Begin typing your search above and press return to search.
proflie-avatar
Login

ബാർണെ

ബാർണെ
cancel

പതിനാറ് കോത്തിരിക്കുള്ളിൽ നിരത്തിയ പായയിൽ പതിനാറ് കൊടിയിലയിൽ കോഴിക്കറി മീൻകറി അപ്പം റാക്ക് കള്ള് എന്നിവ വിളമ്പുമ്പൊഴും, അവന്റെ നോട്ടം മുഴുവൻ ‘ബൂത്ത’ കെട്ടാൻ പോയി ഇനിയും വരാത്ത അപ്പന്റെ വഴികളിലേക്കായിരുന്നു. ‘സയിത്തനക്ക്ളേഗ് ബളബുനെ’ അജ്ജെയുടെ കൂറ്റിൽ അജ്ജിയും അണ്ണയും അക്കെയും നിലവിളിച്ചപ്പോൾ അവന്റെ കണ്ണിലും പെരുമഴ പെയ്ത്ത് തുടങ്ങി. ‘കളഞ്ച’യുടെ കോലമണിയാൻ പോയി ആറു രാത്രി മറഞ്ഞു. ആടിമാസക്കൂരിരുട്ടിൽ ഇടമുറിയാതെയുള്ള മേഘക്കരച്ചലിൽ കളഞ്ചൻ വരുംവഴി രോഗങ്ങൾ ഓടി മറയുമത്രേ. വീടുവീടാന്തരം കയറി രക്ഷകനായ കളഞ്ചയെവിടെ? അച്ഛനെവിടെ? മനുഷ്യൻ കട്ടെടുത്ത വഴികളെല്ലാം തിരിച്ചെടുക്കുന്ന...

Your Subscription Supports Independent Journalism

View Plans

പതിനാറ് കോത്തിരിക്കുള്ളിൽ

നിരത്തിയ പായയിൽ

പതിനാറ് കൊടിയിലയിൽ

കോഴിക്കറി

മീൻകറി

അപ്പം

റാക്ക്

കള്ള് എന്നിവ വിളമ്പുമ്പൊഴും,

അവന്റെ നോട്ടം മുഴുവൻ

‘ബൂത്ത’ കെട്ടാൻ പോയി

ഇനിയും വരാത്ത

അപ്പന്റെ വഴികളിലേക്കായിരുന്നു.

‘സയിത്തനക്ക്ളേഗ് ബളബുനെ’

അജ്ജെയുടെ കൂറ്റിൽ

അജ്ജിയും അണ്ണയും അക്കെയും

നിലവിളിച്ചപ്പോൾ

അവന്റെ കണ്ണിലും

പെരുമഴ പെയ്ത്ത് തുടങ്ങി.

‘കളഞ്ച’യുടെ കോലമണിയാൻ പോയി

ആറു രാത്രി മറഞ്ഞു.

ആടിമാസക്കൂരിരുട്ടിൽ

ഇടമുറിയാതെയുള്ള മേഘക്കരച്ചലിൽ

കളഞ്ചൻ വരുംവഴി

രോഗങ്ങൾ ഓടി മറയുമത്രേ.

വീടുവീടാന്തരം കയറി രക്ഷകനായ

കളഞ്ചയെവിടെ?

അച്ഛനെവിടെ?

മനുഷ്യൻ കട്ടെടുത്ത വഴികളെല്ലാം

തിരിച്ചെടുക്കുന്ന തിരക്കിലാണ് കർക്കടകം.

മതിലുകൾക്കിടയിലൂടെ മലവെള്ളം

അസ്തിത്വവും തേടി യാത്രയിലാണ്.

സർവതും തകർത്ത്

മനുഷ്യർക്കു നേരെ തിരിയവെ

മാനംപോയ കുന്നുകൾ

പൊട്ടിച്ചിരിച്ച് കൂട്ടുകൂടുന്നു.

മുമ്പൊരിക്കൽ അച്ഛനൊപ്പം

‘അണങ്ങിനെ’ നീക്കാൻ പോയന്ന്

ഇതുപോലൊരു അലറിപെയ്ത്തായിരുന്നു.

ചുകപ്പ് തുണിയുടുത്ത്

‘ജനോറ’യണിഞ്ഞ്

കളത്തിലിരുന്നച്ഛൻ.

അരിപ്പൊടി

കരിപ്പൊടി

മഞ്ഞപ്പൊടി

കുങ്കുമപ്പൊടിയാൽ നിറഞ്ഞ കളം

അവനുള്ളിൽ ഭീതിയുണർത്തി.

കൊടിയിലയിൽ അവിലും മലരും

നാഴിയരി

വാഴക്ക

കർപ്പൂരലേപനം

ഭദ്രകാളി തകിട്

ഒപ്പം അണങ്ങിന്റെ പേരും.

വെള്ളിത്തകിടിലേക്ക്

അണങ്ങിനെ ആവാഹിക്കുമ്പോൾ

അച്ഛന്റെ മുഖം ചുവന്ന്

ചെക്കിപ്പൂവായി മാറി.

‘‘ചെക്കനും പഠിക്കട്ടെയെല്ലാം

ഞാനില്ലാതാകുമ്പോൾ

കൊണ്ടു നടക്കട്ടെയെല്ലാം’’

അണങ്ങിനെ ബന്ധിച്ച തകിട്

പാലുള്ള മരത്തിൽ കെട്ടുമ്പോൾ

കൂടി നിന്നവരുടെ പ്രതീക്ഷ

അവന്റെ കണ്ണുകളിലേക്കായിരുന്നു!

ഒഴിവുനേരത്ത്

പുഴയിലും

കായലിലും ഊളിയിട്ട്

മീനിനെ കൈകൊണ്ട് കൊത്തിയെടുക്കുന്ന അച്ഛനാണ്

നാടിനെ നീന്താൻ പഠിപ്പിച്ചത്.

ഇരമ്പിയാർത്തെത്തിയ വെള്ളം

മനുഷ്യരെയും കൊണ്ടുപോകുമ്പോൾ

ദേശസഞ്ചാരിയായ

തെയ്യം ആറ്റിലേക്ക് ചാടി;

കണ്ണിലുടക്കിയവരെയെല്ലാം

കരയിലെത്തിച്ചു.

ആഴക്കയത്തിൽ നിന്നൊരാൾ

എന്റെ ദൈവേന്ന് അലറിക്കരഞ്ഞപ്പോൾ

തലപ്പാളിയും, ഉടയാടയും ഊരിനൽകി

കരയോടടുപ്പിച്ചു.

രക്ഷകനെ മഴ

പുഴയ്ക്ക് ‘ബാർണെ’ നൽകി..!

സാന്ത്വനവാക്കുകൾ

സഹായഹസ്തങ്ങൾ

അന്നം

ഉടുതുണി.

നനയാതിരിക്കാൻ വീടിന് കുട

സർവതും കുമിഞ്ഞെത്തുമ്പോഴും

അവന്റെ നോട്ടം മുഴുവൻ

‘ബൂത്ത’ കെട്ടാൻ പോയി

ഇനിയും വരാത്ത

അച്ഛന്റെ വഴികളിലേക്കായിരുന്നു.

l

ബാർണെ –ഇരയായി കൊടുക്കുന്ന ഭക്ഷണം

കൂറ്റ് –ഒച്ച

ബൂത്ത –തെയ്യം

സയിത്തനക്ക്ളേഗ് ബളബുനെ –പ്രേതങ്ങൾക്ക് വിളമ്പൽ

അജ്ജെ –മുത്തശ്ശൻ

അജ്ജി –മുത്തശ്ശി

അണ്ണ –ചേട്ടൻ

അക്കെ –ചേച്ചി

അണങ്ങിനെ നീക്കൽ –മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്ന പ്രേതത്തെ നീക്കൽ

ജനോറ –പൂണൂൽ

കളഞ്ചൻ –കർക്കടക മാസത്തിലെ ദുരിതങ്ങൾ കളയുന്ന ദൈവവേഷം

News Summary - malayalam poem