പുണ്യ നദികൾ

പുണ്യസ്ഥലികൾ

പുണ്യതീർഥങ്ങൾ

എല്ലാം കണ്ട്

ആനന്ദിക്കുക.

ഇത്,

നിനക്കുമാത്രം എഴുതപ്പെട്ട

അധ്യായമാണ്.

നീ എഴുതിയ അതേ

‘‘ഗന്ധകഭാഷയിലെഴുതിയ

ദൈവലോകം.’’

Show More expand_more
News Summary - malayalam poem