Begin typing your search above and press return to search.
proflie-avatar
Login

പൊട്ടക്കിണർ

പൊട്ടക്കിണർ
cancel

വീട് വയ്ക്കാനായി

ലോണെടുത്ത്

വാങ്ങിയ പറമ്പിൽ

ഒരു പൊട്ടക്കിണറുണ്ടായിരുന്നു.

കിണർ നികത്താൻ

മറ്റൊരു

ലോണെടുക്കണ്ടേയെന്ന്

ഭാര്യ പരിഹസിച്ചു.

മനുഷ്യരെപ്പോലെ

കിണറിലും

പൊട്ടന്മാരുണ്ടോയെന്ന്

ഹൈസ്കൂളിലെത്തിയ

അനുജത്തിയുടെ

മകൾ ചോദിച്ചു.

മനുഷ്യരിൽ

പൊട്ടൻമാരുണ്ടെന്ന്

ആരാ നിന്നെ പഠിപ്പിച്ചതെന്ന്

തിരിച്ചു ചോദിച്ചു.

അവൾ

അമ്പരന്ന് നോക്കുക

മാത്രം ചെയ്തു.

പ്രസവിക്കാത്ത

പെണ്ണും

ഉറവ കിനിയാത്ത

കിണറും

മറ്റുള്ളവർക്ക്

പൊട്ടകളാണെന്ന്

രാത്രി

ഭാര്യയോട് പറഞ്ഞു.

അത് നികത്തണ്ട

അവളുടെ

കണ്ണുകൾ

നിറഞ്ഞു.

വീടുവയ്ക്കുമ്പോൾ

പലരും ചോദിച്ചു

ആ പൊട്ടക്കിണറെന്തിന്?

അകം വൃത്തിയാക്കി

അരമതിൽ കെട്ടി

സൂക്ഷിച്ചിട്ടെന്ത് കാര്യം.

ഒറ്റയ്ക്കാകുന്ന

ദിവസങ്ങളിൽ

അവളതിൻ ചോട്ടിൽപ്പോയി

നിൽക്കും.

അവളുടെ ഉള്ളിൽനിന്നോ

കിണറിന്റെ

ഉള്ളിൽനിന്നോയെന്ന്

വേർതിരിക്കാനാവാത്ത

ഒരു കരച്ചിൽ

ഉയർന്നുവരും.

ഭൂമി ഒരു പൊട്ടക്കിണറാകും.

Show More expand_more
News Summary - malayalam poem