ഞാൻ ചിത്രത്തുന്നൽ മറന്ന കഥ

വെയിൽ മങ്ങിത്തുടങ്ങുമ്പോൾ നിറമേറുന്ന നാടൊന്നിലാണെന്റെ വീട്. പകൽ മുഴുവൻ കിടന്നുറങ്ങി രാത്രിയാകുമ്പോൾ ഉണർന്നെഴുന്നേറ്റ് ഞാനെന്റെ ദിവസം തുടങ്ങും... രാത്രി... രാത്രിയും ഞാനും, പിന്നെ ഞങ്ങൾക്കു മാത്രം കാണാനും കേൾക്കാനും മിണ്ടാനും കഴിയുന്ന നൂറായിരം ജീവികളും ചേർന്ന്, ചിത്രത്തുന്നലിൽ ഏർപ്പെടും... എത്ര ശ്രമിച്ചാലും ഞാൻ ഉദ്ദേശിക്കുന്ന ചിത്രത്തിലേക്ക് എന്റെ തുന്നൽ എത്താറില്ല. രാത്രിയും കൂട്ടരും എന്റെ കൈതട്ടിയും നൂലുരുട്ടിയും ചിലപ്പോൾ...
Your Subscription Supports Independent Journalism
View Plansവെയിൽ മങ്ങിത്തുടങ്ങുമ്പോൾ
നിറമേറുന്ന നാടൊന്നിലാണെന്റെ വീട്.
പകൽ മുഴുവൻ കിടന്നുറങ്ങി
രാത്രിയാകുമ്പോൾ ഉണർന്നെഴുന്നേറ്റ്
ഞാനെന്റെ ദിവസം തുടങ്ങും...
രാത്രി...
രാത്രിയും ഞാനും,
പിന്നെ ഞങ്ങൾക്കു മാത്രം
കാണാനും കേൾക്കാനും മിണ്ടാനും കഴിയുന്ന
നൂറായിരം ജീവികളും ചേർന്ന്,
ചിത്രത്തുന്നലിൽ ഏർപ്പെടും...
എത്ര ശ്രമിച്ചാലും
ഞാൻ ഉദ്ദേശിക്കുന്ന ചിത്രത്തിലേക്ക്
എന്റെ തുന്നൽ എത്താറില്ല.
രാത്രിയും കൂട്ടരും
എന്റെ കൈതട്ടിയും നൂലുരുട്ടിയും
ചിലപ്പോൾ നൂലിന് കടുംകെട്ടിട്ടും
തുന്നൽപ്പണിയിൽ ഇടപെട്ടുകൊണ്ടേയിരിക്കും...
ഒരിക്കലെെന്റ തുന്നൽ
മഞ്ഞപ്പൂക്കളിൽ തുടങ്ങി,
പഴുത്ത മുന്തിരിക്കുലകളിൽ
എത്തിച്ചേർന്നു.
മറ്റൊരിക്കൽ,
പിങ്ക് റോസാപ്പൂവ്
പാതി വിരിഞ്ഞ അവസ്ഥയിൽ എത്തിയപ്പോഴേക്കും,
‘മതിമതി’ എന്ന് അലമുറയിട്ട്,
എനിക്കെതിരെ അവർ
സമരം ചെയ്യുക വരെ ഉണ്ടായി!
പിന്നീടൊരിക്കൽ
വീടിന് പുറത്ത് കാണുന്ന
ളാലം* പള്ളിയുടെ ഗോപുരക്കുരിശ്
തുന്നിക്കൊണ്ടിരിക്കെ,
അത്, നിറയെ കിളികളുള്ള
ഒരു മരമായി മാറിയപ്പോഴും
എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല.
വഴിതെറ്റലുകൾ എനിക്ക് ശീലമായിക്കഴിഞ്ഞിരുന്നല്ലോ.
അങ്ങനെയിരിക്കെ,
ഒരു ദിവസം ഞാൻ പകലുറക്കത്തിൽനിന്ന്
ഞെട്ടി എഴുന്നേറ്റു...
എത്ര ശ്രമിച്ചിട്ടും
തിരികെ ഉറക്കത്തിലേക്ക് പോകാനോ
ചിത്രത്തുന്നലോ മറ്റെന്തിലും ചെയ്യാനോ
എനിക്ക് കഴിഞ്ഞില്ല.
മെല്ലെ ഞാൻ
അവറ്റകളുടെ വഴിതെറ്റിക്കലുകളിൽ
പൂർത്തിയാക്കപ്പെട്ട ചിത്രപ്പണികൾ
ഒന്നിനു പിറകെ ഒന്നായി
ഒരു ഫ്രെയിമിലേക്ക് എടുത്തുവെച്ചു.
ഒടുക്കത്തെ ചിത്രപ്പണിയും വെച്ചു കഴിഞ്ഞപ്പോൾ
ഞാനതിൽ കണ്ടത്
പുതിയൊരു ഭൂമിയുമാകാശവുമാണ്.
ആ നട്ടുച്ചക്ക് രാത്രിയും കൂട്ടരും
എന്റെ വീട്ടിലേക്ക് നേരം മാറി കടന്നുവന്ന്
ഒരു പാട്ടുപാടി.
‘‘ഈ ഭൂമിയും ആകാശവും നിന്റെ മാത്രം,
നീ തന്നെ ഇവിടത്തെ ആദ്യ മനുഷ്യൻ,
നീ തന്നെ അവസാന മനുഷ്യനും.
ഉത്തരങ്ങളൊക്കെ നിന്നിലുണ്ട്,
ചോദ്യങ്ങൾ മാത്രം നീ ഇനി കണ്ടെത്തുക...’’
രാത്രിയും കൂട്ടരും
രാത്രിയാകുവോളം എനിക്ക് കൂട്ടിരുന്ന്
ആ പാട്ടുപാടിക്കൊണ്ടേയിരുന്നു.
പോകെ പോകെ ആ പാട്ട്
ഒരു താരാട്ടായി മാറി.
അന്ന് രാത്രി ആദ്യമായി
ഞാൻ എന്റെ വീട്ടിൽ സുഖമായി ഉറങ്ങി.
ആ രാത്രി
രണ്ട് കാര്യങ്ങൾ സംഭവിച്ചു.
എന്റെ പകലുറക്കം രാത്രിയുറക്കമായി.
ചിത്രത്തുന്നൽപ്പണി ഞാൻ മറന്നും പോയി.
*ളാലം- കോട്ടയം പാലായിലെ ഒരു പള്ളി
